കരുൺ നായർ
നാഗ്പുർ: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഫൈനലിൽ കേരളത്തിനെതിരേ വിദർഭ ശക്തമായ നിലയിൽ. ആദ്യ ദിവസം മത്സരം അവസാനിപ്പിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് എന്ന നിലയിലാണ് ആതിഥേയർ.
24 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ശേഷമാണ് വിദർഭ ശക്തമായി തിരിച്ചടിച്ചത്. ഡാനിഷ് മലേവറുടെ സെഞ്ചുറിയും കരുൺ നായരുടെ അർധ സെഞ്ചുറിയും വിദർഭ ഇന്നിങ്സിനു കരുത്ത് പകർന്നു. മലേവർ 138 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്നു. മികച്ച ഫോമിലുള്ള യാഷ് ഠാക്കൂറാണ് (5*) കൂട്ടിന്.
നേരത്തെ, ടോസ് നേടിയ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നിങ്സിലെ രണ്ടാമത്തെ പന്തിൽ തന്നെ കേരളം ആദ്യ വിക്കറ്റും നേടി. ഓപ്പണർ പാർഥ് രെഖാഡെയെ (0) എം.ഡി. നിധീഷ് വിക്കറ്റിനു മുന്നിൽ കുടുക്കി.
പേസ് ബൗളർ ദർശൻ നൽകണ്ഡെയാണ് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങിയത്. ഏഴാം ഓവർ വരെ പിടിച്ചുനിന്ന നൽകണ്ഡെ 21 പന്തിൽ നേടിയത് ഒരു റൺ മാത്രം. നിധീഷിന്‍റെ പന്തിൽ തന്നെ എൻ.പി. ബേസിലിനു ക്യാച്ച് നൽകി പുറത്താകുകയും ചെയ്തു.
പതിമൂന്നാം ഓവറിൽ യുവ പേസ് ബൗളർ ഏദൻ ആപ്പിൾ ടോം കേരളത്തിന് മൂന്നാം വിക്കറ്റും സമ്മാനിച്ചു. അപകടകാരിയായ ഓപ്പണർ ധ്രുവ് ഷോരെ (35 പന്തിൽ 16) വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീന് ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു.
ഇതോടെ, കേരളം ആധിപത്യം സ്ഥാപിച്ചെന്ന തോന്നലുളവായെങ്കിലും, തുടർന്നങ്ങോട്ട് ഡാനിഷ് മലേവറും കരുൺ നായരും ചേർന്ന് പ്രതിരോധത്തിന്‍റെ കോട്ട കെട്ടുകയായിരുന്നു. നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇവർ 215 റൺസാണ് കൂട്ടിച്ചേർത്തത്.
ഒടുവിൽ ബൈ റൺ ഓടാനുള്ള ശ്രമത്തിനിടെ, സെക്കൻഡ് സ്ലിപ്പ് പൊസിഷനിൽനിന്ന് രോഹൻ കുന്നുമ്മലിന്‍റെ ഡയറക്റ്റ് ത്രോയിൽ റണ്ണൗട്ടാകുകയായിരുന്നു കരുൺ നായർ. തുടർന്നെത്തിയ യാഷ് ഠാക്കൂർ കൂടുതൽ നഷ്ടം കൂടാതെ മലേവറിനൊപ്പം ദിവസം പൂർത്തിയാക്കുകയും ചെയ്തു.
സെമി ഫൈനൽ കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് കേരളം കളിക്കാനിറങ്ങിയത്. ടോപ് ഓർഡർ ബാറ്റർ വരുൺ നായനാർക്കു പകരം പേസ് ബൗളർ ഏദൻ ആപ്പിൾ ടോം പ്ലെയിങ് ഇലവനിലെത്തി.
215 റൺസ് നീണ്ട നാലാം വിക്കറ്റ് കൂട്ടുകെട്ടിന് റണ്ണൗട്ടിന്‍റെ രൂപത്തിൽ അവസാനം. 86 റൺസെടുത്ത കരുൺ നായരെ രോഹൻ കുന്നുമ്മൽ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടാക്കുകയായിരുന്നു. 188 പന്ത് നേരിട്ട കരുൺ എട്ട് ഫോറും ഒരു സിക്സും നേടി. ന്യൂബോളെടുത്ത ശേഷം ആദ്യ പന്തിൽ തന്നെ വിക്കറ്റ്.
വിദർഭയുടെ മലയാളി താരം കരുൺ നായർ അർധ സെഞ്ചുറി കടന്നു. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ഡാനിഷ് മലെവാറുമൊത്ത് കരുൺ നായർ 180 റൺസ് കൂട്ടിച്ചേർത്തു കഴിഞ്ഞു. 67 ഓവറിൽ വിദർഭ 203/3
രണ്ട് സെഷൻ പൂർത്തിയാകുമ്പോൾ കർണാടക 170/3
ഡാനിഷ് മലെവാർ 104
കരുൺ നായർ 47
നാലാം വിക്കറ്റ് കൂട്ടുകെട്ട് 146
സെക്കൻഡ് ഡൗൺ ബാറ്റർ ഡാനിഷ് മലെവാർ നേടിയ സെഞ്ചുറിയുടെ മികവിൽ വിദർഭ ശക്തമായി തിരിച്ചടിക്കുന്നു. ഇരുപത്തൊന്നുകാരനായ മലെവാറിന്‍റെ രണ്ടാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണിത്.
