അർധസെഞ്ചുറി നേടിയ ക‍്യാപ്റ്റൻ ഷാൻ മസൂദിന്‍റെ ആഹ്ലാദം

 
Sports

4 അർധസെഞ്ചുറികൾ, ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ പാക്കിസ്ഥാന് മികച്ച തുടക്കം; ഫോം കണ്ടെത്താനാവാതെ ബാബർ

ഒന്നാം ദിനം പൂർത്തിയായപ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 313 റൺസെന്ന നിലയിലാണ് ടീം

Aswin AM

ലാഹോർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ പാക്കിസ്ഥാന് മികച്ച തുടക്കം. ഒന്നാം ദിനം പൂർത്തിയായപ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 313 റൺസെന്ന നിലയിലാണ് ടീം. അർധസെഞ്ചുറികൾ നേടിയ ഓപ്പണിങ് ബാറ്റർ ഇമാം ഉൾ ഹഖ് (93), ക‍്യാപ്റ്റൻ ഷാൻ മസൂദ് (76), മുഹമ്മദ് റിസ്‌വാൻ (62 നോട്ടൗട്ട്), സൽമാൻ അലി ആഘ (52 നോട്ടൗട്ട്) എന്നിവരുടെ പ്രകടനങ്ങളാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. 62 റൺസുമായി മുഹമ്മദ് റിസ്‌വാനും 52 റൺസുമായി സൽമാൻ അലി ആഘയുമാണ് ക്രീസിൽ.

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി സെനുരൻ മുത്തുസ്വാമി രണ്ടും കാഗിസോ റബാഡ, സൈമൺ ഹാർമർ, പ്രെനെലൻ സുബ്രയേൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. അതേസമയം, സീനിയർ താരം ബാബർ അസം ഇത്തവണയും നിരാശപ്പെടുത്തി. ബൗണ്ടറികൾ പറത്തി ക്രീസിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും 23 റൺസ് മാത്രമാണ് ബാബറിനു നേടാൻ സാധിച്ചത്. സമീപകാലത്ത് മോശം ഫോം മൂലം ടി20 ടീമിൽ ഇടം നേടാനാവാതിരുന്ന ബാബർ ടെസ്റ്റ് ക്രിക്കറ്റിലും സമാന ഫോം തുടരുന്ന കാഴ്ചയാണ് കാണാനാവുന്നത്.

ബാബർ അസം

ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത പാക്കിസ്ഥാന് മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ അബ്ദുള്ള ഷഫീക്കിനെ (2) നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റിൽ ക‍്യാപ്റ്റൻ ഷാൻ മസൂദും ഇമാം ഉൾ ഹഖും ചേർത്ത 150 റൺസ് കൂട്ടുകെട്ടാണ് സ്കോർനില ഉയർത്തിയത്. രണ്ടു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ടീമിൽ തിരിച്ചെത്തിയ ഇമാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 153 പന്തിൽ 9 ബൗണ്ടറിയും 1 സിക്സും ഉൾപ്പടെ 93 റൺസ് അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.

ഷാൻ മസൂദും ദക്ഷിണാഫ്രിക്കൻ ബൗളർമാർക്കെതിരേ റൺസ് കണ്ടെത്തി. 147 പന്തിൽ 9 ബൗണ്ടറിയും 1 സിക്സും ഉൾപ്പടെ 76 റൺസാണ് താരം നേടിയത്. ബാബർ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ സൗദ് ഷക്കീലിന് ഒരു റൺസ് പോലും നേടാനായില്ല. സെനുരൻ മുത്തുസ്വാമിയാണ് സൗദ് ഷക്കീലിനെ മടക്കിയത്. ആറാം വിക്കറ്റിൽ റിസ്‌വാനും സൽമാൻ അലി ആഘയും ചേർന്ന് 100 റൺസിന്‍റെ കൂട്ടുകെട്ടുമായി ക്രീസിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

ശബരിമലയിലെ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല; കവർന്നത് ചെമ്പ് പാളിയിൽ പൊതിഞ്ഞ സ്വർണമെന്ന് സ്ഥിരീകരണം

മഹാരാഷ്ട്രയിൽ മൂന്നു ദിവസം ദുഃഖാചരണം; 30 വരെ സ്കൂളുകൾ അടച്ചിടും

റൂം സ്പ്രിങ്ക്ളറിൽ ഷർട്ട് ഉണക്കാനിട്ടു; 19 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹോട്ടൽ

പാലക്കാട്ട് നടുറോഡിൽ വീട്ടമ്മയുടെ നിസ്കാരം; കസ്റ്റഡിയിലെടുത്ത് പൊലീസ്

ഇംഗ്ലീഷിലെഴുതിയ 3 പേജുള്ള ആത്മഹത്യക്കുറിപ്പ്, കൊറിയൻ പുസ്തകങ്ങൾ; ആദിത്യയുടെ മരണത്തിൽ അടിമുടി ദുരൂഹതയെന്ന് പൊലീസ്