ജോൺ ക‍്യാംപൽ, ഷായ് ഹോപ്പ്
ന‍്യൂഡൽഹി: ഇന്ത‍്യക്കെതിരായ രണ്ടാം ടെസ്റ്റിൽ അർധസെഞ്ചുറി നേടി വെസ്റ്റ് ഇൻഡീസ് താരങ്ങളായ ജോൺ ക‍്യാംപലും (87 നോട്ടൗട്ട് ) ഷായ് ഹോപ്പും (66 നോട്ടൗട്ട്). ഒന്നാം ഇന്നിങ്സിൽ ഇന്ത‍്യ ഉയർത്തിയ 518 റൺസ് മറികടക്കാൻ ബാറ്റേന്തിയ വിൻഡീസ് 248 റൺസിന് കൂടാരം കയറിയെങ്കിലും രണ്ടാം ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് ഭേദപ്പെട്ട സ്കോറിലെത്തിയിരിക്കുകയാണ്. മൂന്നാം ദിനം പൂർത്തിയായപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 172 റൺസെന്ന നിലയിലാണ് ടീം.
രണ്ടാം ഇന്നിങ്സിൽ അത്ര മികച്ച തുടക്കമായിരുന്നില്ല വിൻഡീസിനു ലഭിച്ചത്. ടീം സ്കോർ 17 റൺസ് ചേർക്കുന്നതിനിടെ തേജ്നരൈ്യൻ ചന്ദർപോളിനെ ടീമിനു നഷ്ടമായി. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. എന്നാൽ ജോൺ ക‍്യാംപലും ഷായ് ഹോപ്പും ക്രീസിൽ നിലയുറപ്പിച്ചതോടെ ഇന്ത‍്യൻ ബൗളർമാർ പ്രതിരോധത്തിലായി. മൂന്നാം വിക്കറ്റിൽ 150 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. ലീഡ് നേടാൻ വിൻഡീസിന് ഇനി 97 റൺസ് കൂടി വേണം.
നേരത്തെ കുൽദീപ് യാദവിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനത്തിലായിരുന്നു ഇന്ത‍്യ വിൻഡീസിനെ 248 റൺസിന് ഓൾ ഔട്ടാക്കിയത്. നാലുവിക്കറ്റ് നഷ്ടത്തിൽ 140 റൺസെന്ന നിലയിൽ മൂന്നാം ദിനം ആരംഭിച്ച വിൻഡീസ് ബാറ്റർമാർക്ക് കുൽദീപിനെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല.
മൂന്നാം ദിനം ലീഡിനു വേണ്ടി ബാറ്റേന്തിയ വിൻഡീസിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായിരുന്നു. ടീം സ്കോർ 156ൽ നിൽക്കെ ഷായ് ഹോപ്പിന്‍റെ (36) വിക്കറ്റാണ് ആദ‍്യം നഷ്ടമായത്. പിന്നീട് തെവിൻ ഇംലാച്ചും (21), ജസ്റ്റിൻ ഗ്രീവ്സും (17) ഉടനെ പുറത്തായതോടെ വിൻഡീസ് പ്രതിരോധത്തിലായി. തുടർന്ന് ജോമൽ വാരിക്കാനെ (1) മുഹമ്മദ് സിറാജ് ബൗൾഡ് ആക്കിയതോടെ വിൻഡീസിന്‍റെ വാലറ്റം തകർന്നടിഞ്ഞു.
ആൻഡേഴ്സൺ ഫിലിപ്പ് ഖാരി പിയറി സഖ‍്യത്തിന്‍റെ കൂട്ടുകെട്ടിന്‍റെ മികവിലാണ് ടീം സ്കോർ 200 കടന്നത്. ഖാരി പിയറി 23 റൺസും ജെയ്ഡൻ സീൽസ് 13 റൺസുമെടുത്ത് പുറത്തായി. ആൻഡേഴ്സൺ ഫിലിപ്പ് മാത്രമാണ് 24 റൺസുമായി പുറത്താവാതെ നിന്നത്. കുൽദീപിനു പുറമെ രവീന്ദ്ര ജഡേജ മൂന്നും മുഹമ്മദ് സിറാജ് ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.