ഡൽഹിയിലെ മലിനീകരണം കാരണം സൂപ്പർ താരം പിൻമാറി.
MV Graphics
അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടി ഇന്ത്യ ഓപ്പണിൽ നിന്ന് പിന്മാറിയ ഡാനിഷ് താരം ആൻഡേഴ്സ് ആന്‍റോൺസണ് ബാഡ്മിന്‍റൺ വേൾഡ് ഫെഡറേഷൻ 5,000 ഡോളർ പിഴ ശിക്ഷ വിധിച്ചു. ഡൽഹിയിലെ വായു ശ്വസിക്കാൻ യോഗ്യമല്ലെന്ന താരത്തിന്‍റെ വാദത്തെ ഇന്ത്യൻ താരങ്ങളായ ശ്രീകാന്തും സിന്ധുവും തള്ളി. സ്റ്റേഡിയത്തിലെ സാഹചര്യങ്ങൾ തൃപ്തികരമാണെന്നും ലോക ചാമ്പ്യൻഷിപ്പിനുള്ള മുന്നൊരുക്കങ്ങൾ മികച്ചതാണെന്നും ഇന്ത്യൻ താരങ്ങൾ വ്യക്തമാക്കി.
ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തെച്ചൊല്ലി ഇന്ത്യ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ പോര് മുറുകുന്നു.
മലിനീകരണം അതീവ ഗുരുതരമാണെന്ന് ആരോപിച്ച് ലോക മൂന്നാം നമ്പർ താരം ഡെന്മാർക്കിന്‍റെ ആൻഡേഴ്സ് ആന്‍റോൺസൺ ടൂർണമെന്‍റിൽ നിന്ന് പിന്മാറി. എന്നാൽ, താരത്തിന്‍റെ തീരുമാനത്തിന് പിന്നാലെ ബാഡ്മിന്‍റൺ വേൾഡ് ഫെഡറേഷൻ (BWF) 5,000 യുഎസ് ഡോളർ (ഏകദേശം 4.50 ലക്ഷം രൂപ) ആന്‍റോൺസണ് പിഴ ചുമത്തി.
"ബാഡ്മിന്‍റൺ കളിക്കാൻ പറ്റിയ ഇടമല്ല ഇത്''
തുടർച്ചയായ മൂന്നാം വർഷമാണ് താൻ ഇന്ത്യ ഓപ്പണിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് വ്യക്തമാക്കിയ ആന്‍റോൺസൺ, ഇൻസ്റ്റഗ്രാമിലൂടെയാണ് തന്‍റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഡൽഹിയിലെ വായുനിലവാര സൂചിക (AQI) 348 കടന്നതിന്‍റെ സ്ക്രീൻഷോട്ട് പങ്കുവെച്ച താരം, ഇത് അതീവ അപകടകരമായ അവസ്ഥയാണെന്നും, ബാഡ്മിന്‍റൺ ടൂർണമെന്‍റ് നടത്താൻ അനുയോജ്യമായ സ്ഥലമല്ല ഡൽഹിയെന്നും തുറന്നടിച്ചു.
വരാനിരിക്കുന്ന ലോക ചാംപ്യൻഷിപ്പിന് വേദിയാകേണ്ട ഇന്ദിര ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ സാഹചര്യങ്ങൾ 'അൺഹെൽത്തി' ആണെന്ന് മറ്റൊരു ഡാനിഷ് താരം മിയ ബ്ലിച്ച്ഫെൽറ്റും കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.
ആൻഡേഴ്സ് ആന്‍റോൺസൺ
പ്രതിരോധവുമായി ശ്രീകാന്തും സിന്ധുവും
അതേസമയം, വിദേശ താരങ്ങളുടെ പഴിപറച്ചിലിനെതിരേ ഇന്ത്യൻ താരങ്ങളായ കെ. ശ്രീകാന്തും പി.വി. സിന്ധുവും ശക്തമായി രംഗത്തെത്തി. ടൂർണമെന്‍റ് നടക്കുന്ന സ്റ്റേഡിയത്തിൽ മോശമായി ഒന്നും തന്നെ താൻ കണ്ടിട്ടില്ലെന്ന് മുൻ ലോക ഒന്നാം നമ്പർ താരം ശ്രീകാന്ത് പറഞ്ഞു.
""ഓരോ രാജ്യത്തിനും അതിന്‍റേതായ വെല്ലുവിളികളുണ്ട്. സിംഗപ്പൂരിലും മലേഷ്യയിലും ഇന്തോനേഷ്യയിലുമെല്ലാം വ്യത്യസ്തമായ സാഹചര്യങ്ങളാണ്. സംഘാടനത്തിൽ ചെറിയ പോരായ്മകൾ എവിടെയും സംഭവിക്കാം. ഡെന്മാർക്കിൽ കളി നടന്നപ്പോൾ വെളിച്ചം പോയതിനെത്തുടർന്ന് എനിക്ക് ഒരു മണിക്കൂർ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ആരും ഇത് ബോധപൂർവം ചെയ്യുന്നതല്ല''- ശ്രീകാന്ത് ആഞ്ഞടിച്ചു.
സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ മികച്ചതാണെന്നും ലോക ചാംപ്യൻഷിപ്പിന് മുന്നോടിയായുള്ള നല്ലൊരു പരീക്ഷണമാണിതെന്നുമാണ് തോൽവിക്കു ശേഷം പി.വി. സിന്ധു പ്രതികരിച്ചത്. സ്റ്റേഡിയം വളരെ വലുതാണെന്നും കളിക്കാർക്ക് ബുദ്ധിമുട്ടുകൾ ഇല്ലെന്നും സിന്ധു കൂട്ടിച്ചേർത്തു.
സംഘാടകർ പറയുന്നത്
ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന ലോക ചാംപ്യൻഷിപ്പിന്‍റെ ഒരു "ടെസ്റ്റ് ഇവന്‍റ്' ആയാണ് ഇന്ത്യ ഓപ്പണിനെ സംഘാടകർ കാണുന്നത്. ഡൽഹിയിലെ തണുപ്പ് പരിഗണിച്ച് കളിക്കാർക്ക് ഹീറ്ററുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ബാഡ്മിന്‍റൺ അസോസിയേഷൻ ഓഫ് ഇന്ത്യ (BAI) സെക്രട്ടറി ജനറൽ സഞ്ജയ് മിശ്ര പറഞ്ഞു.
ഒരു കളിക്കാരന്‍റെ മാത്രം അഭിപ്രായം വെച്ച് ടൂർണമെന്‍റിനെ വിലയിരുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി. ലോക രണ്ടാം നമ്പർ താരം കുൻലാവുത് വിറ്റിഡ്‌സൺ ഉൾപ്പെടെയുള്ളവർ സ്റ്റേഡിയത്തിലെ സൗകര്യങ്ങളെ പ്രശംസിച്ചു.
വിദേശ താരങ്ങൾ മലിനീകരണത്തിന്‍റെ പേരിൽ പിന്മാറുന്നതും ഇന്ത്യൻ താരങ്ങൾ അതിനെ പ്രതിരോധിക്കുന്നതും വരാനിരിക്കുന്ന ലോക ചാംപ്യൻഷിപ്പിന് മുന്നോടിയായി വലിയ വാദപ്രതിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.