സ്പിന്നിൽ കറങ്ങി വെസ്റ്റ് ഇൻഡീസ്; രണ്ടാം ടെസ്റ്റിൽ ബാറ്റിങ് തകർച്ച

 
Sports

സ്പിന്നിൽ കറങ്ങി വെസ്റ്റ് ഇൻഡീസ്; രണ്ടാം ടെസ്റ്റിൽ ബാറ്റിങ് തകർച്ച

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് രണ്ടാം ദിനം പൂർത്തിയായപ്പോൾ 140 റൺസിനിടെ 4 വിക്കറ്റുകൾ നഷ്ടമായി

Aswin AM

ന‍്യൂഡൽഹി: ഇന്ത‍്യക്കെതിരായ രണ്ടാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിന് ബാറ്റിങ് തകർച്ച. ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 518 റൺസിന് ഇന്ത‍്യ ഡിക്ലയർ ചെയ്തതിനു പിന്നാലെ മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് രണ്ടാം ദിനം പൂർത്തിയായപ്പോൾ 140 റൺസിനിടെ 4 വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമാരായ ജോൺ ക‍്യാംപൽ (10), തേജ്നരൈയ്ൻ ചന്ദർപോൾ (34), ആലിക് അതനാസ് (41), ക‍്യാപ്റ്റൻ റോസ്റ്റൺ ചേസ് (0) എന്നിവരാണ് പുറത്തായത്.

ഇന്ത‍്യക്കു വേണ്ടി രവീന്ദ്ര ജഡേജ മൂന്നും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. 31 റൺസുമായി ഷായ് ഹോപ്പും 14 റൺസുമായി തെവിൻ ഇംലാച്ചുമാണ് ക്രീസിൽ. ഒന്നാം ടെസ്റ്റിനെ അപേക്ഷിച്ച് ഇത്തവണ വിൻഡീസ് ബാറ്റർമാർ അൽപ്പം പൊരുതിയെങ്കിലും ഫലമുണ്ടായില്ല. ടീം സ്കോർ 21 റൺസിൽ നിൽക്കെ ഓപ്പണർ ജോൺ ക‍്യാംപലിന്‍റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി.

പിന്നീട് തേജ്നരൈയ്ൻ ചന്ദർപോളും ആലിക് അതനാസും ചേർന്ന് ടീമിനെ മുന്നോട്ട് കൊണ്ടുപോയെങ്കിലും രവീന്ദ്ര ജഡേജ തേജ്നരൈയ്നെ പുറത്താക്കികൊണ്ട് കൂട്ടുകെട്ട് തകർത്തു. രണ്ടാം വിക്കറ്റിൽ തേജ്നരൈയ്ൻ ആലിക് സഖ‍്യം 50 റൺസാണ് ചേർത്തത്. പിന്നാലെ അതനാസും പുറത്തായതോടെ വിൻഡീസ് പ്രതിരോധത്തിലായി. തുടർന്ന് ക‍്യാപ്റ്റൻ റോസ്റ്റൺ ചേസും റൺസ് കണ്ടെത്താനാവാതെ മടങ്ങിയതോടെയാണ് 140 റൺസിനിടെ ടീമിന് നാലു വിക്കറ്റ് നഷ്ടമായത്.

നേരത്തെ ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്‍റെ സെഞ്ചുറിയുടെ മികവിലാണ് ഇന്ത‍്യ 518 എന്ന കൂറ്റൻ സ്കോറിലെത്തിയത്. 196 പന്തിൽ 16 ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പടെ 129 റൺസാണ് താരം അടിച്ചു കൂട്ടിയത്. ഗില്ലിനു പുറമെ യശസ്വി ജയ്സ്വാൾ (176), ധ്രുവ് ജുറൽ (44), നിതീഷ് കുമാർ റെഡ്ഡി (43) എന്നിവരും തിളങ്ങി. സ്പിന്നർമാരായ ജോമൽ വാരിക്കാനും റോസ്റ്റൺ ചേസിനും മാത്രമെ വിൻഡീസ് നിരയിൽ വിക്കറ്റ് വീഴ്ത്താൻ സാധിച്ചുള്ളൂ. ജോമൽ വാരിക്കാൻ മൂന്നും റോസ്റ്റൺ ചേസ് ഒരു വിക്കറ്റും വീഴ്ത്തിയപ്പോൾ പേസർമാർ നിരാശപ്പെടുത്തി.

