സന്ദേശ് ജിങ്കൻ, ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ.

 

File

Sports

'ഞങ്ങൾക്കും കുടുംബം നോക്കണം...'; ഇന്ത്യൻ താരങ്ങൾ ഇനി വഴിയാധാരം

ഐഎസ്എല്ലിന് കൊമേഴ്സ്യൽ പാർട്ണർ ഇല്ലാതെയും 2026-27 സീസണിന് രൂപരേഖയില്ലാതെയും തുടരുമ്പോൾ പല ഫുട്ബോൾ ക്ലബ്ബുകളും അടച്ചുപൂട്ടലിന്റെ വക്കിൽ

Sports Desk

ഐഎസ്എൽ ഉൾപ്പെടെ ഇന്ത്യൻ ഫുട്ബോൾ ലീഗുകളുടെ ഭാവി അനിശ്ചിതമായതോടെ, പ്രമുഖ ക്ലബ്ബുകൾ അടച്ചുപൂട്ടലിന്‍റെ വക്കിൽ. കരാർ അവസാനിക്കുന്ന നൂറുകണക്കിന് താരങ്ങൾ മാനസിക സമ്മർദത്തിൽ, ഡ്രെസിങ് റൂമുകളിൽ ഭാവിയെക്കുറിച്ചുള്ള ആശങ്ക. വിദേശതാരങ്ങൾ പോലും ഇന്ത്യയിൽ സ്ഥിരമായ ലീഗ് സംവിധാനമില്ലാത്തതിൽ അത്ഭുതപ്പെടുമ്പോൾ, അധികാരികൾക്ക് വ്യക്തമായ ഉത്തരമൊന്നുമില്ല.

ന്യൂഡൽഹി: കളിക്കളത്തിൽ രാജ്യത്തിന്‍റെ അഭിമാനത്തിനായി നെഞ്ചുവിരിച്ചു പോരാടുന്ന ഫുട്ബോൾ താരങ്ങൾ ഇതാ കരിയറിലെ ഏറ്റവും വലിയ അനിശ്ചിതത്വത്തിനു മുന്നിൽ കണ്ണീരണിഞ്ഞു നിൽക്കുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെ (AIFF) സെൻട്രലൈസ്ഡ് രജിസ്ട്രേഷൻ സിസ്റ്റം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ മാസം അവസാനിക്കുന്നതോടെ ഇന്ത്യയിലെ ഒന്നാം നിര ലീഗിലെ 148 പ്രമുഖ കളിക്കാരാണ് കരാറില്ലാതെ വഴിയാധാരമാകാൻ പോകുന്നത്.

ഇന്ത്യൻ ഫുട്ബോൾ സീസണിന്‍റെയും ഫുട്ബോൾ ലീഗുകളുടെയും ഭാവി എന്തെന്നറിയാതെ ക്ലബ്ബുകൾ കളിക്കാരുടെ കരാർ നീട്ടാൻ മടിക്കുന്നതാണ് ഈ അസാധാരണ പ്രതിസന്ധിക്കു കാരണം. ദേശീയ ടീമിന്‍റെ നായകൻ സന്ദേശ് ജിങ്കൻ പോലും ഈ ദുരവസ്ഥയിൽനിന്നു മുക്തനല്ല.

'പെട്ടി പാക്ക് ചെയ്ത് ചണ്ഡിഗഢിലേക്കു മ‌ടങ്ങുന്നു...'

ജൂൺ മാസത്തിനു ശേഷം തന്‍റെ ഭാവി എന്താകുമെന്നു പറയാൻ പോലുമാകാത്ത അവസ്ഥയിലാണ് സന്ദേശ് ജിങ്കൻ. കേരള ബ്ലാസ്റ്റേഴ്സിലൂടെ മലയാളികൾക്കും പ്രിയങ്കരനായി മാറിയ സന്ദേശ് ഇപ്പോൾ എഫ്‌സി ഗോവയുടെ സെന്‍റർ ബാക്കാണ്.

"കഴിഞ്ഞ ദിവസം ഒരാൾ എന്നോടു ചോദിച്ചു, എന്താണ് അടുത്ത പ്ലാൻ എന്ന്. ജൂണിൽ ദേശീയ ടീമിന്‍റെ മത്സരങ്ങളുണ്ട്. അതു കഴിഞ്ഞാൽ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. ചിലപ്പോൾ സാധനങ്ങളൊക്കെ പാക്ക് ചെയ്ത് ചണ്ഡിഗഢിലേക്കു മടങ്ങേണ്ടി വരും" - ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ നെഞ്ച് തകർക്കുന്നതാണ് ജിങ്കന്‍റെ വാക്കുകൾ.

പുറത്തുനിന്ന് നോക്കുന്നവർക്ക് ഞങ്ങൾ ആഡംബര ജീവിതം നയിക്കുന്നവരാണെന്ന് തോന്നാം. എന്നാൽ, തങ്ങളും കുടുംബം പുലർത്താനും അവർക്ക് നല്ലൊരു ജീവിതം നൽകാനും വേണ്ടി കഷ്ടപ്പെടുന്ന സാധാരണ മനുഷ്യരാണ്- ജിങ്കൻ കൂട്ടിച്ചേർത്തു. 32 വയസുകാരനായ ജിങ്കൻ ബംഗളൂരു എഫ്‌സിക്കൊപ്പവും എഫ്‌സി ഗോവയ്ക്കൊപ്പവും സൂപ്പർ കപ്പും ഫെഡറേഷൻ കപ്പും നേടിയ, കേരള ബ്ലാസ്റ്റേഴ്സിന്‍റെയും എടികെ മോഹൻ ബഗാന്‍റെയും പ്രതിരോധക്കോട്ട കാത്ത, ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസമാണ്.

