പൂനെ: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിനെതിരേ സമനിലക്കായി പോരാടി കേരളം. ജമ്മു കശ്മീർ ഉയർത്തിയ 399 റൺസ് വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ കേരളം നാലാം ദിവസം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് നേടി. 19 റൺസുമായി നായകൻ സച്ചിൻ ബേബിയും 32 റൺസുമായി ഓപ്പണർ അക്ഷയ് ചന്ദ്രനുമാണ് ക്രീസിൽ. അവസാന ദിനമായ ബുധനാഴ്ച 8 വിക്കറ്റ് ശേഷിക്കെ 299 റൺസ് കൂടി നേടിയാൽ കേരളത്തിന് വിജയത്തിലെത്താം.
രോഹൻ കുന്നുമലും അക്ഷയ് ചന്ദ്രനും മത്സരത്തിന്‍റെ തുടക്കത്തിൽ മികച്ച തുടക്കം നൽകിയെങ്കിലും ടീം സ്കോർ 54 എത്തിയപ്പോൾ കൂട്ടുകെട്ട് തകർന്നു. രോഹനെ പേസർ യുധ്‌വീർ സിങ് മടക്കി. പിന്നാലെ വന്ന ഷോൺ റോജർക്ക് (6) മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. തുടർന്ന് നായകൻ സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും ചേർന്ന് കനത്ത പ്രതിരോധമാണ് തീർത്തത്. അവസാന ദിനമായ ബുധനാഴ്ച കേരളത്തിന് നിർണായകമാണ്.
രണ്ടാമിന്നിങ്സിൽ ജമ്മു കശ്മീർ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 399 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ആദ‍്യ ഇന്നിങ്സിൽ ജമ്മു ഒരു റൺസ് ലീഡ് വഴങ്ങിയിരുന്നു. 3 വിക്കറ്റ് നഷ്ട്ത്തിൽ 180 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ജമ്മുവിന് നായകൻ പരസ് ദോഗ്രയുടെ സെഞ്ച്വറിയാണ് കരുത്തേകിയത്.
അർധസെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ കനയ്യ ധവാന്‍റെയും (64) സാഹിൽ ലോത്രയുടെയും (59) മികച്ച പ്രകടനത്തിലാണ് ടീം സ്കോർ 399 എത്തിയത്. 132 റൺസെടുത്ത നായകൻ പർവസ് ദോഗ്രയാണ് ജമ്മുവിന്‍റെ ടോപ് സ്കോറർ. ഇവർക്ക് പുറമെ വിവ്രാന്ത് ശർമ (37), ലോണെ നസീർ മുസാഫീർ (28), യുധ്‌വീർ സിങ് (27), എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
കേരളത്തിന് വേണ്ടി പേസർ എം.ഡി. നിതീഷ് നാലുവിക്കറ്റ് വീഴ്ത്തി. ആദിത‍്യ സർവാതെ, എൻ.പി. ബേസിൽ എന്നിവർ രണ്ടു വിക്കറ്റും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി. ആദ‍്യ ഇന്നിങ്സിൽ സൽമാൻ നിസാറിന്‍റെ സെഞ്ച്വറിയാണ് കേരളത്തിന് തുണയായത്.
ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിൽ നിന്ന ടീമിനെ ബേസിൽ തമ്പിയെ കൂട്ടുപിടിച്ച് സൽമാൻ നിസാർ 281 റൺസിലെത്തിച്ചു. ഇതോടെ ഒരു റൺസിന്‍റെ നിർണായക ലീഡ് കേരളം നേടി. മത്സരം സമനിലയിലായാലും ഒന്നാം ഇന്നിങ്സിന്‍റെ ലീഡ് ബലത്തിൽ കേരളത്തിന് സെമിയിലേക്ക് മുന്നേറാം