Suryakumar Yadav 
Sports

ട്വന്‍റി20 പരമ്പരയ്ക്കും സഞ്ജു ഇല്ല; സൂര്യകുമാർ ക്യാപ്റ്റൻ

പരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കം; രണ്ടാം മത്സരം തിരുവനന്തപുരത്ത് നവംബർ 26ന്

മുംബൈ: ഓസ്ട്രേലിയയ്ക്കെതിരേ അഞ്ച് മത്സരങ്ങൾ അടങ്ങിയ ട്വന്‍റി20 പരമ്പര കളിക്കാനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. പരുക്കിൽ നിന്നു മുക്തനാകാത്ത ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ സൂര്യകുമാർ യാദവിനെയാണ് ക്യാപ്റ്റനായി നിശ്ചയിച്ചിരിക്കുന്നത്. ആദ്യ മൂന്നു മത്സരങ്ങളിൽ ഓപ്പണർ ഋതുരാജ് ഗെയ്ക്ക്‌വാദ് ആയിരിക്കും വൈസ് ക്യാപ്റ്റൻ. നാലാം മത്സരം മുതൽ ടീമിനൊപ്പം ചേരുന്ന ശ്രേയസ് അയ്യർ അവസാന രണ്ടു മത്സരങ്ങളിൽ വൈസ് ക്യാപ്റ്റനാകും.

മലയാളി താരം സഞ്ജു സാംസണ് ഈ ടീമിലും അവസരം നൽകിയിട്ടില്ല. സയീദ് മുഷ്താഖ് അലി ട്രോഫിയിലെ മോശം പ്രകടനമാണ് സഞ്ജുവിന്‍റെ വഴിയടച്ചതെന്നാണ് വിലയിരുത്തൽ. ഇഷാൻ കിഷനും ജിതേഷ് ശർമയുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. ലോകകപ്പ് കളിച്ച ടീമിലുണ്ടായിരുന്നവരിൽ സൂര്യയെയും ഇഷാനെയും കൂടാതെ പ്രസിദ്ധ് കൃഷ്ണയെ മാത്രമാണ് ട്വന്‍റി20 ടീമിൽ നിലനിർത്തിയിട്ടുള്ളത്. ലോകകപ്പ് ടീമിൽ നിന്ന് പരുക്കു കാരണം പുറത്തായ അക്ഷർ പട്ടേലിനെയും തിരികെ വിളിച്ചു.

ടീമിലെത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടവരിൽ സഞ്ജുവിനെ കൂടാതെ, ഷഹബാസ് അഹമ്മദ്, അസം ക്യാപ്റ്റൻ റിയാൻ പരാഗ്, മുഷ്താഖ് അലി ട്രോഫിയിൽ പ്ലെയർ ഓഫ് ദ ടൂർണമെന്‍റ് ആയിരുന്ന അഭിഷേക് ശർമ എന്നിവർക്കും അവസരം കിട്ടിയില്ല.

അക്ഷറിനെ കൂടാതെ സ്പിൻ ഓൾറൗണ്ടറായി വാഷിങ്ടൺ സുന്ദറിനെയും പേസ് ബൗളിങ് ഓൾറൗണ്ടറായി ശിവം ദുബെയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. രവി ബിഷ്ണോയിയാണ് ടീമിലെ ഏക ലെഗ് സ്പിന്നർ.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിനെ സ്വർണത്തിലേക്കു നയിച്ച വി.വി.എസ്. ലക്ഷ്മൺ ആയിരിക്കും ഈ ടീമിന്‍റെയും മുഖ്യ പരിശീലകൻ. വ്യാഴാഴ്ച വിശാഖപട്ടണത്താണ് ആദ്യ മത്സരം. തിരുവനന്തപുരം (നവംബർ 26), ഗോഹട്ടി (നവംബർ 28), റായ്‌പുർ (ഡിസംബർ 1), ബംഗളൂരു (ഡിസംബർ 3) എന്നിവിടങ്ങളിലാണ് അടുത്ത മത്സരങ്ങൾ.

ടീം ഇങ്ങനെ:

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്ക്‌വാദ് (വൈസ് ക്യാപ്റ്റന്‍), ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, ശിവം ദുബെ, രവി ബിഷ്ണോയ്, അർഷ്‌ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ, മുകേഷ് കുമാർ.

മത്സരക്രമം:

  1. നവംബർ 23: വിശാഖപട്ടണം

  2. നവംബർ 26: തിരുവനന്തപുരം

  3. നവംബർ 28: ഗോഹട്ടി

  4. ഡിസംബർ 1: റായ്‌പുർ

  5. ഡിസംബർ 3: ബംഗളൂരു

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