സെഞ്ചുറി നേടിയ കെ.എൽ. രാഹുലിന്‍റെ ആഹ്ലാദ പ്രകടനം
രാജ്കോട്ട്: ഇന്ത‍്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ന‍്യൂസിലൻഡിന് 285 റൺസ് വിജയലക്ഷ‍്യം. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത‍്യ 284 റൺസടിച്ചു. 92 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സും അടക്കം പുറത്താവാതെ 112 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുലാണ് ഇന്ത‍്യൻ ടീമിന്‍റെ ടോപ് സ്കോറർ.
രാഹുലിന്‍റെ സെഞ്ചുറിക്കു പുറമെ ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിനു (56) മാത്രമാണ് ഇന്ത‍്യൻ നിരയിൽ അർധസെഞ്ചുറി നേടാൻ സാധിച്ചത്. രോഹിത് ശർമ 24 റൺസും വിരാട് കോലി 23 റൺസും നേടി പുറത്തായി. ശ്രേയസ് അയ്യരിന് ഇത്തവണ തിളങ്ങാനായില്ല (8). രവീന്ദ്ര ജഡേജയും (27) നിതീഷ് കുമാർ റെഡ്ഡിയും (20) സാരമായ സംഭാവനകൾ മാത്രമാണ് ടീമിനു നൽകിയത്.
ന‍്യൂസിലൻഡിനു വേണ്ടി ക്രിസ്റ്റ‍്യൻ ക്ലാർക്ക് മൂന്നും മൈക്കൽ ബ്രേസ്‌വെൽ, സക്കാരി ഫൗക്സ്, കൈലി ജാമിസൻ, ജെയ്ഡൻ ലെന്നോക്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ഗില്ലും രോഹിത് ശർമയും നൽകിയത്.
ഒന്നാം വിക്കറ്റിൽ തന്നെ 70 റൺസ് കൂട്ടുകെട്ട് പടുത്തുയർത്താൻ ഇരുവർക്കും സാധിച്ചു. എന്നാൽ ക്ഷമ നഷ്ടപ്പെട്ട് ആക്രമണോത്സുക ബാറ്റിങ് പുറത്തെടുക്കാൻ ശ്രമിച്ച രോഹിത്തിന്‍റെ ശ്രമം പാളുകയായിരുന്നു. വിൽ യങ്ങിന് ക‍്യാച്ച് നൽകിയാണ് രോഹിത് മടങ്ങിയത്.
രോഹിത് പുറത്തായതോടെ ക്രീസിലെത്തിയ സ്റ്റാർ ബാറ്റർ വിരാട് കോലിക്കൊപ്പം ഗിൽ ടീമിനെ മുന്നോട്ടുകൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും ഇരുവരുടെയും കൂട്ടുകെട്ടിന് അധികം ആയുസുണ്ടായിരുന്നില്ല. ടീം സ്കോർ 99ൽ നിൽക്കെ ഗിൽ പുറത്തായി. പിന്നീട് ഉടനെ തന്നെ കോലിയും ശ്രേയസും പുറത്തായതോടെ പ്രതിരോധത്തിലായ ടീമിനെ രാഹുൽ- ജഡേജ സഖ‍്യം ചേർത്ത കൂട്ടുകെട്ടാണ് പ്രതീക്ഷ നൽകിയത്.
അഞ്ചാം വിക്കറ്റിൽ 73 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. ഇതോടെ ടീം സ്കോർ 200 കടന്നു. എന്നാൽ ജഡേജയെ മടക്കികൊണ്ട് ബ്രേസ്‌വെൽ കുട്ടുകെട്ട് പൊളിച്ചു. രാഹുൽ ഒരുവശത്ത് ഉറച്ചു നിന്നപ്പോൾ മറുവശത്ത് രാഹുലിന് പിന്തുണ നൽകാൻ നിതീഷ് കുമാർ റെഡ്ഡിക്കും (20) ഹർഷിത് റാണയ്ക്കും (2) സാധിച്ചില്ല. അവസാന ഓവറുകളിൽ മുഹമ്മദ് സിറാജിനെ (2 നോട്ടൗട്ട്) മറുവശത്ത് കാഴ്ചക്കാരനാക്കി രാഹുൽ വെടിക്കെട്ട് പ്രകടനം തുടർന്നതോടെയാണ് ടീം സ്കോർ 284 റൺസിലെത്തിയത്.
പ്ലെയിങ് ഇലവൻ ഇന്ത‍്യ: ശുഭ്മൻ ഗിൽ (ക‍്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ
ന‍്യൂസിലൻഡ് ടീം: ഹെൻറി നിക്കോൾസ്, വിൽ യങ്, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്പ്സ്, മിച്ചൽ ഹേ, മൈക്കൽ ബ്രേസ്‌വെൽ (ക‍്യാപ്റ്റൻ), സക്കാരി ഫോക്സ്, ക്രിസ്റ്റ‍്യൻ ക്ലാർക്ക്, കൈലി ജേമിസൻ, ജെയ്‌ഡൻ ലെന്നോക്സ്