മുഹമ്മദ് റിസ്‌വാൻ, ബാബർ അസം
റാവൽപിണ്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാന് ബാറ്റിങ് തകർച്ച. മൂന്നാം ദിനം കളി നിർത്തുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 94 റൺസെന്ന നിലയിലാണ് പാക്കിസ്ഥാൻ. ഇതോടെ ടീമിന് 23 റൺസ് ലീഡായി. 49 റൺസുമായി അർധസെഞ്ചുറിക്ക് ഒരു റൺസ് അരികെ ബാബർ അസമും 16 റൺസുമായി മുഹമ്മദ് റിസ്‌വാനുമാണ് ക്രീസിൽ.
ഇമാം ഉൾ ഹഖ് (9), അബ്ദുള്ള ഷെഫീഖ് (6), ക‍്യാപ്റ്റൻ ഷാൻ മസൂദ് (0), സൗദ് ഷക്കീൽ (11) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം പാക്കിസ്ഥാനു നഷ്ടമായത്. മൂന്നു വിക്കറ്റ് പിഴുത സൈമൺ ഹാർമറാണ് പാക്കിസ്ഥാനെ തകർത്തത്. സൈമൺ ഹാർമറെ കൂടാതെ പേസർ കാഗിസോ റബാഡ ഒരു വിക്കറ്റും വീഴ്ത്തി.
അതേസമയം, മൂന്നാം ദിനം 4 വിക്കറ്റ് നഷ്ടത്തിൽ 185 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഒരു റൺസ് ചേർക്കുന്നതിനു മുൻപേ തന്നെ വിക്കറ്റ് കീപ്പർ കെയ്ൽ വെറെയ്നെയെ (10) നഷ്ടമായി. പിന്നാലെയെത്തിയ സൈമൺ ഹാർമറും (2) മാർക്കോ യാൻസനും (12) ഉടനെ മടങ്ങിയതോടെ പ്രതിരോധത്തിലായ ടീമിനെ കേശവ് മഹാരാജും (30) സെനുരാൻ മുത്തുസ്വാമിയും ചേർന്നാണ് റൺസ് ഉയർത്തിയത്.
ഇരുവരുടെയും കൂട്ടുകെട്ടിന്‍റെ മികവിൽ ടീം 300 കടന്നുവെങ്കിലും മഹാരാജിനെ പുറത്താക്കി നൊമാൻ അലി കൂട്ടുകെട്ട് തകർത്തു. എന്നാൽ മുത്തുസ്വാമിക്കൊപ്പം കാഗിസോ റബാഡയും ചേർന്നതോടെ ടീം സ്കോർ 400 കടന്നു. ഇതോടെ ടീമിന് മികച്ച ലീഡും ലഭിച്ചു. മുത്തുസ്വാമി 89 റൺസുമായി പുറത്താവാതെ നിന്നപ്പോൾ റബാഡ 61 പന്തിൽ നിന്നും 4 ബൗണ്ടറിയും 4 സിക്സും ഉൾപ്പടെ 71 റൺസടിച്ചു. പാക്കിസ്ഥാനു വേണ്ടി ആസിഫ് അഫ്രീദി ആറും നൊമാൻ അലി രണ്ടും സജീദ് ഖാൻ, ഷഹീൻ ഷാ അഫ്രീദി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.