മുഹമ്മദ് കൈഫ്
മുംബൈ: ജൂണിൽ ആരംഭിക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര‍്യടനത്തിൽ ഇന്ത‍്യൻ താരം ശ്രേയസ് അയ്യരെ ടീമിൽ ഉൾപ്പെടുത്താത്തതിന് സെലക്റ്റർമാരെ വിമർശിച്ച് മുൻ ഇന്ത‍്യൻ താരം മുഹമ്മദ് കൈഫ്. മൂന്ന് ഫോർമാറ്റിലും ഒരുപോലെ പ്രകടന മികവ് പുറത്തെടുത്തിട്ടും ശ്രേയസിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്താത്ത് എന്തുകൊണ്ടാണെന്ന് കൈഫ് ചോദിച്ചു.
''ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തതുകൊണ്ടാണ് സായ് സുദർശനെ ടെസ്റ്റ് ടീമിലെടുത്തത്. സായ് മികച്ച താരമാണെന്നതിൽ സംശയമില്ല. എന്നാൽ ഏറെകാലമായി ശ്രേയസ് റൺസ് നേടുന്നുണ്ട്. 2023ൽ ൽ നടന്ന ഏകദിന ലോകകപ്പിൽ ശ്രേയസ് 550 റൺസാണ് നേടിയത്. കൂടാതെ ചാംപ‍്യൻസ് ട്രോഫിയിൽ ഇന്ത‍്യയുടെ ടോപ് സ്കോററായിരുന്നു. ഐപിഎല്ലിലും 514 റൺസ് നേടി. കഴിഞ്ഞ രഞ്ജി ട്രോഫിയിലും 480 റൺസ് നേടിയിരുന്നു. എന്നിട്ടും സെലക്റ്റർമാർ ശ്രേയസിനെ അവഗണിച്ചു.
ചിലരെ വൈറ്റ് ബോൾ ക്രിക്കറ്റിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് ടീമിലേക്ക് പരിഗണിക്കുന്നത് എന്നാൽ മറ്റു ചിലരുടെ കാര‍്യത്തിൽ അങ്ങനെയല്ല.'' കൈഫ് പറഞ്ഞു. തന്‍റെ യൂട‍്യൂബ് ചാനലിലൂടെയായിരുന്നു കൈഫ് ഇക്കാര‍്യം പറഞ്ഞത്. അതേസമയം ശ്രേയസിനെ നിലവിൽ ടീമിൽ ഉൾപ്പെടുത്താനാവില്ലെന്ന് ചീഫ് സെലക്റ്റർ അജിത് അഗാർക്കർ നേരത്തെ വ‍്യക്തമാക്കിയിരുന്നു.