ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ടാം എഡിഷന് നാളെ ഇംഗ്ലണ്ടിലെ കെന്നിങ്ടണ്‍ ഓവലില്‍ തുടക്കം. 10 ടെസ്റ്റ് ടീമുകളുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ടെസ്റ്റ് പരമ്പരകളിലെ പ്രകടനം കണക്കിലെടുത്ത് പോയിന്റ് നിലയില്‍ മുന്നിലെത്തിയ രണ്ടു ടീമുകളായ ഓസ്ട്രേലിയയും ഇന്ത്യയും മുഖാമുഖം വരുന്നു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം തുടങ്ങുന്നത്. സ്റ്റാര്‍ സ്പോര്‍ട്സില്‍ മത്സരം തത്സമയം കാണാം. ഡിസിന് ഹോട്സ്റ്റാറിനും മത്സരമുണ്ട്.
2021-23 സീസണില്‍ 66.67 പോയിന്റ് നേടിക്കൊണ്ടാണ് ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തെത്തി ഫൈനലിലെത്തിയത്. 19 ടെസ്റ്റുകളാണ് ഇക്കാലയളവില്‍ ഓസീസ് കളിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യക്ക് 58.80 പോയിന്റുണ്ടായിരുന്നു.സ്വന്തം നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ കങ്കാരുക്കളെ 2-1നു പരാജയപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യ ഫൈനലിലെത്തിയിരുന്നു. എന്നാല്‍, കിവികളോട് എട്ടുവിക്കറ്റിന്റെ പരാജയമായിരുന്നു ഫലം.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് അരങ്ങുണരുമ്പോള്‍ ഏവരും ചോദിക്കുന്ന ചോദ്യമാണ്. ആരൊക്കെയുണ്ടാകും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍. അന്തിമ നിമിഷം വരെ ഈ സസ്പെന്‍സ് തുടരും എന്നു തന്നെയാണ് വിവരം. ബാറ്റര്‍മാരുടെ കാര്യത്തില്‍ വലിയ സന്ദേഹങ്ങളില്ലെങ്കിലും ബൗളര്‍മാര്‍ ആരൊക്കെ എന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.
എങ്കിലും ഓവലിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയുടെ പ്ലെയിങ് ഇലവന് ഇങ്ങനെയായിരിക്കും.
ബാറ്റര്‍മാരായി രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ. വിക്കറ്റ് കീപ്പറായി കെഎസ്. ഭരത്, ബൗളിങ് ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജ. ബൗളര്‍മാരായി ശാര്‍ദുല്‍ ഠാക്കുര്‍, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്,. ഉമേഷ് യാദവ്.
നാലു ഫാസ്റ്റ് ബൗളര്‍മാരെ കളിപ്പിക്കുമ്പോള്‍ സ്ഥാനം നഷ്ടമാകുക, ലോക ഒന്നാം നമ്പര്‍ ബൗളറായ രവിചന്ദ്രന്‍ അശ്വിന്റേതാണ്. അക്സര്‍ പട്ടേലിനും ഇഷാന് കിഷനും സൂര്യകുമാര്‍ യാദവിനും അവസരം ലഭിക്കില്ല.
കഥ പറയുന്ന കണക്കുകൾ
ഇരുടീമും തമ്മില്‍ 106 ടെസ്റ്റുകളില്‍ ഇതുവരെ ഏറ്റുമുട്ടി. ഇതില്‍ ഓസീസ് 44 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഇന്ത്യന്‍ ജയം 32ല്‍ മാത്രം. 30 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഇരുവരും അവസാനം ഏറ്റുമുട്ടിയപ്പോള്‍ പരമ്പര ജയം ഇന്ത്യക്കൊപ്പം. അവസാനം ഏറ്റുമുട്ടിയ മത്സരം സമനിലയില്‍ കലാശിച്ചു.
