ബംഗ്ലാദേശ് ക്രിക്കറ്റ് ടീം
ന‍്യൂഡൽഹി: മുസ്താഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്നും ഒഴിവാക്കിയതിനെ ചൊല്ലിയുള്ള വിവാദങ്ങൾ നിലനിൽക്കെ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പിൽ നിന്നും പിന്മാറി ഇന്ത‍്യൻ കമ്പനിയായ എസ്ജി.
ബംഗ്ലാദേശ് താരങ്ങൾക്ക് ക്രിക്കറ്റ് ബാറ്റുകൾ എസ്ജിയാണ് സ്പോൺസർ ചെയ്തിരുന്നത്. സ്പോൺസർഷിപ്പിൽ നിന്നും എസ്ജി പിന്മാറുന്നതോടെ ബംഗ്ലാദേശ് ക‍്യാപ്റ്റൻ ലിറ്റൺ ദാസ്, മോനിമുൾ ഹഖ്, യാസിർ റാബി, എന്നീ താരങ്ങൾക്ക് ബാറ്റുകൾ നഷ്ടമാകും.
ഇക്കാര‍്യം എസ്ജി ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നുമാണ് വിവരം. എസ്ജിക്കു പിന്നാലെ മറ്റു ഇന്ത‍്യൻ കമ്പനികളും സ്പോൺസർഷിപ്പ് പിൻവലിച്ചാൽ ബംഗ്ലാദേശിന് വലിയ തിരിച്ചടിയായേക്കും.
മുസ്താഫിസൂറിനെ ഒഴിവാക്കിയതോടെ ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേക്ഷണം വിലക്കിയിരുന്നു. ഇതിനു പിന്നാലെ വരുന്ന ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ‍്യപ്പെട്ട് ബംഗ്ലാദേശ് രംഗത്തെത്തിയിരുന്നുവെങ്കിലും ഐസിസി ബിസിബിയുടെ ആവശ‍്യം തള്ളുകയായിരുന്നു.