സ്മൃതി മന്ഥന, ഷഫാലി വർമ

 
Sports

സ്മൃതി- ഷഫാലി സഖ‍്യം ചേർത്ത വെടിക്കെട്ടിന് മറുപടി നൽകാതെ ലങ്ക; നാലാം ടി20യിലും ജയം

30 റൺസിനാണ് ഇന്ത‍്യ വിജയിച്ചത്

Aswin AM

തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത‍്യക്ക് ജയം. 30 റൺസിനാണ് ഇന്ത‍്യ വിജയിച്ചത്. ആദ‍്യ നാലു ടി20 മത്സരങ്ങളും വിജയം നേടിയതോടെ ഇന്ത‍്യ പരമ്പരയിൽ മുന്നിലായി. നിശ്ചിത 20 ഓവറിൽ ഇന്ത‍്യ ഉയർത്തിയ 222 റൺസ് വിജയലക്ഷ‍്യം മറികടക്കാൻ ശ്രീലങ്കയ്ക്ക് സാധിച്ചില്ല. വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ലങ്ക 6 വിക്കറ്റ് നഷ്ടത്തിൽ 191 റൺസടിച്ചു. ക‍്യാപ്റ്റൻ ചമാരി അത്തപ്പത്തുവിന് (37 പന്തിൽ 52) മാത്രമാണ് ലങ്കൻ ബാറ്റിങ് നിരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്.

ചമാരിക്കു പുറമെ ഓപ്പണിങ് ബാറ്റർ ഹാസിനി പെരേര 20 പന്തിൽ 33 റൺസും ഇമേഷ ധുലാനി (29), ഹർഷിത സമരവിക്രമ (20), നിലാക്ഷിക സിൽവ (23) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും വിജയം നേടാനായില്ല. ഇന്ത‍്യക്കു വേണ്ടി അരുന്ധതി റെഡ്ഡി, വൈഷ്ണവി ശർമ എന്നിവർ രണ്ടും ശ്രീചരണി ഒരു വിക്കറ്റും വീഴ്ത്തി. മികച്ച തുടക്കമായിരുന്നു ഓപ്പണിങ് ബാറ്റർമാരായ ചമാരി അത്തപ്പത്തുവും ഹാസിനി പെരേരയും ടീമിന് നൽകിയത്.

3.3 ഓവർ പിന്നിടുമ്പോൾ 50 റൺസ് പൂർത്തിയാക്കി മികച്ച റൺറേറ്റിൽ മുന്നോട്ട് പോയെങ്കിലും ടീം സ്കോർ 59 റൺസിൽ നിൽക്കെ ആദ‍്യ വിക്കറ്റ് വീണു. ഹാസിനി പെരേരയെ അരുന്ധതി റെഡ്ഡി പുറത്താക്കുകയായിരുന്നു.എന്നാൽ രണ്ടാം വിക്കറ്റിൽ അത്തപ്പത്തുവും ഇമേഷ ധുലാനിയും ചേർന്ന് പടുത്തുയർത്തിയ 50 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിൽ ടീം സ്കോർ ഉയർന്നെങ്കിലും 116 റൺസിൽ നിൽക്കെ അത്തപ്പത്തുവും 140 റൺസിൽ നിൽക്കെ ഇമേഷയും പുറത്തായത് ടീമിന് തിരിച്ചടിയായി. ഇതോടെ പ്രതിരോധത്തിലായ ടീമിന് പിന്നീട് ഒരു തിരിച്ചുവരവിന് സാധിച്ചില്ല. ഇതോടെ 30 റൺസിന് ഇന്ത‍്യ വിജയം നേടി.

നേരത്തെ ഓപ്പണിങ് ബാറ്റർമാരായ ഷഫാലി വർമയുടെയും സ്മൃതി മന്ഥനയുടെയും വെടിക്കെട്ട് പ്രകടനത്തിന്‍റെ മികവിലാണ് ഇന്ത‍്യ ശ്രീലങ്കയ്ക്കെതിരേ കൂറ്റൻ വിജയലക്ഷ‍്യം പടുത്തുയർത്തിയത്. സ്മൃതി 48 പന്തിൽ 11 ബൗണ്ടറിയും 3 സിക്സും ഉൾപ്പടെ 80 റൺസും ഷഫാലി 46 പന്തിൽ 12 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പടെ 79 റൺസും നേടി. ഒന്നാം വിക്കറ്റിൽ 162 റൺസാണ് ഇരുവരും അടിച്ചെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യൻ വനിതകൾക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. തുടക്കത്തിലെ ആക്രമണോത്സുക ബാറ്റിങ് പുറത്തെടുത്ത് ഓപ്പണർമാർ ടീമിനെ മുന്നോട്ടു കൊണ്ടുപോയി. ഒടുവിൽ 15.2 ഓവർ വരെ കാത്തിരിക്കേണ്ടി വന്നു ശ്രീലങ്കയ്ക്ക് ഒരു വിക്കറ്റ് വീഴ്ത്താൻ.

ആദ‍്യ വിക്കറ്റ് വീണെങ്കിലും റൺനില കുറയുമെന്ന ശ്രീലങ്കൻ പ്രതീക്ഷകൾ‌ക്ക് പ്രഹരമേൽപ്പിച്ചുകൊണ്ടായിരുന്നു റിച്ച ഘോഷിന്‍റെ നിർണായക ബാറ്റിങ് വിസ്ഫോടനം. 16 പന്തിൽ 3 സിക്സുകളും 4 ബൗണ്ടറിയും ഉൾപ്പടെ 250 സ്ട്രൈക്ക് റേറ്റിൽ 40 റൺസാണ് റിച്ച അടിച്ചെടുത്തത്. ഇതോടെ ടീം സ്കോർ ഉയർന്നു. മറുവശത്ത് 10 പന്തുകൾ നേരിട്ട് ക‍്യാപ്റ്റൻ ഹർമൻപ്രീത് കൗർ പുറത്താവാതെ നിന്നു.

തുടക്കത്തിലെ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ ഹർമൻ അവസാന ഓവറുകളിലാണ് ബൗണ്ടറികൾ പറത്തിയത്. ഇതോടെ ശ്രീലങ്ക‍യ്ക്കു മുന്നിൽ 222 റൺസെന്ന കൂറ്റൻ വിജയലക്ഷ‍്യം ഉയർത്താൻ ഇന്ത‍്യക്ക് സാധിച്ചു.

"ശബരിമല സ്വർണക്കൊള്ള തിരിച്ചടിച്ചു": സിപിഎം

10,000 റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഇനി സ്മൃതിയും; സാക്ഷിയായി കേരളക്കര

ദ്വദിന സന്ദർശനം; ഉപരാഷ്ട്രപതി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും

മുഖ‍്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ എഐ ചിത്രം; എൻ. സുബ്രമണ‍്യനെ വീണ്ടും ചോദ‍്യം ചെയ്യും

പക്ഷിപ്പനി ഭീഷണി; ആലപ്പുഴയിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, ഡിസംബർ 30 വരെ ഹോട്ടലുകൾ അടച്ചിടും