നിക്കൊളാസ് പുരാൻ, മിച്ചൽ മാർഷ്
ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം ലഖ്നൗ സൂപ്പർ ജയന്‍റ്സ് 23 പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ മറികടന്നു.
ടോസ് നേടി ഫീൽഡ് ചെയ്യാനുള്ള ലഖ്നൗ ക്യാപ്റ്റൻ ഋഷഭ് പന്തിന്‍റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു പവർപ്ലേ ഓവറുകൾ. ഓപ്പണർ ട്രാവിസ് ഹെഡ് (47) ഒരറ്റത്ത് ആക്രമണം അഴിച്ചുവിട്ടെങ്കിലും, വമ്പൻ അടിക്കാരായ അഭിഷേക് ശർമയും (6) ഇഷാന്‍ കിഷനും (0) പുറത്താകുമ്പോൾ സ്കോർ ബോർഡിൽ 15 റൺസ് മാത്രമായിരുന്നു.
പിന്നീട് നിതീഷ് കുമാർ റെഡ്ഡിയും (28 പന്തിൽ 32) ഹെൻറിച്ച് ക്ലാസനും (17 പന്തിൽ 26) ഏറെ മുന്നോട്ടുപോകാനായില്ല.
മൂന്നാം വിക്കറ്റിൽ ട്രാവിസ് ഹെഡും നിതീഷ് കുമാർ റെഡ്ഡിയും ചേർന്ന് ടീമിനെ കൈപിടിച്ച് ഉയർത്തിയെങ്കിലും 32 റൺസെടുത്ത് നിൽക്കെ നിതീഷിനെ രവി ബിഷ്ണോയി മടക്കി. പിന്നാലെ ട്രാവിസ് ഹെഡും മടങ്ങിയോടെ ടീം പ്രതിരോധത്തിലായി.
നിതീഷും ക്ലാസനും അൽപ്പ നേരം ക്രീസിൽ പിടിച്ചു നിന്നെങ്കിലും ടീം സ്കോർ 110 ൽ നിൽക്ക ക്ലാസൻ റണ്ണൗട്ടായി. പിന്നാലെയെത്തിയ അനികേത് വർമയാണ് റൺ നിരക്ക് ഉയർത്തിയത്. 13 പന്തിൽ അഞ്ച് സിക്സ് ഉൾപ്പെടെ 36 റൺസാണ് അനികേത് നേടിയത്.
അഭിഷേക് ശർമയും ട്രാവിസ് ഹെഡും
എന്നാൽ, ലഖ്നൗ ബാറ്റിങ് നിര പ്രതീക്ഷയ്ക്കപ്പുറത്തുള്ള പ്രകടനം പുറത്തെടുത്തപ്പോൾ വിജയലക്ഷ്യം നിസാരമായി തോന്നിച്ചു. എയ്ഡൻ മാർക്രം (1) പെട്ടെന്ന് പുറത്തായെങ്കിലും, മിച്ചൽ മാർഷും (31 പന്തിൽ 52) നിക്കൊളാസ് പുരാനും (26 പന്തിൽ 70) ചേർന്ന് ടീമിനെ വിജയവഴിയിലെത്തിച്ചു. 116 റൺസാണ് രണ്ടാം വിക്കറ്റിൽ ഇവർ കൂട്ടിച്ചേർത്തത്.
എന്നാൽ, ക്യാപ്റ്റൻ ഋഷഭ് പന്ത് (15 പന്തിൽ 15) വീണ്ടും നിരാശപ്പെടുത്തി. ആയുഷ് ബദോനിക്കും (6) കാര്യമായ സംഭാവന നൽകാനായില്ല. പിന്നീടെത്തിയ ഡേവിഡ് മില്ലറെ (7 പന്തിൽ 13) സാക്ഷി നിർത്തി അബ്ദുൾ സമദാണ് തന്‍റെ പഴയ ടീമിനെതിരേ ആളിക്കത്തിയത്. വെറും എട്ട് പന്തിൽ രണ്ട് വീതം ഫോറും സിക്സും സഹിതം 22 റൺസെടുത്ത സമദ് പുറത്താകാതെ നിന്നു.