ന‍്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ സഞ്ജുവിന്‍റെ ബാറ്റിങ്
തിരുവനന്തപുരം: ന‍്യൂസിലൻഡിനെതിരായ അഞ്ചാം ടി20 മത്സരം സ്വന്തം തട്ടകത്തിൽ മലയാളി താരം സഞ്ജു സാംസൺ ബാറ്റേന്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ആദ‍്യ നാലു മത്സരങ്ങളിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത പ്രകടനം പുറത്തെടുത്ത സഞ്ജു അഞ്ചാം മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
ഇതിനോടകം തന്നെ സഞ്ജുവിനെ വിമർശിച്ച് മുതിർന്ന താരങ്ങൾ അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. എന്നാലിപ്പോൾ സഞ്ജു ഇടവേള എടുക്കണമെന്നാണ് മുൻ ഇന്ത‍്യൻ താരം ആർ. അശ്വിൻ നിർദേശിച്ചിരിക്കുന്നത്. സഞ്ജുവിന്‍റെ മനസിൽ എന്തൊക്കെയോ ചിന്തകൾ കടന്നു പോകുന്നുണ്ടെന്നും പുറത്തിരുന്ന് കളി നിരീക്ഷിച്ചാൽ മികച്ച താരമായി തിരിച്ചുവരാൻ സഹായിക്കുമെന്നുമാണ് അശ്വിൻ പറയുന്നത്.
എന്നാൽ സഞ്ജുവിനെ പിന്തുണച്ചുകൊണ്ടായിരുന്നു ഇന്ത‍്യൻ ടീമിന്‍റെ ബാറ്റിങ് പരിശീലകൻ സിതാൻഷു കൊടക് പ്രതികരിച്ചത്. സഞ്ജുവിന് എന്തുചെയ്യാൻ സാധിക്കുമെന്ന് നമുക്ക് എല്ലാവർക്കും അറിയാമെന്നും സഞ്ജു വളരെ മികച്ച താരമാണെന്നും പരിശീലനവും കഠിനാധ്വാനവും ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ‍്യമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 31ന് കാര‍്യവട്ടം ഗ്രീൻഫീൾഡ് സ്റ്റേഡിയത്തിലാണ് ന‍്യൂസിലൻഡിനെതിരായ അഞ്ചാം ടി20 മത്സരം നടക്കുന്നത്.