വൈഭവ് സൂര്യവംശി

 
Sports

വൈഭവ് വിസ്ഫോടനം; സൺറൈസേഴ്സ് ഔട്ട്

രാജസ്ഥൻ റോയൽസ് 243/8, സൺറൈസേഴ്സ് ഹൈദരാബാദ് 196 ഓൾഔട്ട്.

Sports Desk

മുല്ലൻപുർ: ഐപിഎൽ എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ രാജസ്ഥാൻ റോയൽസിന് കൂറ്റൻ വിജയം. ആദ്യം ബാറ്റ് ചെയ്ത റോയൽസ് എട്ട് വിക്കറ്റിന് 243 റൺസ് വാരിക്കൂട്ടി. സൺറൈസേഴ്സ് 19.2 ഓവറിൽ 196 റൺസിന് ഓൾഔട്ടായി. 47 റൺസ് ജയത്തോടെ രാജസ്ഥാൻ, രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാൻ യോഗ്യത നേടി. അതിൽ ജയിക്കുന്നവർ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും.

കൗമാര ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയുടെ (29 പന്തിൽ 97) ഉജ്വല ഇന്നിങ്സാണ് റോയൽസിനെ വൻ സ്കോറിലെത്തിച്ചത്. ഫിഫ്റ്റി നേടിയ ധ്രുവ് ജുറെലും (21 പന്തിൽ 50, അഞ്ച് ബൗണ്ടറി, മൂന്ന് സിക്സ്) മികച്ച സംഭാവന നൽകി.

ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത സൺറൈസേഴ്സ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ ഞെട്ടിക്കുന്നതായിരുന്നു വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വിസ്ഫോടനം. സഹ ഓപ്പണർ യശ്വസി ജയ്സ്വാളിനെ കാഴ്ച്ചക്കാരനാക്കി വൈഭവ് കത്തിജ്വലിച്ചു. കമ്മിൻസിനെ തലയ്ക്കു മുകളിലൂടെ ലോഫ്റ്റ് ചെയ്ത് കുറിച്ച സിക്സിലൂടെയാണ് സൂര്യവംശി തുടങ്ങിയത്. പിന്നാലെ ഇഷാൻ മലിംഗയും സൂര്യവംശിയുടെ ബാറ്റിൽ നിന്ന് ഗ്യാലറി കണ്ടു. പക്ഷേ, കൊടുങ്കാറ്റ് വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. കമ്മിൻസിനെ അതിർത്തി കടത്തിയ സൂര്യവംശി ആ ഓവറിൽ ഹാട്രിക് സിക്സും പറത്തി.

തുടർന്നു സാക്കിബ് ഹുസൈനെയും സൂര്യവംശി മൂന്നു തവണ ഗ്യാലറിയിൽ എത്തിച്ചു. ഇതിനിടെ ജയ്സ്വാളും കിട്ടിയ അവസരങ്ങളിൽ ബൗണ്ടറി കണ്ടെത്തിയതോടെ റോയൽസ് സ്കോറിന് റോക്കറ്റ് വേഗം. പവർ പ്ലേ പൂർത്തിയാകുമ്പോൾ രാജസ്ഥാന്‍റെ സ്കോർ ‌80ൽ എത്തിയിരുന്നു. തുടർന്നും സാക്കിബ് സൂര്യവംശിയുടെ പ്രഹരശേഷിക്ക് ഇരയായി. എട്ടാം ഓവറിൽ പ്രഫുൽ ഹിൻഗെയെ രണ്ടു ഫോറിനും രണ്ടു സിക്സിനും അടിച്ചൊതുക്കിയ സൂര്യവംശി സെഞ്ചുറി‌ക്ക് അരികിലെത്തി. എന്നാൽ വിധി മറ്റൊന്നായിരുന്നു. ഹിൻഗെയുടെ ഷോർട്ട് ബോളിൽ അപ്പർ കട്ടിലൂടെ സിക്സ് പറത്താൻ ശ്രമിച്ച സൂര്യവംശി ഡീപ് തേർഡ് മാനിൽ സ്മരൺ രവിചന്ദ്രന്‍റെ കൈകളിൽ ഒതുങ്ങി. 12 സിക്സും അഞ്ചു ഫോറും ഉൾപ്പെട്ട റൺ പ്രവാഹം തീർത്ത ശേഷമുള്ള മടക്കം. ഇതോടെ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോഡ് വൈഭവിൽ നിന്നകന്നു. ഒരു ബൗണ്ടറികൂടി നേടിയിരുന്നെങ്കിൽ വൈഭവ് ആ റെക്കോഡിൽ എത്തിയേനെ. 2013ൽ പൂനെ വാരിയേഴ്സിനെതിരേ ആർസിബിക്കു വേണ്ടി 30 പന്തിൽ ക്രിസ് ഗെയ്ൽ നേടിയ സെഞ്ചുറിയുടെ റെക്കോഡ് അങ്ങനെ ഇളകാതെ നിന്നു. വൈഭവിനപിന്നാലെ യശസ്വി ജയ്സ്വാളും (29) ഡഗ് ഔട്ടിലേക്ക് തിരിച്ചുകയറി.

