കേരള കോളെജ് പ്രീമിയർ ലീ​ഗ്: മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളെജ്, കൊച്ചി കുസാറ്റ് ടീമുകൾക്ക് വിജയം

 
Sports

കേരള കോളെജ് പ്രീമിയർ ലീ​ഗ്: മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളെജ്, കൊച്ചി കുസാറ്റ് ടീമുകൾക്ക് വിജയം

അങ്കമാലി ഫിസാറ്റ് കോളെജ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടന്നത്.

MV Desk

അങ്കമാലി: കേരള കോളെജ് പ്രീമിയർ ലീഗ് ട്വന്‍റി 20 ചാമ്പ്യൻഷിപ്പിന് ആവേശത്തുടക്കം. ആദ്യ ദിവസത്തെ മത്സരങ്ങളിൽ കൊച്ചി മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളെജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾ വിജയവുമായി മുന്നേറി. കൊച്ചി മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനെയും, നാട്ടിക ശ്രീനാരായണ കോളെജ് അങ്കമാലി ഫിസാറ്റിനെയും, കൊച്ചി കുസാറ്റ് കൊച്ചി ടോക് എച്ചിനെയുമാണ് തോൽപ്പിച്ചത്. അങ്കമാലി ഫിസാറ്റ് കോളെജ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടന്നത്.

കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. ശ്രീഹരി ആർ (60), ആദിത്യൻ അനൂപ് (55), ഡിയോൺ ഷാജി (49) എന്നിവരുടെ മികച്ച ഇന്നിങ്സുകളാണ് മുത്തൂറ്റിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആദിശങ്കരയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് മാത്രമാണ് നേടാനായത്. ബാറ്റിങ്ങിലെ മികവ് ബൗളിങ്ങിലും ആവർത്തിച്ച ഡിയോൺ ഷാജിയുടെ ഓൾറൗണ്ട് പ്രകടനമാണ് മുത്തൂറ്റിന് തകർപ്പൻ വിജയം സമ്മാനിച്ചത്. നാലോവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് ഡിയോൺ നേടിയത്. അഞ്ച് ബാറ്റർമാരെയും ഡിയോൺ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ആദിശങ്കരയ്ക്ക് വേണ്ടി എസ്. ഭരത് 45-ഉം ഡി. നിരഞ്ജൻ 50-ഉം റൺസെടുത്തു.

രണ്ടാം മത്സരത്തിൽ ഫിസാറ്റ് അങ്കമാലിക്കെതിരെ ശ്രീനാരായണ കോളെജ് നാട്ടിക പത്ത് വിക്കറ്റിന്‍റെ തകർപ്പൻ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഫിസാറ്റ് 12.1 ഓവറിൽ 81 റൺസിന് പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ അഖിൽ രഞ്ജന്‍റെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷാനു ഷായുടെയും പ്രകടനമാണ് ഫിസാറ്റിന്‍റെ സ്കോർ 81-ൽ ഒതുക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീനാരായണ കോളെജ് 7.2 ഓവറിൽ ലക്ഷ്യത്തിലെത്തി. പ്രയാഗ് ചന്ദ്രൻ 54-ഉം ഷാനു ഷാ 21 റൺസും നേടി പുറത്താകാതെ നിന്നു.

മറ്റൊരു മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടോക് എച്ച് കൊച്ചി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുത്തു. 36 റൺസെടുത്ത ഫിദാൻ അമീറാണ് ടോക് എച്ചിന്‍റെ ടോപ് സ്കോറർ. കുസാറ്റിന് വേണ്ടി അഭിദേവ് സാബുവും ആശിഷ് പൻശോത്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കുസാറ്റിന് 71 റൺസുമായി പുറത്താകാതെ നിന്ന എ.എ. അക്ഷയിന്‍റെ പ്രകടനമാണ് അനായാസ വിജയമൊരുക്കിയത്. 32 പന്തിൽ ഒൻപത് ഫോറും അഞ്ച് സിക്സുമടക്കമാണ് അക്ഷയ് 71 റൺസെടുത്തത്. 10.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ കുസാറ്റ് ലക്ഷ്യത്തിലെത്തി.

ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ? ശബരിമല യുവതീപ്രവേശനത്തിൽ ചോദ്യവുമായി സുപ്രീം കോടതി

നാലോവറിൽ വഴങ്ങിയത് 68 റൺസ്; അർഷ്ദീപ് സിങ്ങിന്‍റെ ഫോമില്ലായ്മയിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത‍്യൻ താരം

വൈദ്യുതി നിയന്ത്രണമെന്ന ഇരുട്ടടി പിണറായി ഭരണത്തിന്‍റെ ബാക്കിപത്രം: കെസി വേണുഗോപാൽ എംപി

പെരിയാർവാലി കനാൽ അപകടം: ചികിത്സയിലായിരുന്ന വിദ്യാർഥിയും മരിച്ചു

ട്രാൻസ്ഫോർമർ അഴിമതി കേസിൽ സെന്തിൽ ബാലാജിക്ക് തിരിച്ചടി; അന്വേഷണം സിബിഐക്ക് വിട്ടു