പ്രീമിയർ ലീഗിൽ റെക്കോഡ് നേട്ടത്തിനരികെ ലിവർപൂൾ
മാഞ്ചസ്റ്റർ: ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഇരുപതാം കിരീടം എന്ന റെക്കോഡ് നേട്ടം ലിവർപൂളിനു കൈയെത്തും ദൂരത്ത്. ന്യൂകാസിലിനെ എതിരില്ലാത്ത രണ്ടു ഗോളിനു കീഴടക്കിയതോടെ പോയിന്‍റ് പട്ടികയിൽ മുന്നിലുള്ള ലിവർപൂളിന് 13 പോയിന്‍റ് ലീഡായി! രണ്ടാം സ്ഥാനത്തുള്ള ആഴ്സനൽ, നോട്ടിങ്ങാം ഫോറസ്റ്റിനോട് ഗോൾരഹിത സമനില വഴങ്ങിയതോടെയാണ് ലിവർപൂളിനെ നില കൂടുതൽ സുരക്ഷിതവുമായത്.
പതിനൊന്നാം മിനിറ്റിൽ ഡൊമിനിക് സോബോസ്ലായ് നേടിയ ഗോളിലൂടെയാണ് ലിവർപൂൾ മുന്നിലെത്തിയത്. അറുപത്തിമൂന്നാം മിനിറ്റിൽ അലക്സി മക് അലിസ്റ്റർ രണ്ടാം ഗോളും നേടി. ഇപിഎൽ ചാംപ്യൻമാരായാൽ ഏറ്റവും കൂടുതൽ കിരീടം എന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ റെക്കോഡിനൊപ്പമെത്താൻ ലിവർപൂളിനു സാധിക്കും. രണ്ട് മത്സരങ്ങളിൽ സസ്പെൻഷൻ നേരിടുന്ന കോച്ച് ആർനെ സ്ലോട്ട് സൈഡ് ലൈനിലില്ലാതെയാണ് ലിവർപൂൾ കളിക്കാനിറങ്ങിയത്.
മറുവശത്ത്, കഴിഞ്ഞ നാലു മത്സരങ്ങളിൽ മൂന്നിലും ഗോളടിക്കാനാവാതെയാണ് ആഴ്സനലിന്‍റെ മടക്കം. പരുക്കേറ്റ കായ് ഹാവെർട്സ്, ബുകായോ സാക, ഗബ്രിയേൽ ജെസ്യൂസ്, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരുടെ അഭാവം അവരുടെ പ്രകടനങ്ങളിൽ നിഴലിക്കുന്നു.
ടോട്ടൻഹാമിനെ എർലിങ് ഹാലണ്ടിന്‍റെ ഗോളിൽ മറികടന്ന മാഞ്ചസ്റ്റർ സിറ്റി പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനം തിരിച്ചു പിടിച്ചു. അതേസമയം, പാട്രിക് ഡോർഗു ചുവപ്പ് കാർഡ് പുറത്തായതിനെത്തുടർന്ന് പത്തു പേരുമായി കളിച്ച മാഞ്ചസ്റ്റർ യുനൈറ്റഡ്, രണ്ടിനെതിരേ മൂന്നു ഗോളിന് ഇപ്സ്വിച്ചിനെ കഷ്ടിച്ച് മറികടന്നു.