ചെങ്ങമനാട് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം

 
Sports

എറണാകുളത്ത് 25 ഏക്കർ പാടം നികത്തി ക്രിക്കറ്റ് സ്റ്റേഡിയം പണിയാൻ സർക്കാർ അനുമതി

എൽഡിഎഫ് സർക്കാരിന്‍റെ അവസാന ക്യാബിനറ്റിൽ 'പൊതു ആവശ്യം' ആയി പ്രഖ്യാപിച്ച പദ്ധതി. ഭൂപരിഷ്കരണ നിയമത്തിൽ ഇളവ്. ഭൂമി തരംമാറ്റത്തിനുള്ള ശുപാർശ അംഗീകരിച്ചത് യുഡിഎഫ് സർക്കാർ

Kochi Bureau

പ്രത്യേക ലേഖകൻ

കൊച്ചി: എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നതിന് കേരള സർക്കാർ ഔദ്യോഗിക അനുമതി നൽകി. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലെജിൽ 10.1312 ഹെക്റ്റർ (ഏകദേശം 25 ഏക്കർ) ഭൂമി തരംമാറ്റാനാണ് കൃഷി വകുപ്പ് ഉത്തരവിറക്കിയത് (G.O NO. 61/2026/AGRI). 2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 10(2) പ്രകാരമാണ് നടപടി.

കേരള സ്പോർട്സ് നയം 2023, കേരള സ്പോർട്സ് ആക്റ്റ് 2025, കേരള സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്‍റ് സ്കീം 2025 എന്നിവയുടെ അടിസ്ഥാനത്തിൽ പദ്ധതിയെ 'പൊതു ആവശ്യം' ആയി പരിഗണിച്ചാണ് അനുമതി നൽകിയിട്ടുള്ളത്. പരിസ്ഥിതി സംരക്ഷണവും ജലസംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള നിർബന്ധ വ്യവസ്ഥകളും സർക്കാർ മുന്നോട്ടു വച്ചിട്ടുണ്ട്. എല്ലാ പാരിസ്ഥിതിക മാനദണ്ഡങ്ങളും പൂർണമായി പാലിച്ച് സുസ്ഥിരവും ലോകോത്തരവുമായ സ്റ്റേഡിയം കേരളത്തിനു സമ്മാനിക്കുമെന്നാണ് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ അവകാശപ്പെടുന്നത്.

കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ സർക്കാരിന്‍റെ കാലത്ത് സമർപ്പിച്ച അപേക്ഷ സംസ്ഥാനതല സമിതി വിശദമായി പരിശോധിച്ച് തരംമാറ്റത്തിന് ശുപാർശ ചെയ്തിരുന്നു. എങ്കിലും നിയമപരമായ സാങ്കേതിക തടസങ്ങൾ കാരണം അപേക്ഷ അംഗീകരിക്കപ്പെട്ടിരുന്നില്ല. തുടർന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്ത്രിയായിരുന്ന കെ. രാജൻ, സ്പോർട്സ് വകുപ്പ് മന്ത്രിയായിരുന്ന വി. അബ്ദുറഹ്മാൻ, കൃഷി മന്ത്രിയായിരുന്ന പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പദ്ധതിക്കായി നിയമഭേദഗതി കൊണ്ടുവരുകയും എൽഡിഎഫ് സർക്കാരിന്‍റെ അവസാന ക്യാബിനറ്റിൽ പദ്ധതിയെ 'പൊതു ആവശ്യം' ആയി പ്രഖ്യാപിക്കുകയുമായിരുന്നു. അതോടൊപ്പം കെസിഎയ്ക്ക് ഭൂപരിഷ്കരണ നിയമത്തിലും ഇളവ് അനുവദിക്കുകയും ചെയ്തു.

തുടർന്ന് പദ്ധതി എത്രയും വേഗത്തിൽ പൂർത്തിയാക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ നേരിട്ട് ഇടപെടുകയും കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, സ്പോർട്സ് മന്ത്രി ഒ.കെ. ജനീഷ് എന്നിവർ ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. ഇതിനെത്തുടർന്ന് കെസിഎ സമർപ്പിച്ച അപേക്ഷ സംസ്ഥാനതല സമിതി വീണ്ടും പരിശോധിച്ച് അന്താരാഷ്ട്ര പദ്ധതിക്കായി

തരംമാറ്റത്തിന് ശുപാർശ നൽകുകയും ചെയ്തു. ഈ ശുപാർശയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ പൂർണമായി അംഗീകരിച്ചിരിക്കുന്നത്.

കേരളത്തിലെ സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ വികസനത്തിൽ നാഴികക്കല്ലായ തീരുമാനമാണിതെന്ന് കെസിഎ പ്രസിഡന്‍റ് ശ്രീജിത്ത് വി. നായർ. പദ്ധതിക്കായി ബിസിസിഐയുടെ അനുമതി നേടിയതിനും സർക്കാരുകളുമായി ഫലപ്രദമായി ഏകോപനം നടത്തിയതിനും ഡബ്ല്യുപിഎൽ ചെയർമാനും കെസിഎ മുൻ പ്രസിഡന്‍റുമായ ജയേഷ് ജോർജിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ബിസിസിഐ ഭാരവാഹികളും ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയും ഉടൻ പദ്ധതി പ്രദേശം സന്ദർശിക്കുമെന്ന് ജയേഷ് ജോർജ് വ്യക്തമാക്കി. മുൻപ് കേരളത്തിൽ നടത്തിയ ഐപിഎൽ ലേലത്തിൽ പങ്കെടുക്കാൻ എത്തിയ ഐസിസി ചെയർമാൻ ജയ് ഷാ പദ്ധതി പ്രദേശം നേരിട്ട് സന്ദർശിക്കുകയും തുടർനടപടികൾക്കായി നിർദേശം നൽകുകയും ചെയ്തിരുന്നു. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി അനുമതി നൽകിയ മുഖ്യമന്ത്രി വി.ഡി. സതീശനും സർക്കാരിനും ജയേഷ് ജോർജ് നന്ദി അറിയിച്ചു.

ട്രംപിന്‍റെ മരുമകൻ കൊച്ചിയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഝാർഖണ്ഡ് പരീക്ഷ ക്രമക്കേട്; വിദ‍്യാർഥികളുമായി ചർച്ച നടത്തി സർക്കാർ

സിദ്ധിവിനായക ക്ഷേത്രത്തിലെ കാണിക്ക തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ‍്യമന്ത്രി

"എനിക്ക് നിങ്ങളെ അറിയില്ല, പക്ഷേ വല്ലാത്ത സ്നേഹം തോന്നുന്നു"; അർജുൻ ആയങ്കിയെ പിന്തുണച്ച് സനൽകുമാർ ശശിധരൻ

'വീട്ടിൽ വരുന്നവരെ തടയുന്നു'; സുരക്ഷാ ഉദ‍്യോഗസ്ഥനെ മാറ്റണമെന്ന് അഭിജീത് ദിപ്കെ