സിംബാബ്വെ പര്യടനത്തിൽ ഇന്ത്യയുടെ മുഖ്യ പരിശീലകൻ വി.വി.എസ്. ലക്ഷ്മൺ.

 
Sports

ഇംഗ്ലണ്ടിനോട് തോറ്റതിന് സിംബാബ്‌വെയോട് കണക്ക് തീർക്കാൻ ഇന്ത്യ

ഇന്ത്യയും സിംബാബ്വെയും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച ഹരാരെയിൽ.

Sports Desk

ഹരാരെ: സിംബാബ്‌വെക്കെതിരായ ടി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ത്യ വ്യാഴാഴ്ച ഇറങ്ങുന്നു. മത്സരം ഇന്ത്യൻ സമയം വൈകിട്ട് 4:30-ന് ആരംഭിക്കും. ഇന്ത്യൻ ക്യാപ്റ്റനായി ഏഴ് മത്സരങ്ങൾ പിന്നിട്ടിട്ടും ജയമറിയാത്ത ശ്രേയസ് അയ്യർക്ക് ഇത് പരീക്ഷണ കാലം. അയർലൻഡിനെതിരേ കളിച്ച രണ്ട് കളിയും തോറ്റു. ഇംഗ്ലണ്ടിനെതിരേ നാലെണ്ണം തോറ്റു, ഒരെണ്ണ മഴ മുടക്കിയതിനാൽ രക്ഷപെട്ടു.

സിംബാബ്‌വെ പര്യടനത്തിൽ ഗൗതം ഗംഭീറിന്‍റെ സ്ഥാനത്ത് വി.വി.എസ്. ലക്ഷ്മൺ ആയിരിക്കും താത്കാലികമായി ഇന്ത്യൻ പരിശീലകൻ. ഗംഭീറിനെ പോലെ പ്ലേയിങി ഇലവനിൽ നിരന്തരം പരീക്ഷണങ്ങൾ നടത്തുന്ന രീതി ലക്ഷ്മണിന് ഇല്ല. സഞ്ജു സാംസൺ ടീമിൽ തന്നെ ഇല്ലാത്തതിനാൽ അഭിഷേക് ശർമയ്‌ക്കൊപ്പം മൂന്ന് മത്സരങ്ങളിലും ഓപ്പണറായി ഇറങ്ങാൻ വൈഭവ് സൂര്യവംശിക്ക് അവസരം കിട്ടിയേക്കും. പ്രഭ്സിമ്രൻ സിങ്ങാണ് ടീമിലുള്ള റിസർവ് ഓപ്പണർ.

അഭിഷേകിനും സൂര്യവംശിക്കും മികച്ച ഓർമകളുള്ള വേദിയാണ് ഹരാരെ സ്പോർട്സ് ക്ലബ് മൈതാനം. അഭിഷേക് ഇവിടെയാണ് തന്‍റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചതും പിന്നീട് തന്‍റെ രണ്ടാം മത്സരത്തിൽ ആദ്യ ടി20 സെഞ്ച്വറി നേടിയതും. സൂര്യവംശിയെ സംബന്ധിച്ചിടത്തോളം, ഈ വർഷം ഫെബ്രുവരി 6-ന് ജൂനിയർ ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് അണ്ടർ-19 ടീമിനെതിരെ കൂറ്റൻ സെഞ്ചുറി നേടിയ അതേ മൈതാനമാണിത്.

എന്നാൽ, ഈ പരമ്പരയുടെ പശ്ചാത്തലം വ്യത്യസ്തമാണ്. പുതിയ ബൗളിങ് നിരയുമായി പരീക്ഷണം നടത്താനുള്ള അവസരമായാണ് കരുതിയിരുന്നതെങ്കിലും, സമീപകാല പരാജയങ്ങൾ കാരണം ഇത് ജയിച്ചേ തീരൂ എന്ന നിലയിലായിരിക്കുന്നു. ഈർപ്പവും ബൗൺസുമുള്ള ഹരാരെ സ്പോർട്സ് ക്ലബ് പിച്ചുകളിൽ ഉച്ചസമയത്ത് നടക്കുന്ന മത്സരങ്ങൾ ബാറ്റർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യതയുണ്ട്. മികച്ച ഫുട്ട് വർക്കുള്ള ശ്രേയസ് അയ്യരെ പോലുള്ള ബാറ്റർമാർക്ക് മികച്ച രീതിയിൽ സ്കോർ ചെയ്യാനും സാധിക്കും.

ബ്ലെസിങ് മുസരബാനിയും റിച്ചാർഡ് എൻഗാരവയും ഉൾപ്പെടുന്ന സിംബാബ്‌വെ പേസ് നിര നിലവാരമുള്ളതാണ്. അതുകൊണ്ടുതന്നെ, ലക്ഷ്മണിന്‍റെ തന്ത്രങ്ങൾ കണ്ടറിയേണ്ടതുണ്ട്.

