ഷഹീൻ ഷാ അഫ്രീദി, ഷാദാബ് ഖാൻ, മുഹമ്മദ് റിസ്വാൻ. File
Sports

മഴ വന്നപ്പോൾ പുറത്തായത് പാക്കിസ്ഥാൻ; യുഎസ്എയ്ക്ക് 2026 ലോകകപ്പിനും യോഗ്യത

യുഎസ്എയെ അയർലൻഡ് തോൽപ്പിച്ചാൽ മാത്രമാണ് പാക്കിസ്ഥാന് സാധ്യത അവശേഷിച്ചിരുന്നത്. ഈ മത്സരം മഴ മുടക്കിയതോടെ ഇന്ത്യക്കു പിന്നാലെ എ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി യുഎസ്എ സൂപ്പർ 8 ഘട്ടത്തിൽ പ്രവേശിച്ചു.

ലൗഡർഹിൽ: യുഎസ്എയും അയർലൻഡും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോൾ ട്വന്‍റി20 ലോകകപ്പിൽ നിന്ന് പുറത്തായത് പാക്കിസ്ഥാൻ. ടി20 ലോകകപ്പുകളുടെ ചരിത്രത്തിൽ തന്നെ പാക്കിസ്ഥാൻ മൂന്നു മത്സരങ്ങൾക്കുള്ളിൽ ടൂർണമെന്‍റിൽ നിന്നു പുറത്താകുന്നത് ഇതാദ്യം.

അതേസമയം, ഉപേക്ഷിക്കപ്പെട്ട മത്സരത്തിൽ നിന്നു കിട്ടിയ ഒരു പോയിന്‍റുമായി എ ഗ്രൂപ്പിൽ ഇന്ത്യക്കു പിന്നിൽ രണ്ടാം സ്ഥാനം ഉറപ്പിച്ച യുഎസ്എയ്ക്ക് കന്നി ലോകകപ്പിൽ സൂപ്പർ 8 പ്രവേശനം മാത്രമല്ല ലഭിച്ചത്; 2026ൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലേക്കു കൂടി അവർ യോഗ്യത ഉറപ്പിച്ചു.

ഒരു സന്നാഹ മത്സരം പോലും കളിക്കാതെ ലോകകപ്പിനിറങ്ങിയ പാക്കിസ്ഥാൻ ആദ്യ മത്സരത്തിൽ തന്നെ യുഎസ്എയോടു തോറ്റിരുന്നു, അതും സൂപ്പർ ഓവറിൽ. ഇന്ത്യക്കെതിരേ 120 റൺസ് പിന്തുടരാനാവാതെ ആറു റൺസ് അകലെ പതറി വീണപ്പോൾ തന്നെ അവരുടെ പുറത്താകൽ ഏറെക്കുറെ ഉറപ്പായിരുന്നു. യുഎസ്എയെ അയർലൻഡ് തോൽപ്പിച്ചാൽ മാത്രമാണ് അവർക്ക് കടലാസിലെങ്കിലും സാധ്യത അവശേഷിച്ചിരുന്നത്. ഈ മത്സരം മഴയിൽ മുങ്ങിയതോടെ ആ പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു. രണ്ടാം മത്സരത്തിൽ ക്യാനഡയെ തോൽപ്പിച്ച് പാക്കിസ്ഥാന് അയർലൻഡിനെതിരായ മത്സരം കൂടി ശേഷിക്കുന്നുണ്ടെങ്കിലും ഈ മത്സരത്തിന്‍റെ ഫലം അപ്രസക്തമാണ്.

ഇക്കുറി നേരത്തേ പുറത്തായെങ്കിലും അടുത്ത ലോകകപ്പിന് യോഗ്യതാ റൗണ്ട് കളിക്കേണ്ട അവസ്ഥയിലേക്ക് പാക്കിസ്ഥാൻ എത്തിയിട്ടില്ല. നിലവിൽ ലോക റാങ്കിങ്ങിലുള്ള ഏഴാം സ്ഥാനം അവരുടെയും യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയും ശ്രീലങ്കയും ചേർന്നാണ് അടുത്ത ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്.

2014, 2016 വർഷങ്ങളിലും പാക്കിസ്ഥാൻ ആദ്യ റൗണ്ടിൽ പുറത്തായിട്ടുണ്ട്. എന്നാൽ, ഇപ്പോഴത്തേതിൽ കൂടുതൽ മത്സരങ്ങൾ കളിച്ച ശേഷമാണ് അന്നൊക്കെ പുറത്താകൽ ഉറപ്പായത്. ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ ഫൈനൽ കളിച്ചതിന്‍റെ റെക്കോഡ് ഇംഗ്ലണ്ടിനൊപ്പം പങ്കുവയ്ക്കുന്ന ടീമാണ് പാക്കിസ്ഥാൻ. ഇരു ടീമുകളും മൂന്നു വട്ടം ഫൈനലിലെത്തിയിട്ടുണ്ട്. പാക്കിസ്ഥാൻ 2009ൽ ചാംപ്യൻമാരുമായിരുന്നു.

''പിണറായി വിജയൻ ആഭ‍്യന്തര വകുപ്പ് ഒഴിയണം, ഇത് സ്റ്റാലിന്‍റെ റഷ‍്യയല്ല''; വി.ഡി. സതീശൻ

എസ്എഫ്ഐ നേതാവിനെതിരായ പൊലീസ് മർദനം; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

പാക്കിസ്ഥാന് തിരിച്ചടി; മാച്ച് റഫറിയെ നീക്കണമെന്നാവശ‍്യം ഐസിസി തള്ളി

കുന്നംകുളം കസ്റ്റഡി മർദനം; പൊതുതാത്പര‍്യ ഹർജി സമർപ്പിച്ച് സുജിത്ത്

ആൺ സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ടു; ക്ഷേത്ര പരിസരത്ത് പെൺകുട്ടിയെ പീഡിപ്പിച്ചു