ഡാനിഷ് മലെവാറും കരുൺ നായരും ചേർന്ന് വിദർഭയെ ബാറ്റിങ് തകർച്ചയിൽ നിന്ന് കരകയറ്റി. മലെവാർ അർധ സെഞ്ചുറി പിന്നിട്ടു. 42 ഓവർ പിന്നിടുമ്പോൾ വിദർഭ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് എന്ന നിലയിൽ.
ബാറ്റിങ് തകർച്ച ഒഴിവാക്കാൻ വിദർഭയുടെ കരുൺ നായരും (48 പന്തിൽ 24) ഡാനിഷ് മലേവാറും (88 പന്തിൽ 38) പോരാട്ടം തുടരുന്നു. ആദ്യ സെഷനു ശേഷം ലഞ്ചിനു പിരിയുമ്പോൾ കർണാടക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 റൺസ്.
19 ബോളിൽ 11 റൺസ്. കരുൺ നായർ ചുവടുറപ്പിക്കുന്നു. കരുൺ- ഡാനിഷ് കൂട്ടുകെട്ടിൽ പ്രതീക്ഷയർപ്പിച്ച് വിദർഭ
സ്കോർ- 20 ഓവർ 47/3
വിദർഭയെ കാത്ത് ഡാനിഷ് മൽവാർ 37 ബോളിൽ 3 ഫോർ ഉൾപ്പെടെ 17 റൺസ്
സ്കോർ -17 ഓവർ 39/3
വിദർഭയ്ക്കു വേണ്ടി ഡാനിഷ് മലേവറും കരുൺ നായറും ബാറ്റ് ചെയ്യുന്നു
സ്കോർ- 15 ഓവർ 28/3
13 ഓവറിനിടെ മൂന്നു വിക്കറ്റ് വീഴ്ത്തി കേരളം. എം.ഡി നിധീഷ് രണ്ടു വിക്കറ്റുകളും, ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ഓവറിൽ വിദർഭയുടെ ഓപ്പണറായിരുന്ന പാർഥ് രേഖഡെ (0)യുടെയും ഏഴാമത്തെ ഓവറിൽ ദർശൻ നൽകാണ്ഡെയുടെയും (1) വിക്കറ്റാണ് നിധീഷ് തെറിപ്പിച്ചത്. 16 റൺസുമായി പിടിച്ചു നിന്നിരുന്ന ധ്രുവ് ഷോറെ ഏദൻ ആപ്പിളിന്‍റെ ബോളിൽ പുറത്തായി.
സ്കോർ - വിദർഭ: 13.5 ഓവർ, 24/3
നാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിൽ മികച്ച തുടക്കവുമായി കേരളം. രണ്ടാമത്തെ പന്തിൽ കേരളത്തിന്‍റെ എം.ഡി. നിധീഷ് ആദ്യ വിക്കറ്റ് നേടി. വിദർഭയുടെ ഓപ്പണറായിരുന്ന പാർഥ് രേഖഡെയുടെ വിക്കറ്റാണ് ആദ്യം വീണത്. ടോസ് നേടിയ കേരളം വിദർഭയെ ബാറ്റിങ്ങിനയച്ചു. വരുൺ നായനാർക്ക് പകരം ഫാസ്റ്റ് ബൗളർ ഏദൻ ആപ്പിൾ ടോമിനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ടീമാണ് സ്വപ്ന മത്സരത്തിൽ കേരളത്തിനായി പൊരുതുന്നത്. ഇതാദ്യമായാണ് രഞ്ജി ട്രോഫി ഫൈനലിൽ കേരളം മത്സരിക്കുന്നത്.
വിദർഭയുടെ സ്വന്തം തട്ടകത്തിലാണ് ഫൈനൽ പോരാട്ടം. കഴിഞ്ഞ തവണ മുംബൈയുമായുള്ള ഫൈനലിൽ പരാജയപ്പെട്ടതിന്‍റെ നിരാശ തീർക്കാൻ തയാറായാണ് വിദർഭ കേരളത്തിനെതിരേ ഇറങ്ങുന്നത്.
പ്ലേയിങ് ഇലവൻ കേരളം- അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമൽ, സച്ചിൻ ബേബി ( ക്യാപ്റ്റൻ), ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, അഹമ്മദ് ഇമ്രാൻ, ഏദൻ ആപ്പിൾ ടോം, ആദിത്യ സർവതെ, എം.ഡി.നിതീഷ്, എൻ. ബേസിൽ.
വിദർഭ- ധ്രുവ് ഷോറെ, പാർഥ് രേഖഡെ, ഡാനിഷ് മലേവാർ, കരുൺ നായർ, യാഷ് റാത്തോഡ്, അക്ഷയ് വാഡ്കർ (ക്യാപ്റ്റൻ , വിക്കറ്റ് കീപ്പർ), അക്ഷയ് കർനേവാർ, ഹർഷ് ദുബെ, നചികേത് ഭുട്ടെ, ദർശൻ നൽകാണ്ഡെ, യാഷ് താക്കൂർ.
വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ബുധനാഴ്ച രാവിലെ 9.30 ന് മാച്ച് ആരംഭിച്ചു.