കൊച്ചി: തുടര്‍പരാജയങ്ങളാലുഴലുന്ന കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവ് കൊതിച്ച് സ്വന്തം തട്ടകത്തില്‍ ഞായറാഴ്ച വീണ്ടുമിറങ്ങുന്നു. എഫ്‌സി ഗോവയാണ് എതിരാളികള്‍. ഐഎസ്എലിന്‍റെ രണ്ടാം ഘട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ ജയിക്കാനായില്ല.ഒഡീഷ എഫ് സിയോട് 2 - 1 നും പഞ്ചാബ് എഫ് സിയോട് 3 - 1 നും ചെന്നൈയിന്‍ എഫ് സിയോട് 1 - 0 നുമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ തോല്‍വി. എഫ് സി ഗോവയ്ക്ക് എതിരേ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടം ജയിക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.
15 മത്സരങ്ങളില്‍ 26 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. എഫ് സി ഗോവ 14 മത്സരങ്ങളില്‍ 28 പോയിന്‍റുമായി നാലാം സ്ഥാനത്തും. ജയിച്ചാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മൂന്നാം സ്ഥാനത്തേക്ക് ഉയരാം. എഫ് സി ഗോവയാണ് ജയിക്കുന്നതെങ്കില്‍ രണ്ടാം സ്ഥാനത്തുമെത്തും.ഗോവയ്‌ക്കെതിരേ ഗോള്‍വല കാക്കാന്‍ മലയാളി ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷ് ഉണ്ടാകില്ല. കഴിഞ്ഞ മത്സരത്തിനിടെ പരുക്കറ്റ സച്ചിന് പകരം സീനിയര്‍ താരം കരണ്‍ജിത് സിങാകും ചെന്നൈയിനെതിരെ മഞ്ഞപ്പടയുടെ വല കാക്കുക. ഈ സീസണില്‍ ഇതാദ്യമായാണ് സച്ചിന്‍ സുരേഷ് ഇല്ലാതെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. റൈറ്റ് ബാക്ക് സ്ഥാനത്ത് സന്ദീപ് സിങ്ങും, ഇടത് ബാക്ക് സ്ഥാനത്ത് നവോച്ച സിങ്ങും കളിക്കുമെന്നാണ് കരുതപ്പെടുന്നത്.
പരുക്കുമാറി സൂപ്പര്‍ താരം ദിമിത്രിയോസ് ഡയമാന്‍റക്കോസ് തിരികെയെത്തുന്നു എന്നതാണ് കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസം പകരുന്ന കാര്യം.
ചെന്നൈയിന്‍ എഫ് സിക്ക് എതിരായ മത്സരത്തില്‍ ദിമിത്രിയോസ് ഡയമാന്‍റകോസ് കളത്തില്‍ ഇറങ്ങിയിരുന്നില്ല. 2023 - 2024 സീസണില്‍ 12 മത്സരങ്ങളില്‍ എട്ട് ഗോളും രണ്ട് അസിസ്റ്റും ഈ ഗ്രീക്ക് സെന്‍റര്‍ സ്‌ട്രൈക്കര്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ സ്വന്തമാക്കിയിട്ടുണ്ട്.ഡയമന്‍റകോസിനു പുറമേ, മധ്യനിര താരം വിബിന്‍ മോഹനനും തിരിച്ചെത്തും. പരുക്കു മൂലം മാസങ്ങളായി വിബിന്‍ കളത്തിനുപുറത്തായിരുന്നു.
ഇതോടെ മധ്യനിര കൂടുതല്‍ കരുത്താര്‍ജിക്കുമെന്നു കരുതുന്നു. ലൂണയുടെ അഭാവം വിബിന്‍റെ വരവോടെ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്. കെ.പി.രാഹുല്‍, മുഹമ്മദ് അയ്മന്‍, നിഹാല്‍ സുധീഷ്, ഡെയ്‌സൂകി സകായ് എന്നിവര്‍ ഒത്തണക്കത്തോടെ കളിച്ചാല്‍ കളി വേറെ ലെവലാകുമെന്നാണ് വുകമാനോവിച്ചിന്‍റെ പ്രതീക്ഷ.അതേ സമയം സെന്‍ട്രല്‍ ഡിഫന്‍സില്‍ ഒരു നിര്‍ണായക മാറ്റമുണ്ടാകും. ലൂണയുടെ അഭാവത്തില്‍ ടീമിനെ നയിക്കുന്ന ക്രൊയേഷ്യന്‍ സെന്‍റര്‍ബാക്ക് താരം മാര്‍ക്കോ ലെസ്‌കോവിച്ചിന് ചെന്നൈയിന്‍ എഫ്‌സിക്കെതിരായ കളിക്കിടെ പരുക്ക് പറ്റിയിരുന്നു. താരവും ഗോവയ്‌ക്കെതിരെ കളിക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ താരം ഹോര്‍മിപാം റൂയിവ സ്റ്റാര്‍ട്ടിങ് ഇലവനില്‍ എത്തിയേക്കും. മോണ്ടിനെഗ്രോ താരം മിലോസ് ഡ്രിന്‍സിച്ചാകും മറ്റൊരു സെന്‍റര്‍ ബാക്ക്.ജീക്‌സണ്‍ സിങ്, ഡാനിഷ് ഫാറൂഖ്, മൊഹമ്മദ് ഐമന്‍, ഡൈസുകെ സകായ് എന്നിവരായിരുന്നു അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മധ്യനിരയില്‍ അണിനിരന്നത്. ഇവരില്‍ ചിലര്‍മാറും. അതേ സമയം മുന്നേറ്റ നിരയില്‍ സുപ്രധാന മാറ്റമുണ്ടാകും. ദിമിത്രിയോസ് ഡയമാന്‍റകോസ് എത്തുുന്നോടെ ഇഷാന്‍ പണ്ഡിതയ്ക്കാവും സ്ഥാനം നഷ്ടമാവുക.
ദിമി വരുന്നതോടെ ടീമിന്‍റെ ആക്രമണം ശക്തമാകും. എട്ട് ഗോളുകളുമായി 2023-24 സീസണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഉയര്‍ന്ന ഗോള്‍വേട്ടക്കാരനാണ് ദിമി. ലിത്വാനിയന്‍ താരം ഫെഡോര്‍ സെര്‍നിച്ചാകും ദിമിക്കൊപ്പം മുന്നേറ്റത്തില്‍ അണിനിരക്കുക. ചെന്നൈയിനെതിരേ അപ്രതീക്ഷിത തോല്‍വിയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്‍റേത്. നിറഞ്ഞ സ്‌റ്റേഡിയത്തില്‍ മികച്ച വിജയത്തോടെ തിരിച്ചെത്താമെന്നാണ് ടീമിന്‍റെ പ്രതീക്ഷ.