ജസ്പ്രീത് ബുംറ
ഓവൽ: ജൂലൈ 31ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കില്ലെന്ന് സൂചന. നാലും അഞ്ചും ടെസ്റ്റുകൾക്കിടയിൽ മൂന്നു ദിവസം മാത്രമാണ് ഇടവേള. അതിനാൽ താരത്തിന് വിശ്രമം ആവശ‍്യമാണെന്ന് ബിസിസിഐയുടെ മെഡിക്കൽ ടീം റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് ഈ തീരുമാനമെന്നാണ് വിവരം. ബുംറയെ ഇക്കാര‍്യം അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
ബുംറയ്ക്കു പകരം ആകാശ് ദീപ് ടീമിൽ തിരിച്ചെത്തിയേക്കും. അൻഷുൽ കാംഭോജിനു പകരം ഇടങ്കയ്യൻ പേസർ അർഷ്‌ദീപ് സിങ്ങിന്‍റെ ടെസ്റ്റ് അരങ്ങേറ്റത്തിനും സാധ്യതയുണ്ട്. ബുംറയുടെ അഭാവത്തിൽ മുഹമ്മദ് സിറാജായിരിക്കും ഇന്ത‍്യൻ പേസ് നിരയെ നയിക്കുന്നത്.
അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ മൂന്ന് മത്സരങ്ങൾ മാത്രമേ ബുംറ കളിക്കുകയുള്ളൂയെന്ന് ടീമിന്‍റെ മുഖ‍്യ സെലക്റ്റർ അജിത് അഗാർക്കർ പരമ്പര ആരംഭിക്കുന്നതിനു മുൻപേ വ‍്യക്തമാക്കിയിരുന്നു.
രണ്ടാം ടെസ്റ്റിലെ വിജയത്തിനു ശേഷം പരുക്കേറ്റ ആകാശ് ദീപ് പരുക്ക് ഭേദമായി ടീമിനൊപ്പം ചേർന്നതായാണ് സൂചന.
അതേസമയം നാലാം ടെസ്റ്റിനിടെ പരുക്കേറ്റ് പുറത്തായ ഋഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറലായിരിക്കും വിക്കറ്റ് കീപ്പറായി ടീമിലെത്തുന്നത്. ശാർദൂൽ ഠാക്കൂറിനു പകരം കുൽദീപ് യാദവും ടീമിലെത്താൻ സാധ്യതയുണ്ട്.