രാജ്കോട്ട്: അയർലൻഡ് വനിതകൾക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യൻ വനിതാ ടീം 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 435 റൺസെടുത്ത ശേഷം എതിരാളികളെ 131 റൺസിനു പുറത്താക്കി. ഇന്ത്യൻ വനിതാ ടീമിന്‍റെ എക്കാലത്തെയും ഉയർന്ന ഏകദിന സ്കോറാണിത്. 304 റൺസ് വിജയം ഇന്ത്യൻ വനിതകൾ നേടുന്ന ഏറ്റവും വലിയ വിജയ മാർജിനും.
കഴിഞ്ഞ മത്സരത്തിൽ നേടിയ 370/5 എന്ന റെക്കോഡാണ് ഇന്ത്യൻ വനിതകൾ ബഹുദൂരം പിന്നിലാക്കിയത്. 304 റൺസ് ജയം കുറിച്ചപ്പോൾ, 2017ൽ അയർലൻഡിനെതിരേ തന്നെ നേടിയ 249 റൺസ് വിജയ മാർജിനും രണ്ടാം സ്ഥാനത്തായി.
ലോക വനിതാ ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ നാലാമത്തെ ഉയർന്ന ഏകദിന സ്കോറാണ് ഇന്ത്യ നേടിയത്. ഏറ്റവും ഉയർന്ന മൂന്ന് സ്കോറുകളും (491/4, 455/5, 440/3) ന്യൂസിലൻഡ് വനിതകളുടെ പേരിലാണ്.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിക്കഴിഞ്ഞ ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്മൃതി മന്ഥന മൂന്നാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. സ്മൃതിയും യുവ ഓപ്പണർ പ്രതീക റാവലും ഒരുമിച്ച ഓപ്പണിങ് കൂട്ടുകെട്ടിൽ തന്നെ 233 റൺസ് പിറന്നു. ഇരുവരും സെഞ്ചുറി നേടി. ഇന്ത്യൻ വനിതകളുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഏകദിന ഓപ്പണിങ് കൂട്ടുകെട്ടാണിത്.
പ്രതീക 129 പന്തിൽ 20 ഫോറും ഒരു സിക്സും സഹിതം 154 റൺസെടുത്തു. 100 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ പ്രതീക, അടുത്ത 29 പന്തിൽ 54 റൺസ് കൂടി കൂട്ടിച്ചേർത്തു. ഒരു ഇന്ത്യൻ വനിതാ ബാറ്ററുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ വ്യക്തിഗത സ്കോറാണ് ഇരുപത്തിനാലുകാരി സ്വന്തം പേരിൽ കുറിച്ചത്. ദീപ്തി ശർമയും (188) ഹർമൻപ്രീത് കൗറുമാണ് (171*) ആദ്യ രണ്ടു സ്ഥാനങ്ങളിൽ. ഷഫാലി വർമയുടെ ഫോം നഷ്ടം കാരണം ടീമിൽ ഇടം കിട്ടിയ പ്രതീക കരിയറിൽ ആറാമത്തെ മാത്രം ഏകദിനത്തിലാണ് തന്‍റെ കന്നി സെഞ്ചുറി കുറിച്ചിരിക്കുന്നത്. ഇതിനു മുൻപ് കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നിലും അർധ സെഞ്ചുറി നേടിയിരുന്നു.
40, 76, 18, 89, 67 and 154 എന്നിങ്ങനെയാണ് ആദ്യ ആറ് അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിൽ പ്രതീകയുടെ വ്യക്തിഗത സ്കോർ. ആകെ 444 റൺസ്. ഇതോടെ, കരിയറിലെ ആദ്യ ആറ് ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് എന്ന ലോക വനിതാ ക്രിക്കറ്റിലെ ലോക റെക്കോഡും പ്രതീക സ്വന്തം പേരിലാക്കി. ഇംഗ്ലണ്ടിന്‍റെ ഇതിഹാസ താരം ഷാർലറ്റ് എഡ്വേർഡ്സിന്‍റെ പേരിലുണ്ടായിരുന്ന 434 റൺസിന്‍റെ റെക്കോഡാണ് തകർന്നത്.
അതേസമയം, കൂടുതൽ ആക്രമണോത്സുകമായി ബാറ്റ് വീശിയ സ്മൃതി, വെറും 80 പന്തിൽ 12 ഫോറും ഏഴ് സിക്സും സഹിതം 135 റൺസും നേടി. സ്മൃതിയുടെ കരിയറിലെ പത്താം ഏകദിന സെഞ്ചുറിയാണിത്.
70 പന്തിൽ 100 കടന്ന ഇരുപത്തെട്ടുകാരി, ഒരു ഇന്ത്യൻ വനിതയുടെ വേഗമേറിയ ഏകദിന സെഞ്ചുറി എന്ന റെക്കോഡും സ്വന്തം പേരിൽ കുറിച്ചു. 87 പന്തിലും 90 പന്തിലും സെഞ്ചുറിയടിച്ചിട്ടുള്ള ഹർമൻപ്രീത് കൗറിന്‍റെ റെക്കോഡാണ് സ്മൃതി മറികടന്നത്. ഒരു ഏകദിന മത്സരത്തിൽ ഏഴ് സിക്സർ എന്ന ഹർമൻപ്രീതിന്‍റെ ഇന്ത്യൻ റെക്കോഡിനൊപ്പമെത്താനും സ്മൃതിക്കു സാധിച്ചു.
മൂന്നാം നമ്പറിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ട ബിഗ് ഹിറ്റിങ് വിക്കറ്റ് കീപ്പർ റിച്ച ഘോഷ് 42 പന്തിൽ 59 റൺസെടുത്തു. തുടർന്നെത്തിയവരിൽ തേജാൽ ഹസാബ്നി 28 റൺസും ഹർലീൻ ഡിയോൾ 15 റൺസും നേടി. ജമീമ റോഡ്രിഗ്സ് 4 റൺസും ദീപ്തി ശർമ 11 റൺസുമെടുത്ത് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിൽ അയർലൻഡിന് ഒന്നു പൊരുതി നോക്കാൻ പോലും സാധിച്ചില്ല. 31.4 ഓവറിൽ അവർ 131 റൺസിന് ഓൾഔട്ടാകുകയായിരുന്നു. 41 റൺസെടുത്ത ഓപ്പണർ സാറാ ഫോബ്സും, 36 റൺസെടുത്ത ഓർല പ്രെൻഡർഗാസ്റ്റും മാത്രമാണ് മാന്യമായ സ്കോറുകൾ നേടിയത്.
ഇന്ത്യക്കു വേണ്ടി ഓഫ് സ്പിന്നർ ദീപ്തി ശർമ 27 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. തനുജ കൺവർ രണ്ട് വിക്കറ്റ് നേടിയപ്പോൾ കേരള താരം മിന്നു മണി, ടിറ്റാസ് സാധു, സയാലി സത്ഗരെ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.
പ്ലെയർ ഓഫ് ദ മാച്ച്, പ്ലെയർ ഓഫ് ദ സീരീസ് പുരസ്കാരങ്ങൾ പ്രതീക റാവൽ സ്വന്തമാക്കി. പരമ്പരയിലെ മൂന്നു മത്സരങ്ങളിൽനിന്ന് 310 റൺസാണ് പ്രതീക നേടിയത്.