മുഹമ്മദ് സിറാജ്
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരം ഇന്ത‍്യ വിജയിച്ചതോടെ ആൻഡേഴ്സൺ - ടെൻഡുൽക്കർ ട്രോഫിക്ക് തിരശീല വീണിരിക്കുകയാണ്. ഒരു ജിത്തു ജോസഫ് ചിത്രം കാണുന്നതു പോലെ ത്രില്ലിങ്ങായിരുന്നു മത്സരം. 35 റൺസ് എന്ന വിജയലക്ഷ‍്യത്തിലേക്ക് നീങ്ങുന്ന ഇംഗ്ലണ്ട് ബാറ്റർമാരും, നാലു വിക്കറ്റ് വീഴ്ത്തുകയെന്ന ലക്ഷ‍്യത്തോടെ ഇന്ത‍്യൻ ബൗളർമാരും.
തോളെല്ല് തെറ്റിയിട്ടും പതറാതെ ബാറ്റിങ്ങിനിറങ്ങിയ ക്രിസ് വോക്സിനെ സ്ട്രൈക്കിൽ കൊണ്ടുവരാതെ ഇന്ത‍്യൻ ബൗളർമാർ നാലു വിക്കറ്റുകളും പിഴുത് ജയം പിടിച്ചു. മത്സരത്തിൽ നിർണായങ്ക പങ്ക് വഹിച്ച ഒരു താരമുണ്ടായിരുന്നു. ഒരു പക്ഷേ അദ്ദേഹത്തിന്‍റെ പിഴവ് മൂലം മത്സരത്തിന്‍റെ ഗതി തന്നെ മാറിയേനെ. അതിനെയെല്ലാം അതിജീവിച്ച് ആത്മവിശ്വാസത്തോടെ അയാൾ പന്തെറിഞ്ഞു. ഏതൊരു ടീമും ആഗ്രഹിക്കുന്ന യഥാർഥ പോരാളി, അതെ, മുഹമ്മദ് സിറാജ്!
അഞ്ചാം ടെസ്റ്റിലെ 35ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ പന്ത് ഹാരി ബ്രൂക്ക് പുൾ ഷോട്ട് കളിക്കാൻ ചെറിയൊരു ശ്രമം നടത്തി. പന്തുയർന്ന് ബൗണ്ടറി ലൈനിന്‍റെ തൊട്ടടുത്തെത്തി. ഫൈൻ ലെഗിൽ ഫീൾഡ് ചെയ്യുകയായിരുന്ന സിറാജ് ക‍്യാച്ച് അനായാസം കൈകളിലൊതുക്കി. വിക്കറ്റ് കിട്ടിയ സന്തോഷത്തിൽ പ്രസിദ്ധ് ആഘോഷിച്ച് തുടങ്ങിയിരുന്നു.
എന്നാൽ, ഒരടി പിന്നോട്ട് വച്ച സിറാജ് ബൗണ്ടറി റോപ്പിൽ ചവിട്ടി, കൈയിൽ കിട്ടിയ വിക്കറ്റ് അങ്ങനെ സിക്സറായി! ആ സമയം 19 റൺസ് മാത്രം നേടിയിട്ടുണ്ടായിരുന്ന ബ്രൂക്ക്, വീണു കിട്ടിയ അവസാരം മുതലാക്കി സെഞ്ചുറി തികച്ചു, അതും 91 പന്തിൽ. മികച്ച സ്ട്രൈക്ക് റേറ്റിൽ ഇംഗ്ലണ്ടിന്‍റെ സ്കോർ ഉയർന്നു. വിജയ പ്രതീക്ഷകളേറി.
കണ്ടു നിന്ന പ്രേക്ഷകരും അനലിസ്റ്റുകളും ഇംഗ്ലണ്ട് വിജയിക്കുമെന്ന് വിധിയെഴുതി. അപ്പോഴും അയാൾ ഒറ്റപ്പെട്ടു. പ്രസിദ്ധിനു മുഖം കൊടുക്കാൻ അയാൾ വിഷമിച്ചു. മുഹമ്മദ് കൈഫിനെപ്പോലെ ഇന്ത്യയുടെ മുൻതാരങ്ങൾ പലരും അയാളെ കുറ്റപ്പെടുത്തി.
എന്നാൽ, അതിനെയെല്ലാം തെല്ലും വകവയ്ക്കാതെ ഓവലിൽ അതിശക്തമായി അയാൾ ഒരു തിരിച്ചുവരവ് നടത്തി. ഭാവി തലമുറയ്ക്ക് കണ്ടു പഠിക്കാവുന്ന തരത്തിലുള്ള ഒരു തിരിച്ചുവരവ്.
അഞ്ചാം ദിനം 35 റൺസ് വിജയലക്ഷ‍്യമായിരുന്നു ഇംഗ്ലണ്ടിനു മുന്നിൽ. ഇൻഫോം ബാറ്റർ ജേമി സ്മിത്തും, ഓൾറൗണ്ടർ ജാമി ഓവർടണുമായിരുന്നു ക്രീസിൽ. ആദ‍്യ രണ്ടു പന്തുകളും ഓവർടൺ ബൗണ്ടറി കടത്തിയതോടെ ഇന്ത‍്യയുടെ പ്രതീക്ഷകൾ മങ്ങി.
വിജയം നഷ്ടമായെന്നു കരുതിയിടത്തു നിന്ന് ഇന്ത‍്യക്കു വേണ്ടി സിറാജ് ഉയർത്തെഴുന്നേറ്റു. സ്മിത്തിനെയും പിന്നാലെ ഓവർടണിനെയും പുറത്താക്കി. പ്രതിരോധിച്ചു പിടിച്ചു നിൽക്കാൻ നോക്കിയ ഗസ് അറ്റ്കിൻസണെ യോർക്കറിൽ കുടുക്കി. സ്റ്റമ്പുകൾ കടപുഴകി വീണു.
സിറാജ് എന്ന പോരാളി, കൈവിട്ട ക്യാച്ചിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. ഇന്ത‍്യ ആറ് റൺസിന്‍റെ അവീസ്മരണീയ ജയം നേടി. ഇതോടെ പരമ്പരയിൽ 23 വിക്കറ്റുകളുമായി സിറാജ് വിക്കറ്റ് വേട്ടയിലും ഒന്നാം സ്ഥാനവും സ്വന്തമാക്കി.