ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗയും.
ദുബായ്: ഏഷ്യ കപ്പ് മത്സരത്തിലെ ഇന്ത്യ - പാക്കിസ്ഥാൻ മത്സരത്തിനിടെയുണ്ടായ ഹസ്തദാന വിവാദം പുതിയ തലത്തിലേക്ക്. ടോസ് ചെയ്യുന്ന സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് ക്യാപ്റ്റൻ സൽമാൻ ആഗയ്ക്കും, മത്സരശേഷം ഇന്ത്യൻ താരങ്ങൾ മറ്റു പാക് താരങ്ങൾക്കും കൈ കൊടുക്കാൻ വിസമ്മതിച്ചതിനു പ്രതികാരമെന്നോണം പാക് താരങ്ങൾ യുഎഇക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്നാണ് ഭീഷണി.
ടോസിന്‍റെ സമയത്ത് ഹസ്തദാനം ഒഴിവാക്കാൻ നിർദേശിച്ച മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ തൽസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) ഇതിനു വിസമ്മതിച്ചു.
പാക്കിസ്ഥാൻ ഉൾപ്പെടുന്ന മത്സരങ്ങളിൽ മാത്രം പൈക്രോഫ്റ്റിനു പകരം റിച്ചി റിച്ചാർഡ്സൺ മാച്ച് റഫറിയാകുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും, യുഎഇക്കെതിരായ മത്സരം തുടങ്ങും മുൻപ്, പൈക്രോഫ്റ്റ് തന്നെയാകും മാച്ച് റഫറി എന്നു സ്ഥിരീകരണം വന്നു.
നേരത്തെ, താരങ്ങൾ ഗ്രൗണ്ടിലേക്കു പോകാനും മറ്റു കാര്യങ്ങൾ പിന്നാലെ അറിയിക്കാമെന്നുമാണ് പാക് ക്രിക്കറ്റ് ബോർഡ് നിർദേശിച്ചിരുന്നത്. എന്നാൽ, മാച്ച് റഫറിയെ മാറ്റില്ലെന്ന് ഉറപ്പായതോടെ, താമസിക്കുന്ന ഹോട്ടലിൽ നിന്നു ഗ്രൗണ്ടിലേക്കു പോകേണ്ടെന്ന നിർദേശം കൊടുത്തു. ഇതെത്തുടർന്ന് താരങ്ങളാരും ബസിൽ കയറിയില്ല.
മാച്ച് റഫറിയെ മാറ്റാതെ കളിക്കാനിറങ്ങില്ലെന്ന നിലപാട് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം, മത്സരമോ ടൂർണമെന്‍റോ ബഹിഷ്കരിച്ചാൽ പാക് ക്രിക്കറ്റ് ബോർഡ് നഷ്ടപരിഹാരം നൽകാൻ നിർബന്ധിതമാകും എന്നാണ് സൂചന.