Sports

ക്രുനാല്‍ കരുത്തിൽ ലക്‌നൗ; ഹൈദരാബാദിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

സ്‌കോര്‍: സണ്‍റൈസേഴ്‌സ് 20 ഓവറില്‍ എട്ടിന് 121, സൂപ്പര്‍ ജയന്റ്‌സ് 16 ഓവറില്‍ അഞ്ചിന് 127

ലഖ്‌നൗ: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് ഏഴു വിക്കറ്റിൻ്റെ ആധികാരിക വിജയം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 122 റണ്‍സ് വിജയലക്ഷ്യം സൂപ്പര്‍ ജയന്റ്‌സ് 16 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. ക്രുനാൽ പാണ്ഡ്യയുടെ ഓൾ റൗണ്ട് മികവിലാണ് ലക്നൗവിൻ്റെ വിജയം.

സൺറൈസേഴ്സിനെ കൂടുതൽ റൺസ് വഴങ്ങാതെ പിടിച്ചു കെട്ടിയ ആത്മവിശ്വാസത്തിലിറങ്ങിയ ലക്നൗ കൈൽ മെയേഴ്സും ക്യാപ്റ്റൻ കെ.എൽ. രാഹുലും ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ ഇരുവരും 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഫസൽഹാഖ് ഫറൂഖിയുടെ പന്ത് മായങ്ക് അഗർവാൾ ക്യാച്ചെടുത്ത് കൈൽ മായേഴ്‌സിനെ മടക്കി. പിന്നാലെ എത്തിയ ദീപക് ഹൂഡയും (8 പന്തിൽ 7) വന്ന വേഗത്തിൽ തിരിച്ചു പോയി.

മൂന്നാം വിക്കറ്റിൽ ക്രീസിലെത്തിയ ക്രുനാൽ പാണ്ഡ്യയും രാഹുലും ചേർന്ന് സ്കോർ 100ൽ എത്തിച്ചു. എന്നാല്‍ 13-ാം ഓവറിലെ രണ്ടാം പന്തില്‍ 22 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡ്യയെ ഉമ്രാന്‍ മാലിക്ക് പുറത്താക്കി. ഉമ്രാൻ്റെ പന്തില്‍ ബൗണ്ടറിയിലേക്ക് പായിക്കാൻ ശ്രമിച്ചങ്കിലും ക്രുനാലിൻ്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ അന്‍മോല്‍പ്രീത് കയ്യിലൊതുക്കി. പിന്നാലെ എത്തിയ മാർകസ് സ്റ്റോയ്ൻസ് രാഹുലിന് മികച്ച പിന്തുണ നൽകി സ്കോർ ബോർഡ് ചലിപ്പിച്ചു.

പതിനാലാം ഓവറിൽ ആദിൽ റാഷിദിൻ്റെ പന്തിൽ രാഹുലും (30 പന്തിൽ 35) തൊട്ടുപിന്നാലെ റൊമാരിയോ ഷെപ്പേർഡും(0) വിക്കറ്റിനു മുന്നിൽ കുരുങ്ങി. അപ്പോഴേക്കും ലക്നൗ വിജയത്തിനരികെ എത്തിയിരുന്നു. ഏഴാമനായി ക്രീസിലെത്തിയ വിക്കറ്റ് കീപ്പർ നിക്കോളാസ് പുരാനു(5 പന്തിൽ 5)മായി ചേർന്ന് സ്റ്റോയ്ൻസ്(13 പന്തിൽ 10) തങ്ങളുടെ വിജയം സ്വന്തമാക്കി.

34 റണ്‍സെടുക്കുകയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത ക്രുനാല്‍ പാണ്ഡ്യയുടെ തകര്‍പ്പന്‍ പ്രകടനമാണ് സൂപ്പര്‍ ജയന്റ്‌സിന് വിജയം സമ്മാനിച്ചത്.

സൺറൈസേഴ്സിന് വേണ്ടി ആദിൽ റഷീദ് രണ്ടു വിക്കറ്റ് വീഴ്ത്തി. ലക്‌നൗവിനായി അമിത് മിശ്ര രണ്ടു വിക്കറ്റ് വീഴ്ത്തി.

സ്‌കോര്‍: സണ്‍റൈസേഴ്‌സ് 20 ഓവറില്‍ എട്ടിന് 121, സൂപ്പര്‍ ജയന്റ്‌സ് 16 ഓവറില്‍ അഞ്ചിന് 127.

"ചാടിക്കയറി നിഗമനത്തിലെത്തരുത്, നമ്മുടേത് മികച്ച പൈലറ്റുമാർ"; പ്രതികരിച്ച് വ്യോമയാന മന്ത്രി

ആക്സിയം-4 ദൗത്യം: ശുഭാംശു ജൂലൈ 15ന് ഭൂമിയിലെത്തും

വയനാട് കോൺഗ്രസിൽ കൈയ്യാങ്കളി; ഡിസിസി പ്രസിഡന്‍റിന് മർദനമേറ്റു

കുനോയിൽ ഒരു ചീറ്റ കൂടി ചത്തു; അവശേഷിക്കുന്നത് 26 ചീറ്റകൾ

മദ്യപിച്ച് പൊതു പരിപാടിയിൽ പങ്കെടുത്തു; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