അർധ സെഞ്ചുറി പിന്നിട്ട ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്ന സഞ്ജു സാംസൺ.

 
Sports

വമ്പൻ പോരാട്ടം ജയിച്ച് ഇന്ത്യ ഫൈനലിൽ; സഞ്ജു തന്നെ ഹീറോ

ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസെ‌ടുത്തു. എന്നിട്ടും ജയം വെറും 7 റൺസിന്

VK SANJU

മുംബൈ: ഐസിസി മെൻസ് ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴു റൺസിനു മറികടന്ന് ഇന്ത്യ ഫൈനലിൽ. ന്യൂസിലൻഡാണ് കലാശ പോരാട്ടത്തിലെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റൺസെടുത്തു. ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുക്കാനേ സാധിച്ചുള്ളൂ.

മലയാളി ഓപ്പണർ സഞ്ജു സാംസൺ നൽകിയ വെടിക്കെട്ട തുടക്കം ഒരിക്കൽക്കൂടി ഇന്ത്യൻ ഇന്നിങ്സിനു കരുത്ത് പകർന്നു. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ഫീൽഡിങ് തെരഞ്ഞെടുത്തു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അഭിഷേക് ശർമയെ (9) വേഗത്തിൽ നഷ്ടമായെങ്കിലും, സഞ്ജു ആത്മവിശ്വാസത്തോടെ ബാറ്റ് വീശി.

42 പന്തിൽ 89 റൺസെടുത്ത് സഞ്ജു പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 13.1 ഓവറിൽ 160 റൺസിൽ എത്തിയിരുന്നു. ഇഷാൻ കിഷനൊപ്പം 97 റൺസ് കൂട്ടുകെട്ടുയർത്തിയ സഞ്ജു, 26 പന്തിലാണ് തന്‍റെ അർധ സെഞ്ചുറി കണ്ടെത്തിയത്. ആകെ എട്ട് ഫോറും ഏഴ് സിക്സും പറത്തിയ ശേഷമായിരുന്നു മടക്കം.

വെസ്റ്റിൻഡീസിനെ തോൽപ്പിച്ച ടീമിൽ മാറ്റമില്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. എന്നാൽ, 18 പന്തിൽ 39 റൺസുമായി കിഷൻ മടങ്ങിയ ശേഷം ശിവം ദുബെയാണ് ക്രീസിലെത്തിയത്. സഞ്ജുവിന്‍റെ വിക്കറ്റ് വീണ ശേഷം അഞ്ചാം നമ്പറിലാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റ് ചെയ്യാനെത്തിയത്.

സഞ്ജുവിന്‍റെ വിക്കറ്റ് ഇന്ത്യയുടെ സ്കോറിങ് റേറ്റിനു ബ്രേക്കിട്ടു. ദുബെ - സൂര്യ കൂട്ടുകെട്ട് താളം കണ്ടെത്തിയെന്നു തോന്നിച്ചപ്പോഴേക്കും ആദിൽ റഷീദിന്‍റെ പന്തിൽ സൂര്യയെ (11) ഇംഗ്ലിഷ് വിക്കറ്റ് കീപ്പർ ജോസ് ബട്ലർ സ്റ്റമ്പ് ചെയ്തു പുറത്താക്കി.

ഇംഗ്ലണ്ടിനെതിരേ ശിവം ദുബെയുടെ ഷോട്ട്.

എന്നാൽ, ഹാർദിക് പാണ്ഡ്യ ക്രീസിലെത്തിയതിനു പിന്നാലെ ശിവം ദുബെ റണ്ണൗട്ടായി. 25 പന്തിൽ ഒരു ഫോറും നാല് സിക്സും സഹിതം 43 റൺസാണ് ദുബെ നേടിയത്. 7 പന്തിൽ 21 റൺസെടുത്ത തിലക് വർമയുടെ കാമിയോയും ഗുണം ചെയ്തു. ജോഫ്ര ആർച്ചറുടെ ഒരോവറിൽ മൂന്ന് സിക്സർ നേടിയ തിലക്, അതേ ഓവറിൽ പുറത്താവുകയായിരുന്നു.

ആർച്ചറുട നാലോവറിൽ 61 റൺസ് പിറന്നപ്പോൾ, സാം കറന്‍റെ നാലോവറിൽ 53 റൺസും ഇന്ത്യൻ ബാറ്റർമാർ അടിച്ചെടുത്തു. ഇന്ത്യക്കു ഭീഷണിയാകുമെന്നു പ്രവചിക്കപ്പെട്ട ആദിൽ റഷീദ് രണ്ട് വിക്കറ്റ് നേടിയെങ്കിലും നാലോവറിൽ 41 റൺസ് വഴങ്ങി. ആദിലിനെ മെരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ദുബെയെ ബാറ്റിങ് ഓർഡറിൽ പ്രൊമോട്ട് ചെയ്തത്.

ന്യൂബോളെടുത്ത് രണ്ട് വിക്കറ്റ് നേടിയ സ്പിന്നർ വിൽ ജാക്ക്സിനെ ഇരുപതാം ഓവർ പന്തെറിയാൻ ഏൽപ്പിച്ച തീരുമാനം ഫലപ്രദമായില്ല. പാണ്ഡ്യയുടെ രണ്ട് സിക്സർ അടക്കം 16 റൺസ് ഈ ഓവറിലും പിറന്നു. 12 പന്തിൽ 27 റൺസെടുത്ത പാണ്ഡ്യ റണ്ണൗട്ടുമായി.

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് 96 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. എന്നാൽ, ഒരറ്റത്ത് വീരോചിത പോരാട്ടം നടത്തിയ ജേക്കബ് ബഥേൽ ഒരു ഘട്ടത്തിൽ ഇഗ്ലണ്ടിനെ ജയത്തിലേക്കു നയിക്കുമെന്നു പോലും തോന്നിച്ചു. വെറും 48 പന്തിൽ 105 റൺസെടുത്ത ബഥേൽ അവസാന ഓവറിൽ റണ്ണൗട്ടാവുകയായിരുന്നു.

20 പന്തിൽ 35 റൺസെടുത്ത വിൽ ജാക്സ് ആണ് ഇംഗ്ലണ്ടിന്‍റെ രണ്ടാമത്തെ ഉയർന്ന സ്കോറർ. ഇന്ത്യക്കു വേണ്ടി ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് നേടി. അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ എന്നിവർക്ക് ഓരോ വിക്കറ്റ്. ബുംറയും പാണ്ഡ്യയും മാത്രമാണ് ഓവറിൽ ശരാശരി പത്ത് റൺസിൽ താഴെ വിട്ടുകൊടുത്തത്.

ഒടുവിൽ പഞ്ചാബും വീണു

നാലാമത്തെ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയിലേക്ക്

9,400 വാട്ട്സാപ്പ് അക്കൗണ്ടുകൾ നിരോധിച്ചു

രേഖകൾ ഇല്ലാത്തതിന്‍റെ പേരിൽ സ്കൂൾ അഡ്മിഷൻ നിഷേധിക്കില്ല

എണ്ണത്തർക്കം: യുഎഇ ഒപെക് വിട്ടു