പിന്നെ ക്യാപ്റ്റൻ റയാൻ പരാഗും (12 പന്തിൽ 26, രണ്ടു ഫോർ, രണ്ടു സിക്സ്) ധ്രുവ് ജുറെലും ആക്രമണത്തിന്‍റെ കടിഞ്ഞാണ് ഏറ്റെടുത്തു. ഇരുവരും വീണതോടെ റോയൽസിന്‍റെ റൺസ് ഒഴുക്കു കുറഞ്ഞു. ഡൊണാവൻ ഫെരേരയും (12) ദസുൻ ഷനകയും (5), ജോഫ്ര ആർച്ചറും (4) പരാജയപ്പെട്ടു. രവീന്ദ്ര ജഡേജയ്ക്കും (12*) റൺസ് നിരക്ക് ഉയർത്താനായില്ല. ഹൈദരബാദിന്‍റെ പ്രഫുൽ ഹിൻഗെയ്ക്ക് മൂന്നു വിക്കറ്റ്.

ഗെയ്‌ലിനെയും തൂക്കി

ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സ് എന്ന റെക്കോഡ് ഇനി വൈഭവ് സൂര്യവംശിക്ക് സ്വന്തം. സൺറൈസ‌േഴ്സ് ഹൈദരാബാദിനെതിരായ എലിമിനേറ്ററിൽ 12 തവണ പന്ത് ഗ്യാലറിയിൽ എത്തിച്ച വൈഭവ് സീസണിൽ സിക്സുകളുടെ എണ്ണം 61ലേക്ക് ഉയർത്തി. 2012ൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനുവേണ്ടി വെസ്റ്റിൻഡീസ് ബിഗ് ഹിറ്റർ ക്രിസ് ഗെയ്‌ൽ തിർത്ത 59 സിക്സുകളുടെ റെക്കോഡ് ഇതോടെ പഴങ്കഥ. ഗെയ്‌ലിന്‍റെ റെക്കോഡ് തകർക്കുക തന്‍റെ ലക്ഷ്യമെന്ന് വൈഭവ് പ്രഖ്യാപിച്ചിരുന്നു.

അസ്തമിച്ച് സൺറൈസേഴ്സ്

മറുപടി ബാറ്റിങ്ങിൽ രണ്ടാം പന്തിൽ തന്നെ അഭിഷേക് ശർമയെ ജോഫ്ര ആർച്ചർ പൂജ്യത്തിനു പുറത്താക്കിയതോടെ എസ്ആർഎച്ചിന്‍റെ തകർച്ച തുടങ്ങി. ട്രാവിസ് ഹെഡ്ഡും (8 പന്തിൽ 17) ഇഷാൻ കിഷനും (11 പന്തിൽ 33) അൽപ്പനേരം രാജസ്ഥാൻ ബൗളർമാരെ വിറപ്പിച്ചെങ്കിലും അധികം നീണ്ടില്ല. ഇരുവരെയും ആർച്ചർ തന്നെ മടക്കി. പിന്നെയൊക്കെ ചടങ്ങ് മാത്രം.

തുടർന്ന് എത്തിയവരിൽ ഹെൻറിച്ച് ക്സാലൻ (18), നിതീഷ് കുമാർ റെഡ്ഡി (38), സലിൽ അറോറ (35), ശിവാംഗ് കുമാർ (27) എന്നിവരുടെയൊന്നും പോരാട്ട വീര്യത്തിന് എത്തിപ്പിടിക്കാവുന്ന ഉയരത്തിലായിരുന്നില്ല രാജസ്ഥാന്‍റെ സ്കോർ.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും