മുഹമ്മദ് റിസ്‌വാൻ, ഇമാം ഉൾ ഹഖ്
ഇസ്‌ലാമാബാദ്: ഓപ്പണിങ് ബാറ്റർ ഇമാം ഉൾ ഹഖിന് രണ്ടു വർഷത്തേക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). പരുക്കിനെ ചൊല്ലിയുള്ള വിവാദങ്ങളെ തുടർന്നാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് പിസിബി കടക്കുന്നതെന്നാണ് വിവരം. മുൻപും പരുക്ക് വ‍്യാജമായി കാണിച്ചെന്നുള്ള ആരോപണം നേരിട്ടിട്ടുള്ള താരമാണ് ഇമാം.
അതിനാൽ ഈ ആരോപണം തെളിയിക്കപ്പെട്ടാലാണ് തുടർനടപടിയുണ്ടാകുക. സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അന്വേഷിക്കാൻ പിസിബി ഉന്നതതല സമിതിയെ രൂപീകരിക്കും. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെയാണ് ഇമാമിന് പരുക്കേറ്റത്. ഇതോടെ രണ്ടു ഇന്നിങ്സുകളിലും താരത്തിന് ബാറ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ നാലാം ദിവസം മത്സരം ആരംഭിക്കുന്നതിനു മുൻപ് ഇമാം പന്ത് തട്ടുന്നതിന്‍റെ ദൃശ‍്യങ്ങൾ ടിവിയിലൂടെ പുറത്തുവന്നിരുന്നു.
അതേസമയം, സീനിയർ താരമായ മുഹമ്മദ് റിസ്‌വാന്‍റെ അച്ചടക്കം സംബന്ധിച്ച് പിസിബിക്ക് ആശങ്കയുണ്ട്. ഭാവിയിൽ അദ്ദേഹത്തിനെതിരേ കർശനമായ നടപടികൾ സ്വീകരിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഇമാമിനെ പോലെ റിസ്‌വാനും വരും ദിവസങ്ങളിൽ ചോദ‍്യം ചെയ്യപ്പെടും.
ഭാവിയിൽ റിസ്‌വാനെ പാക്കിസ്ഥാൻ ദേശീയ ടീമിൽ ഉൾപ്പെടുത്താനും സാധ‍്യതയില്ല. കളിച്ച രണ്ടു മത്സരങ്ങളും ദയനീയമായി പരാജയപ്പെട്ടതോടെ 2-0ന് ഇംഗ്ലണ്ടാണ് നിലവിൽ പരമ്പരയിൽ മുന്നിൽ. സെപ്റ്റംബർ 9ന് ബിർമിങ്ഹാമിലാണ് പരമ്പരയിലെ അവസാന മത്സരം.
തുടർച്ചയായ തോൽവികൾക്ക് ശേഷം റിസ്‌വാൻ അടക്കമുള്ള 7 താരങ്ങളെ പിസിബി ടീമിൽ നിന്നും പുറത്താക്കിയിരുന്നു. കൂടാതെ കോച്ചായിരുന്ന മുൻ ക‍്യാപ്റ്റൻ സർഫറാസ് അഹമ്മദിനെയും മാറ്റുകയും മൈക്ക് ഹെസനെ ചുമതലയേൽപ്പിക്കുകയും ചെയ്തിരുന്നു.