പർവേസ് റസൂൽ
ശ്രീനഗർ: മുൻ ഇന്ത‍്യൻ താരം പർവേസ് റസൂൽ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ‍്യാപിച്ചു. ജമ്മു കശ്മീരിൽ നിന്നും ഇന്ത‍്യക്കു വേണ്ടി കളിച്ച ആദ‍്യ താരം കൂടിയാണ് 36 കാരനായ പർവേസ് റസൂൽ. 2014ൽ ഏകദിനത്തിൽ ഇന്ത‍്യക്കായി അരങ്ങേറ്റവും 2017ൽ ഇംഗ്ലണ്ടിനെതിരേ ടി20 മത്സരവും മാത്രമാണ് പർവേസ് ഇന്ത‍്യക്ക് വേണ്ടി കളിച്ചത്.
പിന്നീട് അദ്ദേഹത്തിന് മതിയായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. ആഭ‍്യന്തര ക്രിക്കറ്റിലും വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ വന്നതോടെയാണ് സജീവ ക്രിക്കറ്റിനോട് വിട പറഞ്ഞത്. ജമ്മു കശ്മീരിൽ നിന്നും ഐപിഎൽ കളിക്കുന്ന ആദ‍്യ താരവും റസൂൽ തന്നെയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 352 വിക്കറ്റുകളും 5,648 റൺസും താരം നേടിയിട്ടുണ്ട്. 2013-2014, 2017-2018 രഞ്ജി ട്രോഫി സീസണിൽ മികച്ച ഓൾറൗണ്ടർക്കുള്ള ലാലാ അമർനാഥ് ട്രോഫിയും പർവേസ് നേടിയിരുന്നു.