അക്ഷർ പട്ടേലും ശുഭ്മൻ ഗില്ലും മത്സരത്തിനിടെ. 
Sports

ഒന്നാം ഏകദിനം: ഇന്ത്യക്ക് നാല് വിക്കറ്റ് ജയം

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.4 ഓവറിൽ 248 റൺസിന് ഓൾഔട്ടായി. ഇന്ത്യ 38.4 ഓവറിൽ 251/6

VK SANJU

നാഗ്പുർ: ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.4 ഓവറിൽ 248 റൺസിന് ഓൾഔട്ടായപ്പോൾ, ഇന്ത്യ വെറും 38.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം നേടി.

ശുഭ്മൻ ഗിൽ (96 പന്തിൽ 87), ശ്രേയസ് അയ്യർ (36 പന്തിൽ 59), അക്ഷർ പട്ടേൽ (47 പന്തിൽ 52) എന്നിവർ ഇന്ത്യക്കായി അർധ സെഞ്ചുറികൾ നേടി. രവീന്ദ്ര ജഡേജയും ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഹർഷിത് റാണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

52 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ഏകദിന പരമ്പരയിൽ നിരാശപ്പെടുത്തിയ യുവതാരം ജേക്കബ് ബഥേൽ 51 റൺസെടുത്ത് തിരിച്ചുവരവ് നടത്തി.

നേരത്തെ, ടി20 ഹാങ്ങോവർ വിട്ടിട്ടില്ലെന്നു തോന്നിക്കുന്ന തുടക്കമാണ് ഫിൽ സോൾട്ടും (26 പന്തിൽ 43) ബെൻ ഡക്കറ്റും (29 പന്തിൽ 32) ചേർന്ന് ഇംഗ്ലണ്ടിനു നൽകിയത്. എന്നാൽ, മൂന്നാമത്തെ റൺ ഓടിയെടുക്കാനുള്ള ശ്രമത്തിൽ സോൾട്ട് റണ്ണൗട്ടായത് കളിയുടെ ഗതി തിരിച്ചു.

തുടക്കത്തിൽ കാര്യമായി അടി വാങ്ങിയ ഹർഷിത് റാണ തിരിച്ചുവരവിൽ ഡക്കറ്റിനെയും ഹാരി ബ്രൂക്കിനെയും (0) തിരിച്ചയച്ചതോടെ നിയന്ത്രണം ഇന്ത്യയുടെ പക്കൽ. പിന്നീട്, അപകടകാരിയായ ലിയാം ലിവിങ്സ്റ്റണിന്‍റെ (5) വിക്കറ്റ് കൂടി റാണ സ്വന്തമാക്കി. അരങ്ങേറ്റ മത്സരത്തിൽ ഏഴോവർ എറിഞ്ഞ റാണ, 53 റൺസ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

ഹർഷിത് റാണയുടെ ആഹ്ളാദ പ്രകടനം

അതേസമയം, ഈ മത്സരത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളർ രവീന്ദ്ര ജഡേജയായിരുന്നു എന്നു നിസംശയം പറയാം. ഒമ്പതോവറിൽ 26 റൺസ് മാത്രം വിട്ടുകൊടുത്താണ് ജഡേജ ജോ റൂട്ടിനെയും (19) ബഥേലിനെയും ആദിൽ റഷീദിനെയും (8) പുറത്താക്കിയത്. വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും ഇംഗ്ലണ്ടിന്‍റെ തട്ടുപൊളിപ്പൻ ബാറ്റിങ്ങിനു കടിഞ്ഞാണിടാൻ ഹാർദിക് പാണ്ഡ്യയുടെ ലൈൻ ആൻഡ് ലെങ്ത് ബൗളിങ്ങും സഹായകമായി.

ദീർഘകാലത്തിനു ശേഷം ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചു വന്ന മുഹമ്മദ് ഷമിക്കും കുൽദീപ് യാദവിനും ഓരോ വിക്കറ്റ് കിട്ടി. അക്ഷർ പട്ടേലും തുടക്കത്തിൽ ഏറ്റ തിരിച്ചടിയിൽ നിന്നു കരകയറി ഒരു വിക്കറ്റ് സ്വന്തമാക്കി.

അന്താരാഷ്ട്ര ഏകദിന അരങ്ങേറ്റം കുറിക്കുന്ന യശസ്വി ജയ്സ്വാളും ഹർഷിത് റാണയും മത്സരത്തിനു മുൻപ്.