വൈസ് ക്യാപ്റ്റൻ തിലക് വർമ അഞ്ചാം നമ്പറിൽ സ്ഥിരത പുലർത്തുന്നില്ല. മികച്ച പ്രകടനം നടത്തിയിട്ടുള്ള മൂന്നാം നമ്പറിലാകട്ടെ, ഇഷാൻ കിഷനാണ് ഇപ്പോൾ കളിക്കുന്നത്. എന്നാൽ, അഞ്ചാം നമ്പറിൽ തിലകിനെക്കാൾ മികച്ച ഫിനിഷറായ റിങ്കു സിങ് ശോഭിക്കാൻ സാധ്യതയുണ്ടെങ്കിലും, വൈസ് ക്യാപ്റ്റൻ പ്ലെയിങ് ഇലവനു പുറത്തുനിർത്താൻ സാധ്യത കുറവ്.

ഹർഷ് ദുബെ, ശിവം ദുബെ, സൂര്യാംശ് ഷെഡ്ഗെ എന്നിവരിൽ രണ്ട് പേരെ തെരഞ്ഞെടുക്കുക എന്നതാണ് ലക്ഷ്മണിനു മുന്നിലുള്ള മറ്റൊരു വെല്ലുവിളി. ഇവരിൽ ആരും ഹാർദിക് പാണ്ഡ്യയെപ്പോലെ മികവ് തെളിയിച്ച സമ്പൂർണ ഓൾറൗണ്ടർമാരല്ല. സീം, സ്വിങ് ബൗളിങ്ങിനെ സഹായിക്കുന്ന സാഹചര്യങ്ങളിൽ ശിവം ദുബെ ബാറ്റർ എന്ന നിലയിൽ ബുദ്ധിമുട്ടും. എന്നിരുന്നാലും, രണ്ട് ടി20 ലോകകപ്പ് വിജയങ്ങളുടെ അനുഭവം അദ്ദേഹത്തിനുണ്ട്. ഷെഡ്ഗെയുടെ ബൗളിങ് ശരാശരി മാത്രമാണ്, അതുപോലെ തന്നെയാണ് ഹർഷ് ദുബെയുടെ ബാറ്റിങ്ങും. ഗംഭീറിന് ഓൾറൗണ്ടർമാരോട് പ്രത്യേക താത്പര്യമുണ്ടായിരുന്നെങ്കിലും ലക്ഷ്മൺ അങ്ങനെയല്ല.

മായങ്ക് യാദവ്, അശോക് ശർമ, പ്രിൻസ് യാദവ്, യാഷ് ഠാക്കൂർ എന്നീ യുവ പേസ് ക്വാർട്ടറ്റിൽ ആർക്കും നല്ല ബാറ്റിങ് റെക്കോഡില്ല. കൂട്ടത്തിൽ പരിചയസമ്പന്നൻ എന്നു വിളിക്കാവുന്ന പ്രിൻസ് യാദവ് ടീമിലുണ്ടാകും. ന്യൂബോൾ പങ്ക് വയ്ക്കാൻ മായങ്കിനെ നിയോഗിക്കാനാണ് സാധ്യത. മൂന്നാം പേസറുടെ കാര്യത്തിൽ, മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ പന്തെറിയാൻ കഴിയുന്ന അശോക് ശർമയോ അതോ കൂടുതൽ കൃത്യതയുള്ള യഷ് ഠാക്കൂറോ എന്നാണ് തീരുമാനിക്കേണ്ടത്.

ടീമുകൾ

ഇന്ത്യ: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, ശിവം ദുബെ, ഹർഷ് ദുബെ, സൂര്യാംശ് ഷെഡ്ഗെ, യഷ് ഠാക്കൂർ, പ്രിൻസ് യാദവ്, മയങ്ക് യാദവ്, അശോക് ശർമ, രവി ബിഷ്ണോയ്, പ്രഭ്സിമ്രൻ സിങ്, റിങ്കു സിങ്.

സിംബാബ്‌വെ: സിക്കന്ദർ റാസ (ക്യാപ്റ്റൻ), ബ്രയാൻ ബെനെറ്റ്, റയാൻ ബേൾ, തനാക ചിവംഗ, ബെൻ കുറാൻ, ബ്രാഡ് ഇവാൻസ്, വെസ്ലി മധേവെരെ, തടിവാനഷെ മരുമാനി, വെല്ലിങ്ടൺ മസകദ്സ, ബ്ലെസിങ് മുസരബാനി, ഡിയോൺ മേയേഴ്സ്, റിച്ചാർഡ് എൻഗാരവ, ന്യൂമാൻ ന്യാംഹുരി, മിൽട്ടൺ ഷുംബ, താഫദ്സ്വ സിഗ.

എന്തിനാണ് സമരം? ആ സമയം കൂടി ഇരുന്ന് പഠിച്ചുകൂടെ! സിജെപി സമരത്തിനെതിരേ നീറ്റ് ടോപ്പര്‍

160 യാത്രക്കാരുമായി ചുരം കയറി; പ്രിയദർശിനി ബസിന്‍റെ ജോയിന്‍റ് ഒടിഞ്ഞ് അപകടം

ബുധനാഴ്ചയും വ്യാഴാഴ്ച‍യും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്

ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം; ബെംഗളൂരുവിലെ ബിജെപി ഓഫിസിലേക്ക് പ്രതിഷേധ മാർച്ചുമായി കോൺഗ്രസ്

കശ്മീരിൽ ഭീകരാക്രമണം; അമർനാഥ് യാത്രയ്ക്ക് സുരക്ഷയൊരുക്കാൻ നിയോഗിച്ച പൊലീസുകാരൻ കൊല്ലപ്പെട്ടു