ഓവലില്‍ ഇന്ത്യന്‍ താരങ്ങൾ
രോഹിത് ശര്‍മ : 69.00
ശാര്‍ദുല്‍ ഠാക്കുര്‍ : 58.50
രവീന്ദ്ര ജഡേജ : 42.0
വിരാട് കോലി : 28.16
ചേതേശ്വർ പൂജാര : 19.50
ഓവലിൽ ഇന്ത്യ
ഈ വേദിയില്‍ ഇന്ത്യ 14 ടെസ്റ്റുകളാണ് ഇതുവരെ കളിച്ചിട്ടുള്ളത്. ഇതില്‍ രണ്ടില്‍ മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്. അഞ്ചു മത്സരങ്ങളില്‍ ഇംഗ്ലണ്ടും ജയിച്ചു. ഏഴു മത്സരങ്ങള്‍ സമനിലയിലായി.
ഓസ്ട്രേലിയ ഇവിടെ കളിച്ച 38 മത്സരങ്ങളില്‍ 17ഉം തോറ്റു. ഏഴില്‍ ജയിച്ചപ്പോള്‍ 14 മത്സരങ്ങള്‍ സമനില. ഈ വേദിയില്‍ ഇന്ത്യ 40 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യം വിജയിക്കുന്നത് 2021ലാണ്. അന്ന് 157 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഓസീസ് ഇവിടെ അവസാനം ജയിക്കുന്നത് 2015ലും.
ഇവിടെ ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡിന്റെ ശരാശരി 110.75ഉം സ്റ്റീവ് സ്മിത്തിന്റെ 97.75ഉം ആണ്. ദ്രാവിഡ് ഒരു ഡബിള്‍ സെഞ്ചുറിയും ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും ഇവിടെ നേടി.
രോഹിത് ശര്‍മയുടെ ആദ്യ വിദേശ ടെസ്റ്റ് സെഞ്ചുറി പിറന്ന സ്ഥലമാണിത്. 2021ല്‍ നേിയ 127 റണ്‍സായിരുന്നു അത്.
ഇന്ത്യയുടെ കുറഞ്ഞ സ്കോര്‍ 84 ആണ്. 2014ല്‍ നടന്ന മത്സരത്തില്‍ 244 റണ്‍സിന്റെ ദയനീയ തോല്‍വി അന്ന് ഇന്ത്യ ഏറ്റുവാങ്ങി.
കംഗാരു കില്ലർ കോലി
നിലവില്‍ കളിക്കുന്ന ഇന്ത്യന്‍ ബാറ്റര്‍മാരില്‍ മികച്ച റെക്കോഡുള്ള താരം വിരാട് കോലിയാണ്. 2012ല്‍ ഓസീസിനെതിരേയാണ് കോലിയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറി.
24 മത്സരങ്ങളില്‍നിന്നായി കോലി 1979 റണ്‍സ് നേടിയിട്ടുണ്ട്. കോലി നേടിയ 28 സെഞ്ചുറികളില്‍ എട്ടു സെഞ്ചുറികള്‍ ഓസീസിനെതിരേയാണ്. ശരാശരി 48.26 ആണ്. അഞ്ച് അര്‍ധസെഞ്ചുറിയുമുണ്ട്. ഉയര്‍ന്ന സ്കോര്‍ 186 ആണ്.
ടീം ഇവരില്‍നിന്ന്
ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, രവിചന്ദ്ര അശ്വിന്, രവീന്ദ്ര ജഡേജ, അസ്കര്‍ പട്ടേല്‍, ശ്രീകര്‍ ഭരത്, ഇഷാന് കിഷന്, ഷാര്‍ദുല്‍ ഠാക്കുര്‍, ഷാമി, സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കഡ്.
ഓസ്ട്രേലിയ: പാറ്റ് കമിന്‍സ്, മാര്‍കസ് ഹാരിസ്, ട്രാവിസ് ഹെഡ്, ഉസ്മാന് ഖവാജ, സ്റ്റീവ് സ്മിത്ത്്, ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷെയ്ന്, കാമറൂണ്‍ ഗ്രീന്‍, അലക്സ് കാരി, ജോഷ് ഇന്‍ഗ്ലിസ്, സ്കോട്ട് ബോളണ്ട്, നഥാന്‍ ലയണ്‍ ടോഡ് മര്‍ഫി, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ നെസര്‍.