മുഹമ്മദ് സിറാജ്
കെന്നിങ്ടൺ: ആൻഡേഴ്സൺ- ടെൻഡുൾക്കർ ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനു പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ കുതിച്ചു കയറി ഇന്ത‍്യൻ താരം മുഹമ്മദ് സിറാജ്. പുതുതായി ഐസിസി പ്രഖ‍്യാപിച്ച റാങ്കിങ്ങിൽ താരം 15-ാം റാങ്കിലെത്തി. 12 സ്ഥാനം മെച്ചപ്പെടുത്തിയാണ് താരം തന്‍റെ കരിയറിലെ മികച്ച ടെസ്റ്റ് റാങ്കിങ്ങിലെത്തിയിരിക്കുന്നത്.
സിറാജിന്‍റെ അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു ഓവൽ ടെസ്റ്റിലെ ഇന്ത‍്യൻ വിജയത്തിൽ നിർണായക പങ്കു വഹിച്ചത്. 23 വിക്കറ്റുകൾ വീഴ്ത്തിയ സിറാജിന് തന്നെയായിരുന്നു പരമ്പരയിൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം.
889 റേറ്റിങ് പോയിന്‍റുകളുമായി സ്റ്റാർ പേസർ ജസ്പ്രീത് ബുംറയാണ് നിലവിൽ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കൻ താരം കാഗിസോ റബാഡ രണ്ടാമതും ഓസ്ട്രേലിയൻ ക‍്യാപ്റ്റൻ പാറ്റ് കമ്മിൻസ് മൂന്നാം സ്ഥാനത്തുമാണ്.