സിംബാബ്വെക്കെതിരായ മൂന്നാം ടി20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ വൈഭവ് സൂര്യവംശിയുടെ ഷോട്ട്.

 
Sports

വൈഭവിന് വീണ്ടും അർധ സെഞ്ചുറി; ഇന്ത്യക്ക് ക്ലീൻ സ്വീപ്പ്

സിംബാബ്‌വെക്കെതിരായ മൂന്നാം ടി20 ക്രിക്കറ്റ് മത്സരം 35 റൺസിനു ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരി. കൗമാര താരം വൈഭവ് സൂര്യവംശിക്ക് രണ്ടാം അർധ സെഞ്ചുറി.

Sports Desk

ഹരാരെ: ഇന്ത്യ - സിംബാബ്‌വെ ടി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യക്ക് 35 റൺസ് ജയം. ഇതോടെ പരമ്പര സന്ദർശകർ 3-0 എന്ന നിലയിൽ ക്ലീൻ സ്വീപ്പ് ചെയ്തു. അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റൺസും സന്ദർശകർ നേടി. ആതിഥേയരുടെ മറുപടി 157/7 എന്ന നിലയിൽ ഒതുങ്ങി.

കൗമാര താരം വൈഭവ് സൂര്യവംശിയുടെ രണ്ടാം അന്താരാഷ്ട്ര അർധ സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിങ്സിനു കരുത്ത് പകർന്നത്. 31 പന്തിൽ അമ്പത് കടന്ന വൈഭവ്, 49 പന്തിൽ 81 റൺസെടുത്താണ് പുറത്തായത്. എട്ട് ഫോറും നാല് സിക്സും ഉൾപ്പെട്ട ഇന്നിങ്സ്. പ്ലെയർ ഒഫ് ദ മാച്ച്, പ്ലെയർ ഒഫ് ദ സീരീസ് പുരസ്കാരങ്ങൾക്ക് വൈഭവ് സൂര്യവംശി അർഹനായി.

അഭിഷേക് ശർമയെ (2) പെട്ടെന്ന് നഷ്ടമായ ശേഷം ഇഷാൻ കിഷനെ കൂട്ടുപിടിച്ചാണ് വൈഭവ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടത്. 26 പന്തിൽ 29 റൺസുമായി കിഷനും മടങ്ങി.

വൈഭവിനു പിന്നാലെ ക്യാപ്റ്റൻ ശ്രേയസും (18 പന്തിൽ 27) പുറത്തായത് ഇന്ത്യൻ ഇന്നിങ്സിന്‍റെ ഗതിവേഗം കുറച്ചു. തിലക് വർമ 9 പന്തിൽ 11 റൺസുമായി പുറത്താകാതെ നിന്നപ്പോൾ, 14 പന്തിൽ 25 റൺസെ‌ടുത്ത റിങ്കു സിങ് ഇന്നിങ്സിലെ അവസാന പന്തിൽ പുറത്തായി.

മറുപടി ബാറ്റിങ്ങിൽ 65 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ സിംബാബ്‌വെയ്ക്ക് കാര്യമായ പോരാട്ടം പോലും പുറത്തെടുക്കാനായില്ല. അഞ്ചാം നമ്പറിൽ കളിച്ച റിയാൻ ബേൾ 43 പന്തിൽ 54 റൺസെടുത്ത് പുറത്താകാതെ നിന്നു.

ഇന്ത്യക്കായി ഫാസ്റ്റ് ബൗളർ മായങ്ക് യാദവ് 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. യാഷ് ഠാക്കൂർ രണ്ട് വിക്കറ്റ് നേടിയപ്പോൾ, അശോക് ശർമയ്ക്കും രവി ബിഷ്ണോയിക്കും ഓരോ വിക്കറ്റ് കിട്ടി.

ഈ വിജയത്തോടെ ശ്രേയസ് അയ്യരുടെ കീഴിൽ ഇന്ത്യക്ക് ആദ്യത്തെ പരമ്പര നേട്ടമായി. അയർലൻഡിലും ഇംഗ്ലണ്ടിലും കളിച്ച ടി20 പരമ്പരകളിൽ ഇന്ത്യ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയിരുന്നു.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്