രാജസ്ഥാൻ റോയൽസിനെതിരേ ഒത്തുകളി ആരോപണം; പിന്നാലെ പരാതി നൽകി ടീം മാനേജ്മെന്‍റ്

 
Sports

രാജസ്ഥാൻ റോയൽസിനെതിരേ ഒത്തുകളി ആരോപണം; പിന്നാലെ പരാതിയുമായി ടീം മാനേജ്മെന്‍റ്

ടീമിനെതിരേ ഒത്തുകളി ആരോപണം ഉന്നയിച്ച രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അഡ് ഹോക് കമ്മിറ്റി കൺവീനർ ജയ്ദീപ് ബിഹാനിക്കെതിരേയാണ് രാജസ്ഥാൻ ടീം മാനേജ്മെന്‍റ് പരാതി നൽകിയിരിക്കുന്നത്

ജയ്പൂർ: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിൽ തോൽവിയറിഞ്ഞതിനു പിന്നാലെ രാജസ്ഥാൻ റോയൽസിനെതിരേ ഒത്തുകളി ആരോപണം. ബിജെപി എംഎൽഎയും രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അഡ് ഹോക് കമ്മിറ്റി കൺവീനറുമായ ജയ്ദീപ് ബിഹാനിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബിഹാനിക്കെതിരേ രാജസ്ഥാൻ റോയൽസ് ടീം മാനേജ്മെന്‍റ് പരാതിയും നൽകി.

രാജസ്ഥാൻ മുഖ‍്യമന്ത്രി, കായിക മന്ത്രി, കായിക സെക്രട്ടറി എന്നിവർക്കാണ് രാജസ്ഥാൻ ടീം മാനേജ്മെന്‍റ് പരാതി നൽകിയിരിക്കുന്നത്. ജയ്ദീപ് ബിഹാനിയുടെ ആരോപണം അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് രാജസ്ഥാൻ ടീം മാനേജ്മെന്‍റ് പ്രതികരിച്ചു.

ഒരു ചാനൽ‌ ചർച്ചയ്ക്കിടെയായിരുന്നു ബിഹാനിയുടെ ആരോപണം. ജയിക്കേണ്ടിയിരുന്ന മത്സരം എങ്ങനെയാണ് രാജസ്ഥാൻ തോറ്റതെന്നും, രാജസ്ഥാനിലെ യുവതാരങ്ങൾക്ക് ഇതിലൂടെ എന്തു സന്ദേശമാണ് നൽകുന്നതെന്നും ബിഹാനി ചോദിച്ചിരുന്നു.

രാജസ്ഥാനിലെ ക്രിക്കറ്റിന്‍റെ ഉയർച്ചയ്ക്കു വേണ്ടി സംസ്ഥാന സർക്കാർ തന്നെയായിരുന്നു ബിഹാനിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റിയെ നിയമിച്ചിരുന്നത്. എന്നാൽ, ഐപിഎല്ലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിൽ നിന്ന് അഡ്ഹോക് കമ്മിറ്റിയെ ഒഴിവാക്കിയിരുന്നു. ഇതാണ് ഒത്തുകളി ആരോപണങ്ങൾക്ക് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആവശ്യത്തിന് വിക്കറ്റുകൾ ശേഷിക്കെ, തുടരെ രണ്ട് മത്സരത്തിൽ രാജസ്ഥാന് അവസാന ഓവറിൽ ഒമ്പത് റൺസ് വിജയലക്ഷം മറികടക്കാൻ സാധിക്കാതെ പോയിരുന്നു. ഒരു മത്സരം ടൈ ആയ ശേഷം സൂപ്പർ ഓവറിൽ തോറ്റു, രണ്ടാമത്തേതിൽ രണ്ട് റൺസിനും തോറ്റു.

പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി

സംസ്ഥാന ജീവനക്കാർക്ക് ബോണസ് 4500; ഉത്സവബത്ത 3000

സിപിഎമ്മും ആർഎസ്എസും മുതലെടുപ്പ് നടത്തുന്നു; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ അലോഷ‍്യസ് സേവ‍്യർ

കോൺഗ്രസിന്‍റെ സ്ത്രീപക്ഷ നിലപാടിൽ വിട്ടുവീഴ്ചയില്ല: രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ നടപടിക്കു മടിക്കില്ല: കെ. മുരളീധരൻ