"മേരി കോം ഭർത്താവിന് ജീവനാംശം നൽകണം"; വിവാഹമോചന അഭ്യൂഹത്തിന് പിന്നാലെ താരത്തിന് വിമർശനം
ഇന്ത്യൻ ബോക്സിങ് താരം മേരി കോമും ഭർത്താവ് ഓൺലെറും തമ്മിൽ വേർപിരിയുന്നുവെന്ന അഭ്യൂഹത്തിനു പിന്നാലെ മേരി കോമിനെ രൂക്ഷമായി വിമർശിച്ച് ആരാധകർ. വിവാഹമോചനം നേടുന്നുവെങ്കിൽ ഓൺലെറിന് മേരി ജീവനാംശം നൽകണമെന്നാണ് എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ നിരവധി പേർ ആവശ്യപ്പെടുന്നത്. 20 വർഷം നീണ്ടു നിന്ന ദാമ്പത്യത്തിനൊടുവിലാണ് മേരി കോം വിവാഹമോചിതയാകുന്നുവെന്ന വാർത്തകൾ പടർന്നിരിക്കുന്നത്.
മേരി കോം- ഓൺലെർ ദമ്പതികൾക്ക് ഒരു മകൾ ഉൾപ്പെടെ നാലു മക്കളാണ്. മേരിയോ ഭർത്താവ് ഓൺലെറോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ മേരി കോം ബിസിനസ് പങ്കാളിയും മറ്റൊരു ബോക്സിങ് താരത്തിന്‍റെ ഭർത്താവുമായ ഹിതേഷ് ചൗധരിയുമായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടുമുണ്ട്.
മേരിയുടെ കരിയർ പടുത്തുയർത്തുന്നതിനായി ഫുട്ബോളിലെ സ്വന്തം കരിയർ ഇല്ലാതാക്കിയാണ് ഓൺലെർ ഒപ്പം നിന്നതെന്നും അദ്ദേഹമാണ് കുട്ടികളെ വളർത്തിയതെന്നും മേരിയുടെ പ്രശസ്തിയുടെ പങ്ക് ഓൺലെറിന് അവകാശപ്പെടാവുന്നതാണെന്നും നെറ്റിസൺസ് അഭിപ്രായപ്പെടുന്നു.
വീട്ടമ്മയിൽ നിന്ന് ലോക ചാമ്പ്യനായി മാറിയ മേരി കോമിന് ആരാധകർ അനവധിയാണ്. എന്നാൽ വിവാഹമോചന അഭ്യൂഹം താരത്തിനെതിരേയുള്ള വിമർശനം ശക്തമാക്കിയിരിക്കുന്നു. പണവും പ്രശസ്തിയുമായപ്പോൾ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു ബോക്സറുടെ ഭർത്താവിനെ സ്വന്തമാക്കാനാണ് മേരിയുടെ ശ്രമമെന്നും അവരോടുള്ള ബഹുമാന ഇല്ലാതായെന്നും കമന്‍റുകളിൽ ഉണ്ട്.