ഇന്ത്യൻ നിരയിൽ വിരാട് കോലി കളിക്കുന്നില്ല എന്നതാണ് കളി തുടങ്ങും മുൻപേ വന്ന വലിയ വെളിപ്പെടുത്തൽ. ബുധനാഴ്ച വൈകിട്ട് കോലിയുടെ വലതു കാൽമുട്ടിനു പരുക്കേറ്റെന്നാണ് ടോസ് സമയത്ത് ക്യാപ്റ്റൻ രോഹിത് ശർമ അറിയിച്ചത്. കോലിയുടെ അഭാവത്തിൽ ഇന്ത്യൻ ബാറ്റിങ് നിരയിൽ ഉടച്ചുവാർക്കലാണുണ്ടായത്.

കോലിയുടെ മൂന്നാം നമ്പറിൽ ശുഭ്മൻ ഗിൽ ഇറങ്ങി കളിച്ചപ്പോൾ, ഓപ്പണിങ് സ്ലോട്ടിലേക്ക് വന്ന യശസ്വി ജയ്സ്വാളിന് ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാൻ അവസരമായി.

മുഹമ്മദ് ഷമി മത്സരത്തിനിടെ

അതേസമയം, ടി20 ക്രിക്കറ്റിലെ ഗംഭീര പ്രകടനം കണക്കിലെടുത്ത് ഏകദിനത്തിൽ അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ച ഇടങ്കയ്യൻ പേസ് ബൗളർ അർഷ്ദീപ് സിങ്ങിനെയും മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയെയും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടില്ല.

പ്രതീക്ഷിച്ചതുപോലെ തന്നെ ഋഷഭ് പന്ത് ടീമിൽ ഇടം പിടിച്ചിട്ടില്ല. കെ.എൽ. രാഹുൽ വിക്കറ്റ് കീപ്പറായി തുടർന്നു. മൂന്നാം പേസറായി ഹാർദിക് പാണ്ഡ്യയുമുണ്ട്.

ശ്രേയസ് അയ്യരുടെ ബാറ്റിങ്

അതേസമയം, ചെറിയ സ്കോർ പിന്തുടർന്ന ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. രോഹിതും (2) ജയ്സ്വാളും (15) നിരാശപ്പെടുത്തിയെങ്കിലും, ശ്രേയസ് ടി20 ടീമിൽ തന്നെ കളിപ്പിക്കാത്തതിന്‍റെ രോഷം മുഴുവൻ പ്രകടമാക്കിയ ഇന്നിങ്സാണ് പുറത്തെടുത്തത്. 36 പന്തിൽ ഒമ്പത് ഫോറും രണ്ടു സിക്സും സഹിതമാണ് ശ്രേയസ് 59 റൺസെടുത്തത്.

തുടർന്ന് ഗില്ലും അഞ്ചാം നമ്പറിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ട അക്ഷറും ചേർന്ന 108 റൺസ് കൂട്ടുകെട്ട് ടീമിനെ ജയത്തിലേക്കു നയിക്കുമെന്ന് തോന്നിച്ചെങ്കിലും ഇരുവരും പുറത്തായി. പിന്നാലെ കെ.എൽ. രാഹുലും (2) മടങ്ങി. പിന്നീട് ഹാർദിക് പാണ്ഡ്യയും (9*) രവീന്ദ്ര ജഡേജയും (12*) ചേർന്ന് കൂടുതൽ നഷ്ടമില്ലാതെ ജയം ഉറപ്പിക്കുകയായിരുന്നു. പ്ലെയർ ഓഫ് ദ മാച്ച് ആ‍യി ശുഭ്മൻ ഗിൽ തെരഞ്ഞെടുക്കപ്പെട്ടു.

ടീമുകൾ ഇങ്ങനെ:

ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, ശുഭ്മൻ ഗിൽ, ഹാർദിക് പാണ്ഡ്യ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി.

ഇംഗ്ലണ്ട്: ബെൻ ഡക്കറ്റ്, ഫിൽ സോൾട്ട് (വിക്കറ്റ് കീപ്പർ), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ലർ (ക്യാപ്റ്റൻ), ലിയാം ലിവിങ്സ്റ്റൺ, ജേക്കബ് ബഥേൽ, ബ്രൈഡൺ കാഴ്സ്, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, സാക്കിബ് മെഹ്മൂദ്.

കെനിയൻ മുൻ പ്രധാനമന്ത്രി അന്തരിച്ചു

"കൂട്ടബലാത്സംഗം നടന്നിട്ടില്ല'': കോൽക്കത്ത ബലാത്സംഗക്കേസിൽ വഴിത്തിരിവ്

ഡൽഹി കലാപക്കേസ്; ഷർജീൽ ഇമാം ജാമ‍്യാപേക്ഷ പിൻവലിച്ചു

രഹസ്യ വിവരങ്ങൾ ചോർത്തി; ഇന്ത്യൻ വംശജനായ യുഎസ് പ്രതിരോധ വിദഗ്ധൻ അറസ്റ്റിൽ

രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ സംഭവം; ബിജെപി- ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ കേസ്