അടച്ചുപൂട്ടലിന്‍റെ വക്കിൽ ക്ലബ്ബുകൾ

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും ക്ലബ്ബുകളും തമ്മിലുള്ള തർക്കം തുടരുകയാണ്. ഐഎസ്എല്ലിനു പോലും കൊമേഴ്സ്യൽ പാർട്ണറെ കണ്ടെത്താനായിട്ടില്ല. 2026-27ലെ ദേശീയ ഫുട്ബോൾ സീസണിന്‍റെ കാര്യത്തിൽ ഇതുവരെ ഒരു പ്രാഥമിക രൂപം പോലുമില്ല. സാമ്പത്തിക പ്രതിസന്ധി തുടർന്നാൽ രാജ്യത്തെ പല പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളും എന്നെന്നേക്കുമായി പൂട്ടിപ്പോകേണ്ടി വരും.

ബോറിസ് സിങ്.

ഇത് ജിങ്കനെ മാത്രമല്ല, ഇംഫാലിൽ നിന്നുള്ള 26-കാരനായ ബോറിസ് സിങ്ങിനെപ്പോലെ നൂറുകണക്കിന് യുവതാരങ്ങളെയും കടുത്ത മാനസിക സമ്മർദത്തിലാക്കുന്നുണ്ട്. "ഈ മാസം കഴിഞ്ഞാൽ എന്തു സംഭവിക്കുമെന്നറിയില്ല. ഡ്രെസിങ് റൂമിൽ ഞങ്ങൾ കളിക്കാർ പരസ്പരം നോക്കി സങ്കടപ്പെടാറുണ്ട്. എപ്പോഴും സന്ദേഷ് പാജിയോട് (ജിങ്കൻ) ഞങ്ങൾ ചോദിക്കും, അടുത്ത സീസൺ ഉണ്ടാകുമോ എന്ന്? അദ്ദേഹം ഞങ്ങളെ ആശ്വസിപ്പിക്കുമെങ്കിലും, അദ്ദേഹത്തിനും ഇതിന്‍റെ മറുപടി അറിയില്ല എന്നതാണ് യാഥാർഥ്യം" - ബോറിസ് സിങ് പറയുന്നു.

'ഇവരെ ഓർത്ത് ആരും വിഷമിക്കുന്നില്ല...'

ദെയാൻ ഡ്രാസിച്.

എഫ്.സി ഗോവയുടെ സെർബിയൻ വിങ്ങറായ ദെയാൻ ഡ്രാസിച്ചിന്‍റെ കരാറും മേയ് 31-ഓടെ അവസാനിക്കുകയാണ്. യൂറോപ്യൻ പാസ്പോർട്ട് ഉള്ളതുകൊണ്ട് അദ്ദേഹത്തിനു നാട്ടിലേക്കു മടങ്ങാം. എന്നാൽ, ഇന്ത്യൻ കളിക്കാരുടെ അവസ്ഥ കണ്ട് അദ്ദേഹം വികാരാധീനനാവുകയാണ്.

"ഇത്രയധികം ജനസംഖ്യയും വലിയ ഭാവിയുമുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്ത് കൃത്യമായ ഒരു ഫുട്ബോൾ ലീഗ് പോലുമില്ലേ എന്ന് യൂറോപ്പിലുള്ളവർ ചോദിക്കുമ്പോൾ എന്തു പറയണമെന്ന് എനിക്കറിയില്ല. ഒരു ക്ലബ് ഇല്ലാതാകുമ്പോൾ എത്രയോ കുടുംബങ്ങളാണ് തെരുവിലാകുന്നത്. ആരും ഇവിടുത്തെ കളിക്കാരെക്കുറിച്ച് ഓർത്ത് വിഷമിക്കുന്നില്ല എന്നത് അത്യന്തം വേദനാജനകമാണ്" - ഡ്രാസിച്ച് പറഞ്ഞു.

രാജ്യത്തിനായി 73 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച നായകൻ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ ഉടൻ തന്നെ യുകെയിൽ നടക്കുന്ന യൂണിറ്റി കപ്പിനായുള്ള ദേശീയ ക്യാമ്പിൽ ഒത്തുചേരും. കരിയറിനെക്കുറിച്ചുള്ള കടുത്ത ആശങ്കയും കണ്ണീരും ഉള്ളിലൊതുക്കിയാണ് അവർ വീണ്ടും രാജ്യത്തിനായി ബൂട്ട് കെട്ടുന്നത്. പക്ഷേ, അതു കഴിഞ്ഞാൽ എന്ത്? ഇന്ത്യൻ ഫുട്ബോളിനെ ഈ 'നിലയിൽ' എത്തിച്ച അധികൃതർക്ക് ഇപ്പോഴും ഉത്തരമില്ല.

മോഡലിങ്ങിന്‍റെ പേരിൽ പെൺവാണിഭവും മനുഷ‍്യക്കടത്തും; അന്വേഷണത്തിന് പ്രത‍്യേക സംഘം, പ്രധാന പ്രതി പിടിയിൽ

വ്യാഴാഴ്ച വരെ മഴ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': എസ്പി ഷൗക്കത്തലി അന്വേഷിക്കും

റസ്റ്ററന്‍റുകളെ ഒരു കുടക്കീഴിലാക്കുന്നതു പരിഗണിക്കും: കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ

ആക്രമണ സ്വഭാവമുള്ള തെരുവുനായകളെ ദയാവധം ചെയ്യാം; നിർണായക ഉത്തരവുമായി സുപ്രീം കോടതി