സെഞ്ചുറി നേടിയ ഇന്ത‍്യൻ താരം ഇഷാൻ കിഷന്‍റെ ആഹ്ലാദ പ്രകടനം

 
Sports

സഞ്ജു ഒഴികെ എല്ലാവരും കളിച്ചു; ന‍്യൂസിലൻഡിന് 272 റൺസ് വിജയലക്ഷ‍്യം

ആദ‍്യ നാലു മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന സഞ്ജുവിന് ഇത്തവണ റൺസ് നേടാനാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

Aswin AM

തിരുവനന്തപുരം: ന‍്യൂസിലൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ കൂറ്റൻ സ്കോർ അടിച്ചെടുത്ത് ഇന്ത‍്യ. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 271 റൺസാണ് ഇന്ത‍്യ അടിച്ചെടുത്തത്. 43 പന്തിൽ നിന്നും 10 സിക്സറും 6 ബൗണ്ടറിയും അടക്കം 103 റൺസ് നേടിയ ഇഷാൻ കിഷനാണ് ഇന്ത‍്യൻ ടീമിന്‍റെ ടോപ് സ്കോറർ. ഇഷാൻ കിഷനു പുറമെ ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവ് 30 പന്തിൽ നിന്ന് 63 റൺസും ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമ 16 പന്തിൽ 30 റൺസുമെടുത്ത് പുറത്തായി.

തിരുവനന്തപുരം ഗ്രീൻഫീൾഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ മാത്രമാണ് മോശം പ്രകടനം പുറത്തെടുത്തത്. 6 പന്തുകൾ നേരിട്ട സഞ്ജു 6 റൺസ് നേടി പുറത്തായി. ന‍്യൂസിലൻഡ് പേസർ ലോക്കി ഫെർ‌ഗൂസൻ എറിഞ്ഞ ഗുഡ് ലെങ്ത്ത് ഡെലിവറി മോശം ഷോട്ട് സെലക്ഷൻ മൂലം സഞ്ജു പുറത്താവുകയായിരുന്നു.

സഞ്ജു സാംസൺ

സ്വന്തം ഹോം ഗ്രൗണ്ടിൽ പോലും ഫോം വീണ്ടെടുക്കാൻ കഴിയാത്ത സഞ്ജു കാര‍്യവട്ടത്ത് എത്തിയ ജനപ്രവാഹത്തെ നിരാശപ്പെടുത്തി. 46 റൺസ് മാത്രമാണ് ഈ പരമ്പരയിൽ നിന്ന് സഞ്ജു ആകെ നേടിയത്. ടി20 ലോകകപ്പ് അടുത്തിരിക്കെ സഞ്ജുവിന്‍റെ സ്ഥിരതയില്ലായ്മ ഇന്ത‍്യൻ ടീമിന് വലിയ വെല്ലുവിളിയായേക്കും. ന‍്യൂസിലൻഡിനു വേണ്ടി ലോക്കി ഫെർഗൂസൻ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ജേക്കബ് ഡഫിയും മിച്ചൽ സാന്‍റ്നറും, കൈലി ജാമിസനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത‍്യക്ക് മികച്ച തുടക്കമാണ് അഭിഷേക് ശർമ നൽകിയത്. ജേക്കബ് ഡഫി എറിഞ്ഞ ആദ‍്യ ഓവറിൽ തന്നെ തെല്ലും ഭയമില്ലാതെ 14 റൺസാണ് അഭിഷേക് അടിച്ചെടുത്തത്. സഞ്ജുവിനെ മറുവശത്ത് കാഴ്ചക്കാരനാക്കി അഭിഷേക് രണ്ടാം ഓവറിലും വെടിക്കെട്ട് തുടർന്നു. ഐതിഹാസിക താരം യുവരാജ് സിങ്ങിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ബാറ്റിങ്ങ് പ്രകടനമായിരുന്നു ഗ്രീൻഫീൾഡ് സ്റ്റേഡിയത്തിൽ കാണാൻ സാധിച്ചത്.

വിക്കറ്റ് വീഴ്ത്തിയ ശേഷം ന‍്യൂസിലൻഡ് താരം ലോക്കി ഫെർഗൂസന്‍റെ ആഹ്ലാദ പ്രകടനം

മൂന്നാം ഓവറിൽ സഞ്ജു മടങ്ങിയെങ്കിലും ഇഷാൻ അടി തുടർന്നു. പിന്നാലെ അഭിഷേകിന്‍റെ കുറ്റി തെറിപ്പിച്ച് ലോക്കി ഫെർഗൂസൻ ന‍്യൂസിലൻഡ് ടീമിന് ആത്മവിശ്വാസം നൽകിയെങ്കിലും സൂര‍്യകുമാർ യാദവ് ബാറ്റിങ് വിസ്ഫോടനം തുടർന്നതോടെ ന‍്യൂസിലൻഡ് വിറച്ചു. ഒടുവിൽ സൂര‍്യകുമാർ ടീം സ്കോർ 185 ൽ പുറത്തായതോടെ ആശ്വാസമായെന്നു കരുതിയ ന‍്യൂസിലൻഡിന് തിരിച്ചടിയായി ഹാർദിക് പാണ്ഡ‍്യയുടെ മിന്നൽ പ്രകടനം. ഇഷാൻ കിഷനൊപ്പം ഹാർദികും പിന്തുണ നൽകിയതോടെ റൺനില ഉയർന്നു. 17 പന്തിൽ 42 റൺസാണ് ഹാർദിക് അടിച്ചെടുത്തത്. റിങ്കു സിങ് 8 പന്തിൽ 8 റൺസും ശിവം ദുബെ 2 പന്തിൽ 7 റൺസും നേടി പുറത്താവാതെ നിന്നു.

എപ്സ്റ്റീൻ ഫയൽസിൽ‌ മോദിയുടെ പേര്: അടിസ്ഥാന രഹിതമെന്ന് വിദേശകാര‍്യ മന്ത്രാലയം

സി.ജെ. റോയ്‌യുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ശബരിമല സ്വർണക്കൊള്ളയിൽ എ. പത്മകുമാറിന് പങ്കുണ്ട്, സിപിഎം നടപടിയെടുക്കാത്തതിൽ എം.എ. ബേബിക്ക് കത്തയച്ച് രമേശ് ചെന്നിത്തല

"കാർഷിക മേഖലയിൽ എഐയും ഡ്രോൺ സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തണം": കെ.സി. വേണുഗോപാൽ

മഹാരാഷ്ട്രയുടെ ഉപ മുഖ‍്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റു