കാബൂൾ: അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് മെഡിക്കൽ വിദ‍്യാഭ‍്യാസം നിഷേധിച്ച താലിബാൻ നിലപാടിൽ പ്രതികരിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ. അറിവ് നേടാൻ എല്ലാവർക്കും അവകാശമുണ്ടെന്നും പഠിക്കണമെന്നാവശ‍്യപ്പെട്ടുകൊണ്ട് സഹോദരിമാർ സമൂഹമാധ‍്യമങ്ങളിൽ പങ്ക് വച്ച ചിത്രങ്ങൾ കാണുമ്പോൾ ദുഃഖം തോന്നുന്നുവെന്നും റാഷിദ് ഖാൻ തന്‍റെ ഔദ‍്യോഗിക ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.
ഒരു രാജ‍്യത്തിന്‍റെ പുരോഗതി ആരംഭിക്കുന്നത് വിദ‍്യാഭ‍്യാസത്തിലൂടെയാണ്, നമ്മുടെ സഹോദരിമാർക്കും വിദ‍്യാഭ‍്യാസത്തിനും രാജ‍്യത്തെ സേവിക്കാനും അവകാശമുണ്ട്. ആരോഗ‍്യരംഗത്തടക്കം എല്ലാ മേഖലയിലും അവരുണ്ടാകണം റാഷിദ് ഖാൻ പറഞ്ഞു. സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെ വിദ‍്യാഭ‍്യാസം ലഭിക്കേണ്ടതിന്‍റെ ആവശ‍്യകതയാണ് ഇസ്ലാം മുന്നോട്ട് വയ്കക്കുന്നതെന്നും, വിദ‍്യാഭ‍്യാസത്തിന് പ്രധാന സ്ഥാനം ഇസ്ലാമിലുണ്ടെന്നും റാഷിദ് ഖാൻ കൂട്ടിച്ചേർത്തു.
രാജ‍്യത്ത് പെൺകുട്ടികൾ മെഡിക്കൽ വിദ‍്യഭ‍്യാസം നേടുന്നതിന് താലിബാൻ വിലക്കേർപ്പെടുത്തിയിരുന്നു. വളരെയധികം ദുഃഖത്തോടും നിരാശയോടും കൂടിയാണ് ഇതിനെ കാണുന്നതെന്നും, സഹോദരിമാരുടെ ഭാവിയെ മാത്രമല്ല സമൂഹത്തിന്‍റെ വളർച്ചയെയും ഇത് ബാധിക്കുമെന്നും റാഷിദ് ഖാൻ ഓർമിപ്പിച്ചു.
രാജ‍്യത്ത് എല്ലാ മേഖലകളിലും പ്രൊഫഷണലുകളെ ആവശ‍്യമുണ്ടെന്നും പെൺകുട്ടികൾക്കും സ്ത്രീകൾക്കും ആരോഗ‍്യരംഗത്ത് വിദഗ്ധരുടെ സഹായം ലഭിക്കണമെന്നും റാഷിദ് ഖാൻ പറഞ്ഞു. റാഷിദ് ഖാന് പിന്തുണ നൽകി അഫ്ഗാൻ ക്രിക്കറ്റ് താരം മുഹമ്മദ് നബിയും രംഗത്തെത്തി.
താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണമേറ്റെടുത്തതിന് ശേഷം 14 ലക്ഷത്തിലധികം പെൺകുട്ടികൾക്കാണ് വിദ‍്യാഭ‍്യാസം നഷ്ടപ്പെട്ടത്. ഈയടുത്താണ് മെഡിക്കൽ വിദ‍്യാഭ‍്യാസത്തിനും വിലക്ക് ഏർപ്പെടുത്തിയത്. ഈ സാഹചര‍്യത്തിലാണ് താലിബാനെതിരേ പ്രതികരിച്ച് റാഷിദ് ഖാൻ രംഗത്തെത്തിയത്.