കുൽദീപ് യാദവ്

 
Sports

കുൽദീപിന്‍റെ കുറ്റി തെറിച്ചു; ഗോഹട്ടി ടെസ്റ്റിൽ ഇന്ത‍്യക്ക് 6 വിക്കറ്റ് നഷ്ടം

28 റൺസുമായി രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറുമാണ് ക്രീസിൽ

Aswin AM

ഗോഹട്ടി: ഗോഹട്ടി ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത‍്യൻ ടീമിന് ബാറ്റിങ് തകർച്ച. ദക്ഷിണാഫ്രിക്ക ഉയർത്തിയ 549 റൺസ് വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ഇന്ത‍്യക്ക് 6 വിക്കറ്റ് നഷ്ടമായി. 28 റൺസുമായി രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറുമാണ് ക്രീസിൽ.

അവസാന ദിനം ആദ‍്യ സെഷൻ അവസാനിച്ചപ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നിലയിലാണ് ഇന്ത‍്യ. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി സൈമൺ ഹാർമർ നാലും മാർക്കോ യാൻസൻ, സെനുരൻ മുത്തു സാമി ഒരു വിക്കറ്റും വീഴ്ത്തി. രണ്ടു വിക്കറ്റ് നഷ്ടത്തിൽ അവസാന ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യയ്ക്ക് കുൽദീപ് യാദവിന്‍റെ വിക്കറ്റാണ് ആദ‍്യം നഷ്ടമായത്.

ഇതിനു പിന്നാലെ ധ്രുവ് ജുറലും പുറത്തായതോടെ ടീം പ്രതിരോധത്തിലായി. അഞ്ചാമനായി ക്രീസിലെത്തിയ ക‍്യാപ്റ്റൻ ഋഷഭ് പന്ത് നിരാശപ്പെടുത്തി. 16 പന്തുകൾ നേരിട്ട താരം ആകെ 13 റൺസ് മാത്രമാണ് നേടിയത്. ആദ‍്യ സെഷൻ പൂർത്തിയായ ശേഷം ആദ‍്യ ഓവറിൽ തന്നെ സായ് സുദർശനും പുറത്തായി. 139 പന്തുകൾ നേരിട്ട താരം പിടിച്ച് നിന്നെങ്കിലും ഫലമുണ്ടായില്ല. 14 റൺസെടുത്ത് പുറത്ത‍ായി.

ഓപ്പണിങ് ബാറ്റർമാരായ കെ.എൽ. രാഹുൽ യശസ്വി ജയ്‌സ്വാൾ എന്നിവരുടെ വിക്കറ്റുകൾ കഴിഞ്ഞ ദിവസം തന്നെ ടീമിനു നഷ്ടമായിരുന്നു. രാഹുലിനെ സൈമൺ ഹാർമറും ജയ്സ്വാളിനെ മാർക്കോ യാൻസനുമാണ് പുറത്താക്കിയത്.

5 വിക്കറ്റ് ശേഷിക്കെ ഇനി 459 റൺസ് കൂടി നേടിയാൽ മാത്രമാണ് ഇന്ത‍്യക്ക് വിജയിക്കാൻ സാധിക്കുകയുള്ളൂ. ദക്ഷിണാഫ്രിക്ക ഉയർത്തിയ കൂറ്റൻ വിജയലക്ഷ‍്യത്തിനു മുന്നിൽ ഇന്ത‍്യൻ ബാറ്റർമാർ പതറുന്ന കാഴ്ചയാണ് ഗോഹട്ടിയിൽ കാണാനാവുന്നത്. ഒരു പക്ഷേ മത്സരം സമനിലയിൽ കലാശിച്ചാൽ ദക്ഷിണാഫ്രിക്ക 1-0ന് പരമ്പര നേടും.

നേരത്തെ ഒന്നാമിന്നിങ്സിൽ ഇന്ത‍്യ 201 റൺസിന് ഓൾ ഔട്ടായിരുന്നു. 288 റൺസ് ലീഡ് ലഭിച്ചിട്ടും ഇന്ത‍്യയെ ഫോളോ ഓൺന് വിടാതെ ബാറ്റിങ്ങിനിറങ്ങുകയായിരുന്നു ദക്ഷിണാഫ്രിക്ക. 200 റൺസിലധികം ലീഡ് വഴങ്ങുന്ന ടീമിനോട് ഫോളോ ഓൺ ആവശ്യപ്പെടാം എന്നാണ് നിയമം. എന്നാൽ, എതിർ ടീമിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. അങ്ങനെ, ദക്ഷിണാഫ്രിക്കയുടെ ദയാദാക്ഷിണ്യത്തിൽ ഫോളോ ഓൺ ഒഴിവാക്കുകയായിരുന്നു ഇന്ത്യ.‌ സ്പെഷ്യലിസ്റ്റ് ബാറ്റർമാരുടെയും ബൗളർമാരുടെയും സ്ഥാനത്ത് 'ബിറ്റ്സ് ആൻഡ് പീസസ്' ഓൾറൗണ്ടർമാരെയും ഐപിഎൽ താരങ്ങളെയും കുത്തിനിറയ്ക്കുന്ന ഗൗതം ഗംഭീറിന്‍റെ ശൈലിയാണ് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ വലിയ തകർച്ചയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്.

