ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.

 
Sports

ഇനി ടി20 പരമ്പര; ആദ്യ മത്സരം ചൊവ്വാഴ്ച

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ചൊവ്വാഴ്ച കട്ടക്കിൽ തുടക്കമാകും

VK SANJU

കട്ടക്ക്: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ചൊവ്വാഴ്ച കട്ടക്കിൽ തുടക്കമാകും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ. ഇതു കൂടാതെ ന്യൂസിലൻഡിനെതിരേ അഞ്ച് മത്സരങ്ങൾ കൂടിയേ ടി20 ലോകകപ്പിനു മുൻപ് ഇന്ത്യക്ക് ഈ ഫോർമാറ്റിൽ ഇനി കളിക്കാനുള്ളൂ. അതിനാൽ തന്നെ ലോകകപ്പ് ടീം തെരഞ്ഞെടുപ്പിൽ നിർണായകമായിരിക്കും ഈ പത്ത് മത്സരങ്ങൾ.‌

ടെസ്റ്റ് പരമ്പരയിൽ കഴുത്തിനേറ്റ പരുക്കിൽനിന്നു മുക്തനായ ശുഭ്മൻ വൈസ് ക്യാപ്റ്റൻ ടി20 ടീമിൽ തുടരുന്നു. അഭിഷേക് ശർമക്കൊപ്പം ഗിൽ തന്നെയാകും ഇന്നിങ്സ് ഓപ്പൺ ചെയ്യുക. മലയാളി താരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ടാൽ അഞ്ചാം നമ്പറിലായിരിക്കും കളിക്കുക.‌

സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തിരിച്ചെത്തിയത് ഇന്ത്യക്ക് കരുത്തു പകരുന്നു. ന്യൂബോളെടുക്കാനോ മൂന്നാം പേസറായോ ഉപയോഗിക്കാവുന്ന ഹാർദിക്, ആറാം നമ്പറിൽ ഉറച്ച ബാറ്റിങ് ഓപ്ഷനും നൽകുന്നു. അക്ഷർ പട്ടേൽ അല്ലെങ്കിൽ വാഷിങ്ടൺ സുന്ദർ ആയിരിക്കും ടീമിലെ സ്പിൻ ബൗളിങ് ഓൾറൗണ്ടർ. ഇവർ ഒരുമിച്ച് പ്ലെയിങ് ഇലവനിലെത്തിയാൽ അർഷ്ദീപ് സിങ് പുറത്തിരിക്കും. ജസ്പ്രീത് ബുംറയ്ക്ക് ഇടമുറപ്പാണ്.

തുടരെ എട്ട് മത്സരങ്ങൾ ജയിച്ചാണ് കഴിഞ്ഞ വർഷം ഇന്ത്യ ടി20 ലോകകപ്പ് സ്വന്തമാക്കിയത്. അതിനു ശേഷം കളിച്ച 26 മത്സരങ്ങളിൽ നാലെണ്ണം മാത്രമേ ടീം തോറ്റിട്ടുള്ളൂ. തുടരെ ഏഴ് മത്സരം ജയിച്ചാണ് ഏഷ്യ കപ്പ് സ്വന്തമാക്കിയത്. ഈ കാലയളവിൽ ഒരു ടി20 പരമ്പര പോലും ഇന്ത്യ നഷ്ടപ്പെടുത്തിയിട്ടില്ല.

ടി20 ക്രിക്കറ്റിനു ചേർന്ന വിസ്ഫോടന ശേഷി ഗിൽ ഇനിയും തെളിയിച്ചിട്ടില്ലാത്തതിനാൽ, അഭിഷേക് ശർമയിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. സയീദ് മുഷ്താഖ് അലി ട്രോഫിയിൽ 249നു മുകളിലുള്ള സ്ട്രൈക്ക് റേറ്റിൽ സ്കോർ ചെയ്ത അഭിഷേക് മികച്ച ഫോമിലുമാണ്. ബംഗാളിനെതിരേ പഞ്ചാബിനു വേണ്ടി 58 പന്തിൽ 148 റൺസും നേടിയിരുന്നു. ഏഷ്യ കപ്പിനിടെ പരുക്കേറ്റ ഹാർദിക്കും മുഷ്താഖ് അലി ട്രോഫിയിൽ ഫോം തെളിയിച്ചാണ് തിരിച്ചുവരുന്നത്.

