ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ന്യൂഡൽഹി.
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം പൊളിച്ചുനീക്കി, അതിവിശാലമായ സൗകര്യങ്ങളോടു കൂടിയ 'സ്പോർട്സ് സിറ്റി' സ്ഥാപിക്കാൻ കേന്ദ്ര സ്പോർട്സ് മന്ത്രാലയം പദ്ധതിയിടുന്നു. അത്‌ലറ്റുകൾക്ക് താമസ സൗകര്യവും, എല്ലാ പ്രധാന കായിക ഇനങ്ങൾക്കും അനുയോജ്യമായ ലോകോത്തര സൗകര്യങ്ങളും പുതിയ സമുച്ചയത്തിൽ ഒരുക്കും.
സ്റ്റേഡിയത്തിന്‍റെ 102 ഏക്കർ വിസ്തൃതിയുള്ള പ്രദേശം പൂർണമായും പൊളിച്ചുനീക്കി പുതിയ രീതിയിൽ നിർമിക്കാനാണ് പദ്ധതി. ''സ്റ്റേഡിയം പൂർണമായി പൊളിച്ചുനീക്കും. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (NADA), ദേശീയ ഉത്തേജക പരിശോധന ലബോറട്ടറി (NDTL) ഉൾപ്പെടെ സ്റ്റേഡിയത്തിനുള്ളിലെ എല്ലാ ഓഫിസുകളും മാറ്റി സ്ഥാപിക്കും'', കായിക മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
പരിശീലനത്തിനും പ്രധാന കായിക ഇവന്‍റുകൾ നടത്തുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു മൾട്ടി-ഡിസിപ്ലിൻ സൗകര്യമായിരിക്കും സ്പോർട്സ് സിറ്റി. അത്ലറ്റിക്സ്, ക്രിക്കറ്റ്, നീന്തൽ, ടെന്നീസ് എന്നിവയുൾപ്പെടെയുള്ള വിവിധ കായിക വിഭാഗങ്ങൾക്ക് ഇവിടെ സൗകര്യമുണ്ടാകും.
ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ സ്പോർട്സ് കോംപ്ലക്സിനു സമാനമായ മൾട്ടി-ഡിസിപ്ലിനറി സൗകര്യമാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. പുതിയ സ്പോർട്സ് സിറ്റിയുടെ രൂപരേഖ അന്തിമമാക്കുന്നതിനായി ഖത്തറിലെയും ഓസ്ട്രേലിയയിലെയും സ്പോർട്സ് സിറ്റികളുടെ മാതൃകകൾ പഠിച്ചുവരികയാണ്. അതേസമയം, സ്പോർട്സ് സിറ്റി പദ്ധതി നിലവിൽ ഒരു നിർദേശം മാത്രമാണ്. നിർമ്മാണത്തിന്‍റെ സമയരേഖയോ മറ്റ് വിശദാംശങ്ങളോ ഇതുവരെ തയാറാക്കിയിട്ടില്ല.