തകർന്നടിഞ്ഞ് ഇന്ത്യ; സൂപ്പർ 8ൽ ദക്ഷിണാഫ്രിക്കയ്ക്ക് വൻ വിജയം
അഹമ്മദാബാദ്: ട്വന്‍റി20 ലോകകപ്പ് സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ തകർന്നടിഞ്ഞ് ഇന്ത്യൻ ടീം. 76 റൺസിന്‍റെ തോൽവിയാണ് ദക്ഷിണാഫ്രിക്കയുമായുള്ള മാച്ചിൽ ഇന്ത്യ ഏറ്റു വാങ്ങിയത്. 188 റൺസിന്‍റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനെത്തിയ ഇന്ത്യ 18.5 ഓവറിൽ ഓൾ ഔട്ടാകുകയായിരുന്നു. 111 റൺസ് മാത്രമാണ് ഇന്ത്യക്ക് സ്വന്തമാക്കാനായത്. തുടക്കം മുതലേ ഇടറിത്തുടങ്ങിയ ഇന്ത്യക്ക് മാച്ചിന്‍റെ ഒരു ഘട്ടത്തിലും വിജയം ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല.
ബാറ്റിങ് നിര തകർന്നടിയുകയായിരുന്നു. ഇഷാൻ കിഷൻ റൺസൊന്നും നേടാതെ പുറത്തായപ്പോൾ തന്നെ ഇന്ത്യ സമ്മർദത്തിലായി. അഭിഷേക് ശർമ 12 ബോളിൽ 15 റൺസ് നേടി പുറത്തായി. തിലക് വർമക്ക് ഒരു റൺ മാത്രമാണ് നേടാനായത്. വാഷിങ്ടൺ സുന്ദർ 11 റൺസും സൂര്യകുമാർ യാദവ് 18 റൺസും ഹാർദിക് പാണ്ഡ്യ 18 റൺസും നേടി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഏഴു വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. തുടക്കത്തിലെ തകർച്ചയ്ക്കുശേഷമാണ് ദക്ഷിണാഫ്രിക്ക കരകയറിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആഫ്രിക്കൻ ടീം നാല് ഓവറിൽ മൂന്നു വിക്കറ്റിന് 20 റൺസ് എന്ന നിലയിൽ വിറച്ചു. ക്വിന്‍റൺ ഡി കോക്കിനെ (6) ബൗൾഡാക്കി ജസ്പ്രീത് ബുംറയാണ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ക്യാപ്റ്റൻ എയ്ദൻ മാർക്രത്തിനെ (4) അർഷ്ദീപ് സിങ് ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു.
റ്യാൻ റിക്കെൽട്ടനും (7) ബുംറയെ നമിച്ചതോടെ ദക്ഷിണാഫ്രിക്ക വിറച്ചു. പക്ഷേ, ഡെവാൾഡ് ബ്രെവിസും ഡേവിഡ് മില്ലറും ക്രീസിൽ ഒത്തുചേർന്നതോടെ ദക്ഷിണാഫ്രിക്ക കളംപിടിച്ചു. നാലം വിക്കറ്റിൽ ഈ സഖ്യം ഇന്ത്യയുടെ സ്റ്റാർ സ്പിന്നർ വരുൺ ചക്രവർത്തിയെ അടക്കം കടന്നാക്രമിച്ചു. അപകടകാരിയായി മറിയ ബ്രെവിസിനെ മടക്കി ശിവം ദുബെയാണ് 97 റൺസ് നീണ്ട ഈ സഖ്യം പൊളിച്ചത്. 29 പന്തിൽ മൂന്നു ഫോറും അത്രയും സിക്സും സഹിതം 45 റൺസുമായി ബ്രെവിസിന്‍റെ മടക്കം.
പിന്നെയെത്തിയ ട്രിസ്റ്റൺ സ്റ്റബ്സും മില്ലറിന് പറ്റിയ കൂട്ടാളിയായി. 35 പന്തിൽ 63 റൺസ് കൊയ്ത മില്ലർ ഇന്ത്യൻ ബൗളർമാർക്ക് ഒരു ബഹുമാനവും നൽകിയില്ല. ഏഴു ഫോറും മൂന്നു സിക്സും പറത്തിയ മില്ലറെ 16-ാം ഓവറിൽ വരുൺ ഡഗ് ഔട്ടിലേക്ക് അയയ്ക്കുമ്പോൾ ദക്ഷിണാഫ്രിക്കൻ സ്കോർ 150 കടന്നിരുന്നു. തുടർന്ന് മാർക്കോ യാൻസൻ (2), കോർബിൻ ബോഷ് (5) നിരാശപ്പെടുത്തി. എങ്കിലും അവസാന ഓവറിൽ ഹാർദിക് പാണ്ഡ്യയെ രണ്ടു പടുകൂറ്റൻ സിക്സുകൾക്ക് അടക്കം ശിക്ഷിച്ച് കത്തിക്കയറിയ സ്റ്റബ്സ് (24 പന്തിൽ 44 *, ഒരു ഫോർ, മൂന്ന് സിക്സ്) ദക്ഷിണാഫ്രിക്കൻ സ്കോറിന് അവസാന വട്ട കുതിപ്പേകി. ഇന്ത്യയ്ക്കായി ബുംറ മൂന്നും അർഷ്ദീപ് രണ്ടും വീതം വിക്കറ്റുകൾ പോക്കറ്റിലാക്കി. ബുംറയും അർഷദീപും മാത്രമേ ഇന്ത്യൻ ബൗളർമാരിൽ റൺസ് വഴങ്ങുന്നതിൽ പിശുക്കു കാട്ടിയുള്ളൂ. വരുണും ഹാർദിക്കും ദുബെയുമാണ് പ്രഹരം ഏറെ ഏറ്റുവാങ്ങിയത്.
ടീമുകൾ
ഇന്ത്യ: അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്‍റൺ ഡികോക്ക് (വിക്കറ്റ് കീപ്പർ), റിയാൻ റിക്കിൾടൺ, ഡിവാൾഡ് ബ്രീവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, മാർക്കോ യാൻസൻ, കോർബിൻ ബോഷ്, കാഗിസോ റബാദ, കേശവ് മഹാരാജ്, ലുംഗി എൻഗിഡി.