ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ടീം അംഗങ്ങൾ. 
Sports

അണ്ടർ 19 ലോകകപ്പ്: ഇന്ത്യ - പാക്കിസ്ഥാൻ ഫൈനലിനു സാധ്യത

ആദ്യ സെമി ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെയും, രണ്ടാം സെമിയിൽ പാക്കിസ്ഥാൻ ഓസ്ട്രേലിയയെയും നേരിടും.

ബെനോനി: അണ്ടർ 19 ലോകകപ്പിൽ ഫൈനലിനു മുൻപുള്ള ഫൈനൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന മത്സരം. ഹോട്ട് ഫേവറിറ്റുകളായ ഇന്ത്യ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ നേരിടുന്നത് ചൊവ്വാഴ്ച. നിലവിലുള്ള ചാംപ്യൻമാരായ ഇന്ത്യ തുടർച്ചയായ അഞ്ച് ആധികാരിക വിജയങ്ങളുമായാണ് സെമിയിലേക്ക് മാർച്ച് ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ ഇതുവരെയുള്ള മുന്നേറ്റങ്ങളിൽ ഒന്നോ രണ്ടോ താരങ്ങളെയായി എടുത്തുകാട്ടാൻ സാധിക്കില്ല എന്നതു തന്നെയാണ് ഈ ടീമിന്‍റെ ഏറ്റവും വലിയ കരുത്ത്. ഓപ്പണർ അർഷിൻ കുൽക്കർണി, വൺഡൗൺ ബാറ്റർ മുഷീർ ഖാൻ, ക്യാപ്റ്റൻ ഉദയ് സഹാരൻ, ഫിനിഷർ സച്ചിൻ ദാസ് എന്നിവരെല്ലാം സെഞ്ചുറികൾ നേടി. സെഞ്ചുറി നേടിയില്ലെങ്കിലും ആകാശ് സിങ് ഓപ്പണറായും വിക്കറ്റ് കീപ്പർ അവനീഷ് അരാവലി ഫിനിഷറായും മികച്ച പ്രകടനങ്ങൾ നടത്തി. ബൗളർമാരിൽ പേസർ നമൻ തിവാരിയും ഇടങ്കയ്യൻ സ്പിന്നർ സൗമി പാണ്ഡെയുമാണ് ഇന്ത്യയുടെ തുറുപ്പ് ചീട്ടുകൾ.

തിവാരിയുടെ ന്യൂബോൾ പങ്കാളി രാജ് ലിംബാനി അടക്കമുള്ളവർ മികച്ച പിന്തുണ നൽകുന്നു. ഓൾറൗണ്ട് മികവ് പ്രകടിപ്പിക്കാൻ മുഷീറിനും കുൽക്കർണിക്കും സഹാരനും സാധിച്ചിട്ടുമുണ്ട്. ടീമിന്‍റെ വൈസ് ക്യാപ്റ്റൻ കൂടിയായ പാണ്ഡെ 16 വിക്കറ്റുമായി വിക്കറ്റ് വേട്ടയിൽ മൂന്നാം സ്ഥാനത്തുണ്ട്. റൺ സ്കോററർമാരിൽ മുഷീർ ഖാനും സഹാരനും ആദ്യ രണ്ടു സ്ഥാനങ്ങളിലുമുണ്ട്.

പ്രിയാംശു മോലിയ മാത്രമാണ് ഇതുവരെ നിരാശപ്പെടുത്തിയ ഏക ബാറ്റർ. ഈ സാഹചര്യത്തിൽ രുദ്ര മയൂർ പട്ടേലിനെ പകരം കളിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്ന രുദ്ര നിരന്തരം ഫോം ഔട്ടായതിനെത്തുടർന്നാണ് ഫസ്റ്റ് ഇലവനിൽ നിന്നു പുറത്തായത്.

രണ്ടാം സെമി ഫൈനലിൽ പാക്കിസ്ഥാൻ ഓസ്ട്രേലിയയെ നേരിടും. ഇതോടെ ഇന്ത്യ - പാക്കിസ്ഥാൻ ഫൈനലിനുള്ള സാധ്യതയും തെളിഞ്ഞു വരുന്നു.

ലോകകപ്പിനു മുൻപ് നടത്തിയ ത്രിരാഷ്‌ട്ര ടൂർണമെന്‍റിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ രണ്ടു വട്ടം പരാജയപ്പെടുത്തിയിരുന്നു. എന്നാൽ, സൂപ്പർ സിക്സിൽ ഒരു മത്സരം മാത്രം പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക ഇപ്പോൾ മികച്ച ഫോമിലാണ്. 18 വിക്കറ്റുമായി അവരുടെ ഓപ്പണിങ് ബൗളർ ക്വെന മഫാക വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുണ്ട്. അഞ്ച് മത്സരങ്ങളിൽ മൂന്നു തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മഫാകയെ ഇന്ത്യൻ ഓപ്പണർമാരായ ആദർശി സിങ്ങും അർഷിൻ കുൽക്കർണിയും എത്ര ഫലപ്രദമായി നേരിടുന്നു എന്നത് മത്സര ഫലത്തിൽ നിർണായകമാകാം.

തകർന്നു വീണ കെട്ടിടം ഉപയോഗിക്കുന്നതല്ലെന്ന് പ്രഖ്യാപിച്ച് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയത് ആരോഗ്യമന്ത്രി: വി.ഡി. സതീശൻ

കേരളത്തിൽ നിപ രോഗ ബാധയെന്ന് സംശയം

ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കണ്ടെയ്നർ ലോറി മരങ്ങൾക്കിടയിൽ കുടുങ്ങി

വൻ ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ ട്രേഡിങ്ങിലൂടെ തട്ടിയത് ഒന്നരക്കോടി; പ്രതി പിടിയിൽ

ഗില്ലിന് ഇരട്ട സെഞ്ചുറി; ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം