2012 സീസണിൽ സഞ്ജു സാംസൺ കെകെആർ ജെഴ്സിയിൽ
File
മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണു വേണ്ടി ഐപിഎൽ ടീമുകൾക്കിടയിൽ മത്സരം മറുകുന്നു. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജുവിന് കോച്ച് രാഹുൽ ദ്രാവിഡുമായും ടീം മാനെജ്മെന്‍റുമായും അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന അഭ്യൂഹങ്ങളെത്തുടർന്നാണ് ടീം മാറ്റം സംബന്ധിച്ച വാർത്തകൾ പ്രചരിച്ചത്.
എം.എസ്. ധോണിയുടെ പിൻഗാമിയായി സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്സ് ലേലത്തിനു മുൻപേ പ്ലെയർ ട്രാൻസ്ഫറിലൂടെ ഏറ്റെടുക്കാൻ ശ്രമിക്കുന്നതായി സൂചനകളും പുറത്തുവന്നിരുന്നു. എന്നാൽ, ചെന്നൈക്കു പുറമേ മറ്റു ചില ടീമുകളും സഞ്ജുവിനു വേണ്ടി സജീവമായി രംഗത്തുണ്ടെന്നാണ് പുതിയ റിപ്പോർട്ട്.
മികച്ച ക്യാപ്റ്റന്‍റെയും ഇന്ത്യൻ വിക്കറ്റ് കീപ്പറുടെയും അഭാവം നിഴലിക്കുന്ന കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ചെന്നൈക്കു ശക്തമായ വെല്ലുവിളി ഉയർത്തുന്നത്. യഥാർഥത്തിൽ സഞ്ജുവിന്‍റെ ആദ്യ ഐപിഎൽ ടീമായിരുന്നു കോൽക്കത്ത. 2012ൽ ഐപിഎൽ ജേതാക്കളായ കെകെആർ ടീമിൽ സഞ്ജു അംഗമായിരുന്നു. എന്നാൽ, ആ സീസണിൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം കിട്ടിയില്ലെന്നു മാത്രം. പിന്നീട്, ശ്രീശാന്തിന്‍റെ സഹായത്തോടെ രാജസ്ഥാൻ റോയൽസിലെത്തിയതാണ് സഞ്ജുവിന്‍റെ കരിയറിൽ വഴിത്തിരിവായത്.
ട്രേഡിങ് വിൻഡോയിൽ സഞ്ജുവിനെ ടീമിലെത്തിക്കാൻ ശ്രമിക്കുമെന്നു ചെന്നൈ ടീം മാനേജ്‌മെന്‍റ് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ, കെകെആർ ഇക്കാര്യം ഔപചാരികമായി പ്രഖ്യാപിച്ചിട്ടില്ല. രാജസ്ഥാൻ റോയൽസ് ടീം മാനെജ്മെന്‍റുമായി സിഎസ്‌കെ അധികൃതർ പ്രാഥമിക ചർച്ചകളും നടത്തിക്കഴിഞ്ഞെന്നാണ് വിവരം. ഇതനുസരിച്ച്, സഞ്ജുവിനെ കിട്ടിയാൽ ആർ. അശ്വിനെയും ശിവം ദുബെയെയും രാജസ്ഥാനു നൽകാമെന്നാണ് വാഗ്ദാനമെന്നും സൂചനയുണ്ട്.
ധോണിക്കു പകരക്കാരനെ തേടുമ്പോൾ ദക്ഷിണേന്ത്യയിൽനിന്നൊരാൾ ആകണമെന്നാണ് ചെന്നൈയുടെ താത്പര്യം. കേരളത്തിൽ ഏറെ ആരാധകരുള്ള ടീം എന്ന നിലയിലും സഞ്ജുവിന്‍റെ സാന്നിധ്യം ചെന്നൈക്കു ഗുണം ചെയ്യും. അതേസമയം, ഋതുരാജ് ഗെയ്ക്ക്‌വാദിനെ ദീർഘകാല ക്യാപ്റ്റൻസിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ള ചെന്നൈയിൽ സഞ്ജുവിന് ടീം ക്യാപ്റ്റൻസി ലഭിക്കുമെന്ന് ഉറപ്പില്ല. കോൽക്കത്തയിലാണെങ്കിൽ അതിനു സാധ്യത കൂടുതലുമാണ്.
സഞ്ജു സാംസൺ
നിലവില്‍ അജിങ്ക്യ രഹാനെയാണ് കെകെആർ ക്യാപ്റ്റന്‍. പക്ഷേ, ക്യാപ്റ്റൻ എന്ന നിലയിലോ ബാറ്റർ എന്ന നിലയിലോ 37 വയസുകാരനായ രഹാനെ ദീർഘകാല സാധ്യതയല്ല. ഓപ്പണിങ് - വിക്കറ്റ് കീപ്പിങ് റോളുകളിൽ ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡികോക്കിനെയും അഫ്ഗാനിസ്ഥാന്‍റെ റഹ്മാനുള്ള ഗുര്‍ബാസിനെയുമാണ് കെകെആർ കഴിഞ്ഞ സീസണില്‍ മാറിമാറി പരീക്ഷിച്ചത്. എന്നാൽ, ഇരുവർക്കും വലിയ ഇംപാക്റ്റ് ഉണ്ടാക്കാൻ സാധിച്ചില്ല. ഈ റോളിലേക്കും സഞ്ജു കൃത്യമായ ചോയ്സ് ആയിരിക്കും.
ചെന്നൈയിലാകട്ടെ, ഗെയ്ക്ക്‌വാദ് പരുക്കു മാറിയാൽ തിരിച്ചെത്തുന്നത് ക്യാപ്റ്റനായി മാത്രമല്ല, ഓപ്പണിങ് റോളിലേക്കു കൂടിയാകും. കഴിഞ്ഞ സീസണിന്‍റെ കണ്ടെത്തലായി ആയുഷ് മാത്രെയും കൂട്ടിനുണ്ട്. ഈ സാഹചര്യത്തിൽ, സഞ്ജു ചെന്നൈയിൽ കളിച്ചാൽ മധ്യനിരയിലാകും ഇറങ്ങുക. ഇന്ത്യൻ ടി20 ടീമിൽ ഓപ്പണറായ ശേഷം വിജയം കണ്ട സഞ്ജുവിന് മധ്യനിരയിലേക്കുള്ള മാറ്റം ഗുണം ചെയ്യാനിടയില്ല. എം.എസ്. ധോണി അടുത്ത സീസണിലും ടീമിൽ തുടരുന്നുണ്ടെങ്കിൽ വിക്കറ്റ് കീപ്പിങ്ങിനും സഞ്ജുവിനെ നിയോഗിക്കില്ല.