.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വിശാഖപട്ടണം: സ്പിന്നർമാർ അരങ്ങുവാഴുമെന്നു പ്രവചിക്കപ്പെട്ട രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ വിജയമൊരുക്കി. 399 റൺസ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്സിൽ ബാറ്റ് ചെയ്ത സന്ദർശകർ 292 റൺസിന് ഓൾഔട്ടായപ്പോൾ ആതിഥേയർക്ക് 106 റൺസ് വിജയം.
നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ വിജയശിൽപ്പി. ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റ് നേടിയിരുന്ന ബുംറയ്ക്ക് ഇതോടെ മത്സരത്തിലാകെ പത്ത് വിക്കറ്റായി. ടെസ്റ്റ് ക്രിക്കറ്റിൽ ബുംറയുടെ ആദ്യ പത്ത് വിക്കറ്റ് നേട്ടമാണിത്. ഒമ്പത് വട്ടം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
ആദ്യ ഇന്നിങ്സിലെ വിക്കറ്റ് വരൾച്ചയ്ക്ക് രണ്ടാം ഇന്നിങ്സിലെ നിർണായകമായ മൂന്ന് വിക്കറ്റുകളുമായി ഓഫ് സ്പിന്നർ ആർ. അശ്വിനും പരിഹാരം കണ്ടു. 500 ടെസ്റ്റ് വിക്കറ്റ് തികയ്ക്കാൻ അശ്വിന് ഇനി ഒരു വിക്കറ്റ് കൂടി മതി.
രണ്ടു ദിവസം ബാക്കിയുണ്ടെങ്കിലും 70 ഓവറിൽ ലക്ഷ്യത്തിലെത്തിക്കാൻ ശ്രമിക്കുമെന്ന് മൂന്നാം ദിവസത്തിനൊടുവിൽ ഇംഗ്ലണ്ട് പേസർ ജയിംസ് ആൻഡേഴ്സൺ പറഞ്ഞിരുന്നു. ആൻഡേഴ്സൺ പറഞ്ഞതുപോലെ 69.2 ഓവർ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുകയും ചെയ്തു, പക്ഷേ, ജയിച്ചത് ഇന്ത്യയാണെന്നു മാത്രം.
നാലാം ദിവസം രാവിലെ 67/1 എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിച്ചത്. 23 റൺസെടുത്ത നൈറ്റ് വാച്ച്‌മാൻ രെഹാൻ അഹമ്മദിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഒലി പോപ്പും (23) ജോണി ബെയർസ്റ്റോയും (26) നല്ല തുടക്കങ്ങൾ മുതലാക്കാതെ മടങ്ങിയപ്പോൾ, ഓപ്പണർ സാക്ക് ക്രോളി ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായി. ആക്രമണോത്സുകമായ ബാസ്‌ബോൾ ശൈലി വിട്ട് പരമ്പരാഗത ടെസ്റ്റ് രീതിയിൽ ബാറ്റ് ചെയ്ത ക്രോളി 132 പന്തിൽ 73 റൺസാണെടുത്തത്. കുൽദീപ് യാദവിന്‍റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി ക്രോളി പുറത്തായതോടെ ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകൾ അസ്തമിച്ചു.
വാലറ്റത്ത് വിക്കറ്റ് കീപ്പർ ബെൻ ഫോക്സും (36) ടോം ഹാർട്ട്‌ലിയും (36) പൊരുതി നോക്കിയെങ്കിലും സമനിലയ്ക്കു പോലും അതു മതിയാകുമായിരുന്നില്ല. ബുംറയ്ക്കും അശ്വിനും പുറമേ ഇന്ത്യക്കു വേണ്ടി അക്ഷർ പട്ടേലും മുകേഷ് കുമാറും കുൽദീപ് യാദവും ഓരോ വിക്കറ്റ് നേടി.
ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തിലെ ജയത്തോടെ പരമ്പരയിൽ 1-1 സമനില പിടിച്ചു. ആകെ അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.