2013ലെ ഐപിഎൽ വാതുവയ്പ്പ് കേസിൽ ഉൾപ്പെട്ട അജിത് ചാണ്ഡില, എസ്. ശ്രീശാന്ത്, അങ്കിത് ചവാൻ.

 
Sports

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

2013ലെ ഐപിഎൽ വാതുവയ്പു കേസിനെത്തുടർന്ന് അങ്കിത് ചവാന് ആജീവനാന്ത വിലക്കാണ് ബിസിസിഐ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇത് ഏഴു വർഷമായി വെട്ടിക്കുറച്ചിരുന്നു.

മുംബൈ: മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനൊപ്പം ഐപിഎൽ വാതുവയ്പ് കേസിൽ അറസ്റ്റിലാകുകയും പിന്നീട് ബിസിസിഐയുടെ വിലക്ക് ഏറ്റുവാങ്ങുകയും ചെയ്ത അങ്കിത് ചവാൻ മുംബൈ അണ്ടർ-14 ടീമിന്‍റെ പരിശീലകനായി നിയമിതനായി.

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത അങ്കിതിന്‍റെ വിലക്ക് കാലാവധി പൂർത്തിയായതിനു പിന്നാലെയാണ് കുട്ടികളെ പരിശീലിപ്പിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്. 2013ൽ പുറത്തുവന്ന ഐപിഎൽ വാതുവയ്പു കേസിൽ അങ്കിത് ചവാന് ആജീവനാന്ത വിലക്കാണ് ബിസിസിഐ പ്രഖ്യാപിച്ചിരുന്നത്. 2021ൽ ഇത് ഏഴു വർഷമായി വെട്ടിക്കുറച്ചതോടെയാണ് ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേക്ക് മടങ്ങിവരാൻ സാങ്കേതികമായി വഴി തെളിഞ്ഞത്.

അങ്കിത് ചവാനും ഇപ്പോഴത്തെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും മുംബൈ ടീമിൽ ഒരുമിച്ചു കളിച്ചിരുന്ന കാലത്ത്.

ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെയും, ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് ടീമുകളുടെയും ഭാഗമായിരുന്നു അങ്കിത് ചവാൻ. 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 20 ലിസ്റ്റ് എ മത്സരങ്ങളും 13 ഐപിഎൽ മത്സരങ്ങളും കളിച്ചിട്ടുണ്ട്. ബിസിസിഐ വിലക്ക് നിലനിൽക്കുന്ന സമയത്തും മുംബൈയിലെ കർണാടക സ്പോർട്സ് ക്ലബ്ബിനു വേണ്ടി ക്ലബ് ക്രിക്കറ്റിൽ സജീവമായിരുന്നു. തുടർന്ന് കോച്ചിങ് പരിശീലനം പൂർത്തിയാക്കി ലെവൽ–1 പരീക്ഷ പാസായി.

2013 ജനുവരിയിൽ‌ നാൽപ്പതാം രഞ്ജി ട്രോഫി കിരീടം നേടിയ മുംബൈ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു അങ്കിത ചവാൻ. ഇടങ്കയ്യൻ സ്പിന്നറും മികച്ച ലോവർ മിഡിൽ ഓർഡർ ബാറ്ററുമായിരുന്നു. ആ സീസണിൽ മുംബൈയ്‌ക്കു വേണ്ടി വിക്കറ്റ് വേട്ടയിൽ മുന്നിലെത്തി. പഞ്ചാബിനെതിരെ വാംഘഡെയിൽ 23 റൺസ് വഴങ്ങി ഒൻപത് വിക്കറ്റ് നേടിയിട്ടുണ്ട്.

അങ്കിത് ചവാൻ രാജസ്ഥാൻ റോയൽസ് ജെഴ്സിയിൽ

മുംബൈ ഇന്ത്യൻസിലൂടെയാണ് ഐപിഎല്ലിലെത്തുന്നത്. രാജസ്ഥാൻ റോയൽസിനു വേണ്ടി മൂന്നു മത്സരങ്ങളിൽ ഒരു വിക്കറ്റാണ് നേടിയത്. വാതുവയ്‌പു കേസിൽ അറസ്‌റ്റിലായ ചവാൻ, ജയിലിലായിരിക്കെ ജാമ്യത്തിലിറങ്ങി വിവാഹം കഴിച്ചിരുന്നു. പൊലീസ് സാന്നിധ്യത്തിലായിരുന്നു നേഹ സംബാരിയുമായുള്ള വിവാഹം.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ

സംസ്ഥാനത്തെ ആദ്യത്തെ സ്കിന്‍ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവർത്തനമാരംഭിക്കുന്നു