ഇതിനിടെ പ്രധാന ആശങ്ക ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ ഫോമില്ലായ്മയാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി നിയോഗിക്കപ്പെട്ട ശേഷമുള്ള 15 മത്സരങ്ങളിൽ സ്കൈയുടെ ബാറ്റിങ് ശരാശരി 15.33 റൺസ് മാത്രമാണ്. കഴിഞ്ഞ 20 മത്സരങ്ങളിൽ അദ്ദേഹത്തിന് അമ്പത് കടക്കാനായിട്ടില്ല. 2022ൽ 187 ആയിരുന്ന സ്ട്രൈക്ക് റേറ്റ് 127 ആയി ഇടിഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലൻഡിനുമെതിരായ പരമ്പരകളിൽ ഫോം വീണ്ടെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന്‍റെ ക്യാപ്റ്റൻസി മാത്രമല്ല, ദേശീയ ടീമിലെ സ്ഥാനം പോലും അപകടത്തിലാകും.

വിക്കറ്റ് കീപ്പറായി സഞ്ജു സാംസണോ ജിതേഷ് ശർമയോ എന്ന കാര്യത്തിലും ഈ പരമ്പരകളോടെ തീരുമാനമാകും. ടി20 ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നെങ്കിലും സഞ്ജുവിന് അതിൽ ഒരു മത്സരത്തിൽ പോലും അവസരം കിട്ടിയിരുന്നില്ല. എന്നാൽ, അതിനു ശേഷമുള്ള മത്സരങ്ങളിൽ ഇന്ത്യയുടെ മൂന്നാമത്തെ ഉയർന്ന സ്കോററായി.

ഓപ്പണിങ് റോളിൽ മൂന്ന് സെഞ്ചുറികൾ നേടിയെങ്കിലും, ഗിൽ ടി20 ടീമിൽ തിരിച്ചെത്തിയതോടെ മധ്യനിരയിൽ മികവ് തെളിയിക്കാൻ സഞ്ജു നിർബന്ധിതനായിരിക്കുകയാണ്. മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനു വേണ്ടി കളിച്ച സഞ്ജു ഓപ്പണിങ് റോളിൽ ഫോം തെളിയിച്ചിരുന്നു. രണ്ട് 40+ സ്കോറും ഒരു 73 റൺസും നേടി. എന്നാൽ, ബറോഡയ്ക്കു വേണ്ടി ആറു മത്സരങ്ങൾ കളിച്ച ജിതേഷ് ശർമയുടെ ഉയർന്ന സ്കോർ 41 റൺസാണ്.

മറുവശത്ത്, ഫാസ്റ്റ് ബൗളർ ആൻറിച്ച് നോർക്കിയയുടെ തിരിച്ചുവരവ് ദക്ഷിണാഫ്രിക്കൻ പേസ് ആക്രമണത്തെ ശക്തിപ്പെടുത്തും. മാർക്കോ യാൻസൻ ഇന്ത്യൻ പര്യടനത്തിൽ ബാറ്റിങ് ഫോം നിലനിർത്തുന്നത് അവരുടെ ടീമിനെ കൂടുതൽ സന്തുലിതവുമാക്കുന്നു.

ടീമുകൾ ഇവരിൽനിന്ന്:

ഇന്ത്യ - സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ്-ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, ഹർഷിത് റാണ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.

ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഓട്ട്നീൽ ബാർട്ട്മാൻ, കോർബിൻ ബോഷ്, ഡിവാൾഡ് ബ്രീവിസ്, ക്വിന്‍റൺ ഡികോക്ക്, ടോണി ഡി സോർസി, ഡോണോവൻ ഫെരേര, റീസ ഹെൻഡ്രിക്സ്, മാർക്കോ യാൻസൻ, ജോർജ് ലിൻഡെ, കേശവ് മഹാരാജ്, ക്വേന മഫാക, ഡേവിഡ് മില്ലർ, ലുംഗി എങ്കിഡി, ആൻറിച്ച് നോർക്കിയ, ട്രിസ്റ്റൻ സ്റ്റബ്സ്.

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, AMMA കോടതിയെ ബഹുമാനിക്കുന്നു'; പ്രതികരണവുമായി താരസംഘടന

അസമിനു മുന്നിലും നാണംകെട്ട് കേരളം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്; പരാതിക്കാരി മൊഴി നൽകി

മഞ്ജു പറഞ്ഞിടത്ത് നിന്നാണ് ഗൂഢാലോചന ആരംഭിച്ചതെന്ന് ദിലീപ്; പൊലീസിന്‍റെ കള്ളക്കഥ തകർന്നുവീണു

പ്രത്യേക സർവീസുകളും അധിക കോച്ചുകളുമായി റെയ്‌ൽവേ