സെഞ്ചുറി നേടിയ ധ്രുവ് ജുറലിന്‍റെ ആഹ്ലാദ പ്രകടനം
അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ രണ്ടാം ദിനം പൂർത്തിയായപ്പോൾ ഇന്ത‍്യക്ക് 286 റൺസ് ലീഡ്. കെ.എൽ. രാഹുൽ (100), രവീന്ദ്ര ജഡേജ(104 നോട്ട് ഔട്ട്), ധ്രുവ് ജുറൽ (125) എന്നിവരുടെ സെഞ്ചുറിയുടെ മികവിലാണ് ഇന്ത‍്യ കൂറ്റൻ സ്കോറിലെത്തിയത്.
രണ്ടാം ദിനം പൂർത്തിയായപ്പോൾ ഇന്ത‍്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 448 റൺസ് നേടി. 104 റൺസുമായി ജഡേജയും 9 റൺസുമായി വാഷിങ്ടൺ സുന്ദറുമാണ് ക്രീസിൽ. ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ (50), കെ.എൽ. രാഹുൽ (100), ധ്രുവ് ജുറൽ എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനത്തിൽ ഇന്ത‍്യക്ക് നഷ്ടമായത്. ഓപ്പണിങ് ബാറ്ററായ യശസ്വി ജയ്സ്വാൾ (36), സായ് സുദർശൻ (7) എന്നിവർ ആദ‍്യ ദിനം തന്നെ പുറത്തായിരുന്നു.
ഇന്ത‍്യക്ക് മികച്ച തുടക്കം സമ്മാനിച്ചത് കെ.എൽ. രാഹുലിന്‍റെ പ്രകടനമായിരുന്നു. എന്നാൽ സെഞ്ചുറി നേടിയതിനു പിന്നാലെ ജോമൽ വാരികന്‍റെ പന്തിൽ ജസ്റ്റിൻ ഗ്രീവ്സിന് ക‍്യാച്ച് നൽകി രാഹുൽ മടങ്ങി. നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 190 പന്തിൽ നിന്നുമാണ് രാഹുൽ സെഞ്ചുറി നേടിയത്. ഇതോടെ 11 ടെസ്റ്റ് സെഞ്ചുറിയായി താരത്തിന്‍റെ പേരിൽ. ഇന്ത‍്യയിൽ രാഹുലിന്‍റെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണ് അഹമ്മദാബാദിൽ പിറന്നത്.
രാഹുൽ പുറത്തായതിനു പിന്നാലെ ജഡേജ- ജുറൽ സഖ‍്യം അഞ്ചാം വിക്കറ്റിൽ 206 റൺസാണ് അടിച്ചുകൂട്ടിയത്. 15 ബൗണ്ടറിയും മൂന്ന് സിക്സും ഉൾപ്പെടുന്ന ജുറലിന്‍റെ കന്നി സെഞ്ചുറി തകർത്തത് വെസ്റ്റ് ഇൻഡീസ് താരം ഖാരി പിയേറെയാണ്. വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിന് ക‍്യാച്ച് നൽകിയായിരുന്നു ജുറലിന്‍റെ മടക്കം. അതേസമയം ജഡേജയുടെ ആറാം സെഞ്ചുറിയാണ് അഹമ്മദാബാദിൽ കുറിച്ചത്.
നേരത്തേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിൻഡീസ് 162 റൺസിന് പുറത്തായിരുന്നു. ജസ്റ്റിൻ ഗ്രീവ്സ് (32), ക‍്യാപ്റ്റൻ റോസ്റ്റൺ ചേസ് (24), ഷായ് ഹോപ്പ് (26) എന്നിവർ മാത്രമാണ് വിൻഡീസ് നിരയിൽ പൊരുതി നിന്നത്. ഇന്ത‍്യക്കു വേണ്ടി പേസർ മുഹമ്മദ് സിറാജ് നാലും ജസ്പ്രീത് ബുംറ മൂന്നും കുൽദീപ് യാദവ് രണ്ടു വിക്കറ്റും വീഴ്ത്തി. 2 വിക്കറ്റ് നഷ്ടത്തിൽ 121 റൺസെന്ന നിലയിലായിരുന്നു രണ്ടാം ദിനം കളി ആരംഭിച്ചത്. രാഹുലിനൊപ്പം ചേർന്ന് 98 റൺസ് കൂട്ടുകെട്ടുണ്ടാക്കാൻ ഗില്ലിന് സാധിച്ചെങ്കിലും 50 റൺസെടുത്ത് ഗിൽ മടങ്ങി.