ജോ റൂട്ട്
സിഡ്നി: ഓസ്ട്രേലിയക്കെതിരായ അഞ്ചാം ആഷസ് ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇംഗ്ലണ്ട് താരം ജോ റൂട്ട് സെഞ്ചുറികളുടെ എണ്ണത്തിൽ ഇതിഹാസ താരം റിക്കി പോണ്ടിങ്ങിനൊപ്പമെത്തി. ജോ റൂട്ടിന്‍റെ 41ാം ടെസ്റ്റ് സെഞ്ചുറിയാണ് ഓസീസിനെതിരേ സിഡ്നിയിൽ പിറന്നത്.
242 പന്തിൽ 15 ബൗണ്ടറി ഉൾപ്പടെ 160 റൺസാണ് താരം നേടിയത്. സച്ചിൻ ടെൻഡുൾക്കറും ജാക് കാലിസും മാത്രമാണ് ഇനി ജോ റൂട്ടിന് മുന്നിലുള്ളത്. സച്ചിൻ ടെൻഡുൾക്കർക്ക് ടെസ്റ്റിൽ 51 സെഞ്ചുറിയും ജാക് കാലിസിന് 45 സെഞ്ചുറിയുമുണ്ട്.
വരും വർഷങ്ങളിൽ 2,000 റൺസിലധികം 35 കാരനായ ജോ റൂട്ടിന് നേടാൻ സാധിച്ചാൽ ഒരു പക്ഷേ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഏക താരമെന്ന ചരിത്ര നേട്ടം ജോ റൂട്ടിന് സ്വന്തം പേരിലേക്ക് ചേർക്കാം. കഴിഞ്ഞ നാലഞ്ച് വർഷകാലമായി മിന്നും ഫോമിലാണ് ജോ റൂട്ട്. 2021ന് ശേഷം 24 സെഞ്ചുറികളാണ് താരം ടെസ്റ്റ് ക്രിക്കറ്റിൽ അടിച്ചു കൂട്ടിയത്.