രണ്ടു വിക്കറ്റ് നഷ്ടത്തിൽ 318 റൺസെന്ന നിലയിലായിരുന്നു രണ്ടാം ദിനം ഇന്ത‍്യ ബാറ്റിങ് ആരംഭിച്ചത്. ഇരട്ട സെഞ്ചുറിയിലേക്ക് ജയ്സ്വാൾ നീങ്ങിയെങ്കിലും ധാരണപ്പിശക് മൂലം റണ്ണൗട്ടാവുകയായിരുന്നു. ജയ്സ്വാൾ മടങ്ങിയ ശേഷം ഗിൽ- നിതീഷ് സഖ‍്യം 91 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് നിതീഷ് പുറത്തായെങ്കിലും ജുറലിനൊപ്പം ചേർന്ന് ഗിൽ സ്കോർനില ഉയർത്തി. അഞ്ചാം വിക്കറ്റിൽ ഗിൽ ജുറൽ സഖ‍്യം 102 റൺസ് ചേർത്തു.

അതേസമയം, ഒന്നാം ദിനത്തിൽ മികച്ച തുടക്കമായിരുന്നു ഓപ്പണർമാരായ കെ.എൽ. രാഹുലും യശസ്വി ജയ്സ്വാളും നൽകിയത്. ജയ്സ്വാൾ കരുതലോടെ നീങ്ങിയപ്പോൾ കെ.എൽ. രാഹുൽ ആക്രമണോത്സുക പുറത്തെടുത്ത് ബാറ്റു വീശി. പിന്നീട് ജോമൽ വാരിക്കാൻ എറിഞ്ഞ പന്ത് സ്റ്റെപ്പ് ഔട്ട് ചെയ്ത് കളിക്കാനുള്ള രാഹുലിന്‍റെ ശ്രമം പാളുകയും വിക്കറ്റ് കീപ്പർ തെവിൻ ഇംലാച്ച് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ യശസ്വി ജയ്സ്വാളിനൊപ്പം ചേർന്ന് 58 റൺസ് കൂട്ടുകെട്ട് നേടിയ ശേഷമാണ് രാഹുൽ പുറത്തായത്. എന്നാൽ തെല്ലും ഭയമില്ലാതെ വിൻഡീസ് ബൗളർമാരെ അടിച്ചതൊക്കി ജയ്സ്വാൾ സ്കോർബോർഡ് ഉയർത്തി.

രാഹുൽ പുറത്തായതിനു ശേഷം ക്രീസിലെത്തിയ സായ് സുദർശൻ ജയ്സ്വാളിനൊപ്പം ചേർന്ന് റൺവേട്ട തുടർന്നതോടെയാണ് ടീം സ്കോർ ഉയർന്നത്. എന്നാൽ ജോയൽ വാരിക്കാൻ സായ് സുദർശനെ പുറത്താക്കികൊണ്ട് ജയ്സ്വാൾ- സായ് കൂട്ടുകെട്ട് തകർത്തു.

193 റൺസായിരുന്നു രണ്ടാം വിക്കറ്റിൽ ഇരുവരും ചേർത്തത്. അർധസെഞ്ചുറി തികച്ചതിനു പിന്നാലെ സായ് സുദർശന്‍റെ ക‍്യാച്ച് വിൻഡീസ് കൈവിടുകയും പിന്നീട് ബൗളർമാർക്ക് വിക്കറ്റ് വീഴ്ത്താൻ സാധിക്കാതെ വന്നതും തിരിച്ചടിയായി. 13 റൺസിനാണ് സായ് സുദർശന് സെഞ്ചുറി നഷ്ടമായത്. 165 പന്തിൽ 12 ബൗണ്ടറികൾ ഉൾപ്പടെ 87 റൺസാണ് താരം അടിച്ചത്. ഒന്നാം ടെസ്റ്റ് വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിൽ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത‍്യ കളത്തിലിറങ്ങിയത്. ഈ മത്സരം കൂടി വിജയിച്ചാൽ 2-0 ന് ഇന്ത‍്യക്ക് പരമ്പര നേടാം.

ഉദ്ഘാടനത്തിനിടെ പാഞ്ഞെത്തിയ സ്വകാര‍്യ ബസുകൾക്കെതിരേ നടപടി സ്വീകരിച്ച് ഗതാഗത മന്ത്രി

MPTM 2025: മധ്യപ്രദേശ് ടൂറിസത്തിനു പുതിയ കുതിപ്പ്

ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു; ടി20 ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി നമീബിയ

പ്രൈം വോളിബോള്‍ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ വീഴ്ത്തി ബംഗളൂരു ടോര്‍പിഡോസ്

ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ 10 പ്രതികൾ; ശബരിമലയിലെ സ്വർണക്കൊള്ളയിൽ കേസെടുത്തു