ശ്രീലങ്ക എ ടീമിനെതിരേ ഇന്ത്യ എ ബാറ്റർ ഋതുരാജ് ഗെയ്ക്ക്വാദിന്‍റെ ഷോട്ട്.

 
Sports

സൂര്യവംശിയുടെ ഇന്ത്യ എ അരങ്ങേറ്റം പാളി; ഗെയ്ക്ക്വാദിന് സെഞ്ചുറി, ടീമിന് അവിശ്വസനീയ ജയം

ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ ശ്രീലങ്ക എ ടീമിനെതിരായ മത്സരത്തിലാണ് ഇന്ത്യ എ ടീമിനു വേണ്ടി വൈഭവ് സൂര്യവംശി അരങ്ങേറ്റം കുറിച്ചത്. ഋതുരാജ് ഗെയ്ക്ക്വാദും തിലക് വർമയും തിളങ്ങി.

VK SANJU

ധാംബുള്ള: കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ ഇന്ത്യ എ ടീം അരങ്ങേറ്റം നിരാശാജനകം. ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ, ശ്രീലങ്ക എ ടീമിനെതിരായ മത്സരത്തിലാണ് സൂര്യവംശി ഓപ്പണറായിറങ്ങിയത്. എന്നാൽ, 12 പന്തിൽ 14 റൺസെടുത്ത് പുറത്താവുകയായിരുന്നു. കളിയിൽ ഇന്ത്യ എ ടീം പരാജയത്തിന്‍റെ വക്കിൽ നിന്ന് വിജയം പിടിച്ചെടുക്കുകയും ചെയ്തു. ഏഴ് പന്ത് ശേഷിക്കെ എട്ട് റൺസ് ജയമാണ് ഇന്ത്യ എ സ്വന്തമാക്കിയത്.

സ്കോർ: ഇന്ത്യ എ - 50 ഓവറിൽ 277/5, ശ്രീലങ്ക എ - 48.5 ഓവറിൽ 269 ഓൾഔട്ട്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ എ ടീം ക്യാപ്റ്റൻ തിലക് വർമ ബാറ്റിങ് തെരഞ്ഞെടുത്തു. ശ്രീലങ്ക പേസർ മുഹമ്മദ് ഷിറാസിന്‍റെ പന്ത് മിഡ് വിക്കറ്റിലൂടെ സിക്സർ അടിക്കാനുള്ള ശ്രമത്തിലാണ് സൂര്യവംശി പുറത്തായത്. ശ്രീലങ്ക എ ടീം ക്യാപ്റ്റൻ സഹൻ അരാച്ചിഗെയുടെ ക്യാച്ച്.

സഹ ഓപ്പണർ പ്രഭ്സിമ്രൻ സി് 11 പന്ത് നേരിട്ട് 2 റൺസിനു പുറത്തായതോടെ തകർച്ച നേരിട്ട ടീമിനെ കരകയറ്റിയത് ഫോം വീണ്ടെടുത്ത ഋതുരാജ് ഗെയ്ക്ക്വാദിന്‍റെ സെഞ്ചുറിയാണ്. മൂന്നാം നമ്പറിൽ കളിച്ച പ്രിയാംശ് ആര്യയുമൊത്ത് (32 പന്തിൽ 32 റൺസ്) 53 റൺസിന്‍റെ കൂട്ടുകെട്ടുയർത്തിയ ഗെയ്ക്ക്വാദ്, ക്യാപ്റ്റൻ തിലക് വർമയോടൊപ്പം 150 റൺസിന്‍റെ പാർട്ണർഷിപ്പും പടുത്തുയർത്തി.

114 പന്തിൽ ആറ് ഫോറും മൂന്ന് സിക്സും സഹിതം 101 റൺസെടുത്താണ് ഗെയ്ക്ക്വാദ് പുറത്തായത്. തിലക് വർമ 97 പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം 60 റൺസും നേടി. ആയുഷ് ബദോനി 24 റൺസും സൂര്യാംശ് ഷെഡ്ഗെ 26 റൺസും നേടി. ശ്രീലങ്ക എ ടീമിനു വേണ്ടി ഷിറാസ് രണ്ട് വിക്കറ്റ് നേടിയപ്പോൾ, ചമിക കരുണരത്നെ, ഗാരുക സങ്കേത്, വനുജ സഹൻ എന്നിവർക്ക് ഓരോ വിക്കറ്റ്.

മറുപടി ബാറ്റിങ്ങിൽ അന്താരാഷ്ട്ര താരങ്ങളായ അവിഷ്ക ഫെർണാണ്ടോയും (45) നിരോഷൻ ഡിക്ക്‌വെല്ലയും (47) ചേർന്ന് മികച്ച തുടക്കമാണ് ശ്രീലങ്കയ്ക്കു നൽകിയത്. ഇരുവരെയും പുറത്താക്കിയ ആയുഷ് ബദോനി ഇന്ത്യക്ക് ബ്രേക്ക് നൽകി. നുവാനിന്ദു ഫെർണാണ്ടോയും (8) പെട്ടെന്ന് മടങ്ങിയെങ്കിലും ഇന്ത്യക്ക് ആ സമയത്ത് കളിയുടെ നിയന്ത്രണം കൈയിലാക്കാൻ സാധിച്ചില്ല.

ഇന്ത്യ എ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാൻ എ ടീം ക്യാപ്റ്റൻമാരായ തിലക് വർമ, സഹൻ അരാച്ചിഗെ, ഇമ്രാൻ മിർ എന്നിവർ ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ട്രോഫിയുമായി.

തുടർന്നെത്തിയ സദീര സമരവിക്രമെയും (46) ക്യാപ്റ്റൻ അരാച്ചിഗെയും (74) ചേർന്ന് ടീമിനെ ശക്തമായ നിലയിലെത്തിച്ചു. സമരവിക്രമയ്ക്കു പിന്നാലെ രവീന്ദു ഫെർണാണ്ടോയുടെയും (1) കരുണരത്നെയുടെയും (9) അരാച്ചിഗെയുടെയും വിക്കറ്റുകൾ വീണു.

മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന വനുജ സഹൻ (23) റണ്ണൗട്ടായത് മത്സരത്തിൽ വഴിത്തിരിവായി. വിജയകാന്ത് വിയസ്കാന്തിനെയും മുഹമ്മദ് ഷിറാസിനെയും അർഷദ് ഖാൻ മടക്കിയതോടെ ഇന്ത്യ എ അപ്രതീക്ഷിത വിജയത്തിലെത്തുകയും ചെയ്തു.

47.1 ഓവറിൽ 269/7 എന്ന നിലയിലായിരുന്നു ശ്രീലങ്ക. എന്നാൽ, അവിടെ നിന്ന് ഒരു റൺ പോലും കൂട്ടിച്ചേർക്കാനാവാതെ അടുത്ത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേർക്ക് ഗുരുതര പരുക്ക്

തമിഴ്നാട്ടിലും ക്ഷേത്രകൊള്ള; പൂജാരി അടക്കം നാല് ജീവനക്കാർ അറസ്റ്റിൽ

പുതിയ വിദ്യാഭ്യാസമന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു

പാക്കിസ്ഥാനുമായി ചർച്ച നടത്തുക പിഒകെയുടെ കാര്യത്തിൽ മാത്രം: രാജ്നാഥ് സിങ്

സമരപോരാട്ടത്തിൽ നിർണായക പങ്കുവഹിച്ചവർ! എസ്എഫ്ഐക്കും എഐഎസ്എഫിനും നന്ദി പറഞ്ഞ് സിജെപി