58 റൺസെടുത്ത ഓപ്പണർ യശസ്വി ജയ്സ്വാളിനു മാത്രമാണ് ദക്ഷിണാഫ്രിക്കൻ ബൗളിങ് ആക്രമണത്തെ കുറച്ചെങ്കിലും ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചത്. 97 പന്തിൽ ഏഴു ഫോറും ഒരു സിക്സും ഉൾപ്പെട്ടതായിരുന്നു ജയ്സ്വാളിന്‍റെ ഇന്നിങ്സ്. കഴിഞ്ഞ മത്സരത്തിൽ വൺഡൗണായിരുന്ന വാഷിങ്ടൺ സുന്ദർ ഇത്തവണ എട്ടാം നമ്പറിലിറങ്ങി 48 റൺസെടുത്തതാണ് ഇന്ത്യൻ സ്കോർ 200 കടക്കാൻ സഹായിച്ചത്.

നേരത്തെ, വിക്കറ്റ് നഷ്ടം കൂടാതെ ഒമ്പത് റൺസ് എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് പുതിയ ഏകദിന ക്യാപ്റ്റൻ കെ.എൽ. രാഹുലിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 22 റൺസെടുത്ത രാഹുൽ കേശവ് മഹാരാജിന്‍റെ പന്തിൽ എയ്ഡൻ മാർക്രമിനു പിടുകൊടുത്ത് മടങ്ങുകയായിരുന്നു. പിന്നാലെ ജയ്സ്വാളും സായ് സുദർശനും (15) മടങ്ങി. ശുഭ്മൻ ഗില്ലിന്‍റെ അഭാവത്തിൽ നാലാം നമ്പറിലേക്ക് പ്രൊമോഷൻ കിട്ടിയ ധ്രുവ് ജുറെൽ ഇത്തവണ പൂജ്യത്തിനു പുറത്തായി. ക്യാപ്റ്റൻ ഋഷഭ് പന്ത് (7) വീണ്ടും നിരാശപ്പെടുത്തി.

കോച്ച് ഗൗതം ഗംഭീറിനും ടീം മാനെജ്മെന്‍റിനും പ്രിയപ്പെട്ട 'പേസ് ബൗളിങ് ഓൾറൗണ്ടർ' നിതീഷ് കുമാർ റെഡ്ഡി വിലപ്പെട്ട 10 റൺസെടുത്തു. ഹാർദിക് പാണ്ഡ്യയുടെ പകരക്കാരനു നേരത്തെ ക്യാപ്റ്റൻ ആറോവർ പന്തെറിയാനും കൊടുത്തിരുന്നു! 122 റൺസെടുക്കുന്നതിനിടെ ഏഴാം വിക്കറ്റും നഷ്ടപ്പെട്ട ഇന്ത്യയെ ഒരു പരിധി വരെ പിടിച്ചുനിർത്തിയത് വാഷിങ്ടൺ സുന്ദർ - കുൽദീപ് യാദവ് കൂട്ടുകെട്ടാണ്. എട്ടാം വിക്കറ്റിൽ ഇവർ 72 റൺസ് കൂട്ടിച്ചേർത്തു. 92 പന്തിൽ 48 റൺസെടുത്ത സുന്ദർ, സൈമൺ ഹാർമറുടെ പന്തിൽ മാർക്രമിനു ക്യാച്ച് നൽകിയതോടെ ഈ കൂട്ടുകെട്ടും പൊളിഞ്ഞു.

പിന്നെയൊക്കെ ചടങ്ങ് മാത്രമായിരുന്നു. കുൽദീപ് യാദവിനെയും (19) ജസ്പ്രീത് ബുംറയെയും (5) തിരിച്ചയച്ച യാൻസൻ ആറ് വിക്കറ്റ് സമ്പാദിച്ചു. മുഹമ്മദ് സിറാജ് രണ്ടു റൺസുമായി പുറത്താകാതെ നിന്നു. രണ്ട് മണിക്കൂറിലധികം ക്രീസിൽ തുടർന്ന്, 134 പന്ത് നേരിട്ട കുൽദീപ് യാദവിന്‍റെ ഇന്നിങ്സ് ഇന്ത്യൻ ബാറ്റിങ് നിരയിലെ വമ്പൻമാർക്ക് നല്ല പാഠമായി. ഇന്ത്യൻ ബാറ്റർമാരിൽ ഏറ്റവും കൂടുതൽ പന്ത് നേരിട്ടത് കുൽദീപാണ്.

പാർട്ടി തീരുമാനം അനുസരിക്കും; കാലുകുത്തി നടക്കാൻ കഴിയുന്നിടത്തോളം പ്രചാരണത്തിന് ഇറങ്ങുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ചെങ്കോട്ട സ്ഫോടനം; ഫരീദാബാദ് സ്വദേശി അറസ്റ്റിൽ

എസ്ഐആർ ഫോം ശേഖരിക്കാൻ വിദ്യാർഥികളെ അയക്കില്ല; നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസമന്ത്രി

ശബരിമല സ്വർണപ്പാളി കടത്തുമായി എഡിജിപി എസ്. ശ്രീജിത്തിന് ബന്ധമെന്ന് പരാമർശം; യൂട‍്യൂബർ കെ.എം. ഷാജഹാനെതിരേ കേസ്

ഹൈക്കോടതി പരിപാടിയിൽ ഭാരതാംബ ചിത്രം; ഭാരതാംബയ്ക്ക് അയിത്തം കൽപ്പിക്കുന്നത് വിദ്യാഭ്യാസത്തിന്‍റെ മൂല്യശോഷണമെന്ന് ഗവർണർ