കൃഷ്ണ പ്രസാദ് File
Sports

പരാക്രമം പാവങ്ങളോട്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ആദ്യ ജയം

ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ കേരളത്തിന് ഈ സീസണിലെ ആദ്യ ജയം. ടീമിൽ അടിമുടി മാറ്റം, കൃഷ്ണപ്രസാദിന് സെഞ്ചുറി, നിധീഷിന് മൂന്ന് വിക്കറ്റ്.

ഹൈദരാബാദ്: ഈ സീസണിലെ വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ കേരളത്തിന് ആദ്യ ജയം. ദുർബലരായ ത്രിപുരയെ 145 റൺസിനാണ് പരാജയപ്പെടുത്തിയത്. ടൂർണമെന്‍റിൽ കേരളത്തിന്‍റെ അഞ്ചാം മത്സരമായിരുന്നു ഇത്. ആദ്യ നാല് മത്സരങ്ങളിൽ മൂന്നെണ്ണം തോൽക്കുകയും ഒരെണ്ണം മഴ കാരണം തടസപ്പെടുകയും ചെയ്തിരുന്നു.

ട്വന്‍റി20 ടൂർണമെന്‍റായ സയീദ് മുഷ്താഖ് അലി ട്രോഫിയിൽ മോശമല്ലാത്ത പ്രകടനം നടത്തിയ കേരളം വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു സാംസൺ, സച്ചിൻ ബേബി, വിഷ്ണു വിനോദ് തുടങ്ങിയ പ്രമുഖരില്ലാതെയാണ് കളിക്കുന്നത്. ഗ്രൂപ്പ് ഇയിൽ ആറ് പോയിന്‍റുമായി ആറാം സ്ഥാനത്താണ് കേരളം ഇപ്പോൾ.

കേരളത്തിനെതിരേ ടോസ് നേടിയ ത്രിപുര ക്യാപ്റ്റൻ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. കേരളം നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 327 റൺസെടുത്തു. ത്രിപുര 42.3 ഓവറിൽ 182 റൺസിന് ഓൾഔട്ടായി.

മുൻ മത്സരങ്ങളിൽ അഹമ്മദ് ഇമ്രാനെയും ജലജ് സക്സേനയെയും ഓപ്പണർമാരായി പരീക്ഷിച്ച കേരളം ഇത്തവണ രോഹൻ കുന്നമ്മലിനൊപ്പം ഇറക്കിയത് ആനന്ദ് കൃഷ്ണനെ. 22 റൺസെടുത്ത് ആനന്ദ് പുറത്തായെങ്കിലും, വൺഡൗണായെത്തിയ കൃഷ്ണ പ്രസാദിനൊപ്പം രോഹൻ കേരളത്തിന്‍റെ സ്കോർ 126 വരെയെത്തിച്ചു.

110 പന്തിൽ 135 റൺസാണ് കൃഷ്ണ പ്രസാദ് നേടിയത്. രോഹൻ 66 പന്തിൽ 57 റൺസും നേടി. തുടർന്നെത്തിയവരിൽ ക്യാപ്റ്റൻ സൽമൻ നിസാർ (34 പന്തിൽ പുറത്താകാതെ 42), വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീൻ (34 പന്തിൽ 26), ഷറഫുദ്ദീൻ (10 പന്തിൽ പുറത്താകാതെ 20) എന്നിവരും ‌മോശമല്ലാത്ത സംഭാവനകൾ നൽകി.

മറുപടി ബാറ്റിങ്ങിൽ ത്രിപുരയ്ക്ക് ഒരു ഘട്ടത്തിലും ജയ പ്രതീക്ഷയുണർത്താൻ സാധിച്ചില്ല. 79 പന്തിൽ 78 റൺസെടുത്ത, മുൻ ഇന്ത്യൻ താരം കൂടിയായ മൻദീപ് സിങ്ങാണ് അവരുടെ ടോപ് സ്കോറർ. കേരളത്തിനു വേണ്ടി എം.ഡി. നിധീഷും ആദിത്യ സർവാതെയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു